പ്രഭാതഭക്ഷണമായി പപ്പായ കഴിച്ചാല്‍ ഗുണങ്ങള്‍ പലത്; അമിതഭാരം കുറയുന്നത് മുതല്‍ കാന്‍സര്‍ വരെ തടയും

ദിവസവും പപ്പായ കഴിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ പലതാണ്

ഒരു ദിവസം തുടങ്ങുമ്പോള്‍ ലഘുവായതും ദഹിക്കാന്‍ എളുപ്പമുള്ളതുമായ എന്തെങ്കിലും കഴിക്കണമെന്നാണ് പറയപ്പെടുന്നത്. ഇത് ദിവസത്തെ ഊര്‍ജ്ജസ്വലമാക്കാന്‍ സഹായിക്കുന്നു. അത്തരത്തില്‍ കഴിക്കാന്‍ ഏറ്റവും ഗുണപ്രദമായ ഒന്നാണ് പപ്പായ. പപ്പായയില്‍ ദഹനത്തെ സഹായിക്കുകയും വയറു വീര്‍ക്കുന്നത് തടയുകയും ചെയ്യുന്ന എന്‍സൈമായ പപ്പെയ്ന്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ പപ്പായ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും കാഴ്ച മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിന് തിളക്കമുണ്ടാകാന്‍ സഹായിക്കുകയും ചെയ്യുന്നു. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ നടത്തിയ പഠനമനുസരിച്ച് പപ്പായയില്‍ പള്‍പ്പില്‍ വിറ്റാമിനുകളായ എ, സി, ഇ; പാന്റോതെനിക് ആസിഡ്, ഫോളേറ്റ് തുടങ്ങിയ ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍; മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍, നാരുകള്‍ ഇവയൊക്കെ അടങ്ങിയിരിക്കുന്നു. പ്രഭാത ഭക്ഷണമായി പപ്പായ കഴിക്കുന്നതുകൊണ്ടുളള ഗുണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

ശരീരഭാരം കുറയാന്‍ സഹായിക്കുന്നു

വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള മാര്‍ഗ്ഗം അന്വേഷിക്കുന്നവരാണെങ്കില്‍, എല്ലാ ദിവസവും രാവിലെ ഒരു പാത്രം പപ്പായ കഴിച്ചു തുടങ്ങിക്കോളൂ. രാവിലെ ആദ്യം കഴിക്കുന്ന പപ്പായ ദിവസം മുഴുവന്‍ വിശപ്പ് ഒഴിവാക്കാന്‍ സഹായിക്കും. പപ്പായയില്‍ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്. ഇത് വിശപ്പ് നിയന്ത്രിക്കാനും കൂടുതല്‍ നേരം വയറു നിറഞ്ഞിരിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

ഹൃദയത്തിന് നല്ലത്

പപ്പായയില്‍ പൊട്ടാസ്യം, നാരുകള്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നു. ഈ പോഷകങ്ങള്‍ കൊളസ്‌ട്രോളിന്റെ അളവ് സാധാരണ നിലയിലാക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പപ്പായയില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. നാരുകള്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നതിലൂടെ രക്താതിമര്‍ദ്ദം തടയാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍ 'പപ്പൈന്‍ എന്‍സൈം' വേദന സംഹാരിയായി പ്രവര്‍ത്തിക്കുകയും നീര്‍വീക്കം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കരളിന് ഗുണപ്രദം

കോളിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ സംയുക്തങ്ങള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നീര്‍വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ആര്‍ത്രൈറ്റിസ്, ഫാറ്റി ലിവര്‍ പോലുള്ള ജീവിതശൈലി സംബന്ധമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മികച്ചതാണ്. ദഹനത്തെയും കുടലിന്റെ ആരോഗ്യത്തെയും സഹായിക്കുന്നതിലൂടെ പപ്പായ കരളിനെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇത് കരളിലെ വിഷവസ്തുക്കളുടെ അളവ് കുറയ്ക്കുന്നു.

ഫാറ്റി ലിവര്‍ പോലുള്ള അവസ്ഥകളില്‍ പ്രധാനമായ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും വീക്കത്തില്‍ നിന്നും കരള്‍ കോശങ്ങളെ സംരക്ഷിക്കുന്ന വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫ്‌ലേവനോയ്ഡുകള്‍ എന്നിവ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. വിഷവസ്തുക്കളെ നിര്‍വീര്യമാക്കാന്‍ കരള്‍ നിര്‍മ്മിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റായ ഗ്ലൂട്ടത്തയോണിന്റെ സ്വാഭാവിക ഉല്‍പാദനത്തെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. കൊഴുപ്പ് കുറവും നാരുകള്‍ കൂടുതലുമുള്ള പപ്പായ ഭാരം നിയന്ത്രിക്കാനും, മെറ്റബോളിസം മെച്ചപ്പെടുത്താനും, കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മം

പപ്പായയിലെ സ്വാഭാവിക എന്‍സൈമുകളും ആന്റിഓക്സിഡന്റുകളും ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, സുഷിരങ്ങള്‍ വൃത്തിയാക്കാനും, ചുളിവുകള്‍ വരുന്നത് തടയാനും സഹായിക്കുന്നു. പൊള്ളലേറ്റ ചര്‍മ്മത്തിലെ മുറിവുകള്‍ ഉണക്കുന്നതിനും അണുബാധകള്‍ തടയുന്നതിനും ഇത് സഹായിക്കുന്നു. രാവിലെ പപ്പായ കഴിക്കുമ്പോള്‍, അത് കുടലിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും, ദഹനം വര്‍ദ്ധിപ്പിക്കാനും, ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്താനും സഹായിക്കും.

മലബന്ധത്തിന് പരിഹാരം

പപ്പായയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് മലവിസര്‍ജ്ജനം സുഗമമാക്കും. ഇത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. ദഹന എന്‍സൈമുകള്‍ ഭക്ഷണം ദഹിപ്പിക്കാനും ആമാശയത്തിലെ വിഷാംശം നീക്കം ചെയ്യാനും മലബന്ധത്തില്‍ നിന്ന് ആശ്വാസം നല്‍കാനും സഹായിക്കും.

കാന്‍സര്‍ തടയുന്നു

നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ നടത്തിയ പഠനമനുസരിച്ച് മനുഷ്യനിലെ വന്‍കുടല്‍ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടങ്ങിയ വിവിധ തരം അര്‍ബുദങ്ങളെ സുഖപ്പെടുത്താന്‍ കഴിയുന്ന കാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ പപ്പായയിലുണ്ട്. ലൈക്കോപീന്‍ പോലുള്ള പപ്പായയിലെ ആന്റിഓക്സിഡന്റുകള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുകയും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും കാന്‍സറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. പപ്പായയിലെ കരോട്ടിന്‍ ഗര്‍ഭാശയത്തെ ഉത്തേജിപ്പിക്കുകയും ആര്‍ത്തവ വേദന നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

പപ്പായ വെളുത്ത രക്താണുക്കളുടെ ഉത്പാദനം ഉത്തേജിപ്പിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ജലദോഷത്തിന്റെയും അണുബാധയുടെയും ദൈര്‍ഘ്യം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇതില്‍ ബീറ്റാ കരോട്ടിന്‍, ഫ്‌ളേവനോയ്ഡുകള്‍, വിറ്റാമിന്‍ എ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് സംരക്ഷിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

Content Highlights :Eating papaya for breakfast has many benefits, from weight loss to cancer prevention

To advertise here,contact us