നല്ലൊരു പ്രഭാതശീലമുണ്ടെങ്കില് ഓരോ ദിവസവും ആരോഗ്യകരമായി തുടങ്ങാം. ശാരീരിക ആരോഗ്യം മാത്രമല്ല മാനസികാരോഗ്യത്തിനും അത് മികച്ചതാണ്. അഥവാ ശരീരത്തിന്റെ ഭാരം കുറയ്ക്കലാണ് നിങ്ങളുടെ ലക്ഷ്യമെങ്കില് ഉണര്ന്നെണീറ്റുടനെ 9 മണിക്കുള്ളില് ഇക്കാര്യങ്ങള് ചെയ്യുന്നത് അത്ഭുതകരമായ മാറ്റങ്ങളാണ് നിങ്ങളിലുണ്ടാക്കുക.
ഉറക്കത്തില് പിശുക്കുവേണ്ട
ഈറ്റിങ് വെല് പറയുന്നത് പ്രകാരം നേരത്തേ എണീക്കുന്നതിനായി ഉറക്കം ത്യജിക്കുന്നത് അത്ര ഗുണകരമല്ല. 7മുതല് 9 മണിക്കൂര് വരെ വിശ്രമം അഥവാ ഉറക്കം ശരീരത്തിന് അത്യാവശ്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില് അത് നിങ്ങളുടെ ക്രേവിങ്സ് വര്ധിപ്പിക്കും. മധുരമുള്ള ഭക്ഷണത്തോടുള്ള ആസക്തി, പൊരിച്ച ഭക്ഷണ പദാര്ഥങ്ങള്, എന്നിവ അമിതമായി കഴിക്കാന് തോന്നും. ഇത് ആവശ്യത്തില് കൂടുതല് ആഹാരം വാരിവലിച്ച് കഴിക്കുന്നതിലേക്ക് നിങ്ങളെ നയിക്കും. പതിവായ ഒരു ഉറക്ക ഷെഡ്യൂള് നിലനിര്ത്തുന്നത് മെറ്റബോളിസവും ഊര്ജനിലയും നിയന്ത്രിക്കാന് സഹായിക്കും.
ആദ്യം തന്നെ അല്പം വെള്ളം കുടിക്കൂ
ഉണര്ന്നെണീറ്റാല് അരമണിക്കൂറിനുള്ളില് ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുന്നതിനായി വെള്ളം കുടിക്കണം. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും നിങ്ങളുടെ മെറ്റബോളിസത്തെ ഉയര്ത്താന് സഹായിക്കുകയും ചെയ്യും. യഥാര്ഥ വിശപ്പും നിര്ജലീകരണവും തിരിച്ചറിയാന് ഈ ശീലം സഹായിക്കും. പ്രാതല് കഴിക്കുന്നതിന് മുന്പായി ശരീരത്തില് ആവശ്യത്തിന് ജലം എത്തുന്നത് മൊത്തത്തിലുള്ള കലോറി ഇന്ടേക്ക് കുറയ്ക്കും. സ്വഭാവികമായും വയര്നിറഞ്ഞതായി തോന്നിപ്പിക്കുന്നതുപകൊണ്ട് നിങ്ങള് കഴിക്കുന്ന ഭക്ഷണം താരതമ്യേന കുറയും. സ്വാഭാവികമായും ഭാരം കുറയുന്നതിന് ഇത് സഹായിക്കുകയും ചെയ്യും.
പ്രോട്ടീന് സമ്പുഷ്ടമായ പ്രഭാതഭക്ഷണം
പ്രാതല് ഒഴിവാക്കുന്നത് അത്ര നല്ല ശീലമല്ല. അതുപോലെ പ്രാതലില് കാര്ബോഹൈഡ്രേറ്റ്സ് മാത്രം ഉള്പ്പെടുത്തുന്നതും. സമീകൃതമായ ഒരു പ്രഭാതഭക്ഷണമാണ് ഭാരം കുറയ്ക്കുന്നതിന് അത്യാവശ്യമായിട്ടുള്ളത്. പ്രോട്ടീന് നിറഞ്ഞ പ്രഭാതഭക്ഷണം വിശപ്പ് കുറയ്ക്കും. പെട്ടെന്ന് വീണ്ടും വിശക്കില്ല. സ്വാഭാവികമായും ഇടയ്ക്കുള്ള സ്നാക്സ് തീറ്റ വേണ്ടി വരില്ല. പ്രാതലില് മുട്ട, ഗ്രീക്ക് യോഗര്ട്ട്, നട്സ്, പ്രോട്ടീന് സ്മൂത്തീസ് എന്നിവ ഉള്പ്പെടുത്തണം.
വ്യായാമം
നടക്കം, സ്ട്രെച്ചിങ്, യോഗ തുടങ്ങിയ ലളിതമായ വ്യായാമ മുറകള് സ്വീകരിക്കാം. ഇത് കൊഴുപ്പ് എരിച്ച് കളയുന്നതിന് നിങ്ങളെ സഹായിക്കും. അതിരാവിലെ വ്യായാമം ചെയ്യുന്നവരുടെ അന്നത്തെ ദിവസം ഉന്മേഷം നിറഞ്ഞതായിരിക്കുമെന്നും രാത്രിയില് വേഗത്തില് ഉറക്കം ലഭിക്കുകയും ചെയ്യും.
ആവശ്യത്തിന് വിശ്രമം, വ്യായാമം, ശരീരത്തില് ജലാംശം നിലനിര്ത്തുക, സമീക്ൃതമായ പ്രാതല് തുടങ്ങിയവ നിങ്ങളുടെ ഭാരം കൂടാതെ ആരോഗ്യത്തോടെയിരിക്കാന് സഹായിക്കുന്ന ഘടകങ്ങളാണ്.
Content Highlights: Expert recommends a strong morning routine to aid in weight loss