സന്ധികളില്‍ വേദനയും മുറുക്കവും ഉണ്ടോ? ആര്‍ത്രൈറ്റിസിനെക്കുറിച്ച് അറിയാതെ പോകരുത്

ആര്‍ത്രൈറ്റിസിന്റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

സന്ധികളെയും അതിന് ചുറ്റുമുളള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്ക് പൊതുവായി പറയുന്ന പേരാണ് സന്ധിവാതം. നൂറില്‍ ഏറെ തരത്തിലുള്ള ആര്‍ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. സന്ധിവാതം പല കാരണങ്ങളാല്‍ ഉണ്ടാകാം. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം, ഇന്‍ഫ്‌ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ആന്‍കൈലോസിങ് സ്‌പോണ്ടിലൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിക്‌സ്), അണുബാധ(സെപ്റ്റിക് ആര്‍ത്രൈറ്റിസ്), മെറ്റബോളിക്(ഗൗട്ട്) എന്നിവയാണ്.ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് കാല്‍മുട്ടുകള്‍, കണങ്കാലുകള്‍, പുറം, കൈത്തണ്ട, അല്ലെങ്കില്‍ കഴുത്ത് എന്നിവിടങ്ങളിലെ സന്ധികളില്‍ വേദന അനുഭവപ്പെടാറുണ്ട്. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതാണ് ആര്‍ത്രൈറ്റിസിന്റെ പ്രധാന കാരണം.

ലക്ഷണങ്ങള്‍ ഇവയാണ്

വേദനയും മുറുക്കവും

സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ സന്ധിവാതവും സന്ധികള്‍ക്ക് ചുറ്റും അനുഭവപ്പെടുന്ന മുറുക്കവുമാണ്. ഇത് പെട്ടന്നുള്ള വേദനയും ബുദ്ധിമുട്ടുമായോ അല്ലെങ്കില്‍ വളരെ നാളുകളായി വിട്ടുമാറാത്ത ഒന്നായോ കാണപ്പെടാം. പ്രാരംഭ ഘട്ടത്തില്‍ കൈകളിലാണ് വേദന അനുഭവപ്പെടുന്നത്. ഇതിന് ശേഷം കൈകളിലും കാലുകളിലും വേദനയും മുറുക്കവും അനുഭവപ്പെടാം. രാവിലെയും വൈകുന്നേരവുമാണ് ഇതിന്റെ ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാകുന്നത്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

നീര്‍വീക്കം

ആര്‍ത്രൈറ്റിസ് ഉണ്ടാകുമ്പോള്‍ സന്ധികളില്‍ നീര്‍വീക്കം ഉണ്ടാകുന്നു. സന്ധികള്‍ വീര്‍ക്കുകയും ദ്രാവകം അടിഞ്ഞുകൂടാനും തുടങ്ങും.

നീര്‍വീക്കവും മൃദുത്വവും

ആര്‍ത്രൈറ്റിസിന്റെ അവസ്ഥ വഷളാകുമ്പോള്‍ സന്ധികളില്‍ വീക്കവും മൃദുത്വവും ഉണ്ടായേക്കാം. സന്ധികളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ വേദനയും അനുഭവപ്പെടുന്നു. ഇതും രോഗലക്ഷണമാകാം.

അരക്കെട്ടിലെ വേദന

വേദന അരക്കെട്ടിലേക്ക് വ്യാപിക്കുമ്പോള്‍ രോഗാവസ്ഥ കുറേക്കൂടി വര്‍ധിച്ചിട്ടുണ്ട് എന്ന് പലര്‍ക്കും മനസിലാവുകയില്ല. ഇതുമൂലം ഇടുപ്പ്, തുട, അരക്കെട്ട് ഇവിടങ്ങളില്‍ വേദന അനുഭവപ്പെടാം

ചലനം കുറയുന്നു

സന്ധിവാതം വഷളാകുമ്പോള്‍ രോഗം ബാധിച്ച സന്ധികളുടെ ചലനം കൂടുതല്‍ ബുദ്ധിമുട്ടാകുന്നു. നേരത്തെ എളുപ്പത്തില്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇപ്പോള്‍ കൂടുതല്‍ പരിശ്രമം ആവശ്യമായി വരുന്നു. കുറച്ച് സമയം മുട്ടുകുത്തി ഇരുന്നാലോ നിന്നാലോ വീണ്ടും എഴുന്നേല്‍ക്കാന്‍ പ്രയാസം തോന്നുക, ടോയ്‌ലറ്റിലിരിക്കാന്‍ മുട്ടുമടക്കുമ്പോള്‍ വലിച്ചിലും വേദനയും ഉണ്ടാവുക.

ക്ഷീണം

റൂമറ്റോയിഡ് ആര്‍ത്രൈറ്റിസ് പോലെയുള്ള ചിലതരം സന്ധിവാതങ്ങള്‍ നിങ്ങള്‍ക്ക് വളരെയധികം ക്ഷീണം തോന്നിപ്പിക്കുകയും ശരീരത്തിന്റെ ഊര്‍ജ്ജം കുറയ്ക്കുകയും ചെയ്യും.

എന്താണ് ആര്‍ത്രൈറ്റിസിന് കാരണം

ഒന്നിലധികം ഘടകങ്ങളാണ് ആര്‍ത്രൈറ്റിസിന് കാരണമായി മാറുക.ചിലരില്‍ ജനിതകമായിരിക്കാം. ഇങ്ങനെയുള്ളവരില്‍ പുറമേനിന്നുള്ള ചില ഘടകങ്ങള്‍ ( ശാരീരിക പരിക്കുകള്‍, അണുബാധ, പുകവലി, ശാരീരിക ആയാസം കൂട്ടുന്ന തൊഴിലുകള്‍) ഇവയും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ആര്‍ത്രൈറ്റിസിന് കാരണമാകാം.

ആര്‍ത്രൈറ്റിസ് രോഗമുളളവര്‍ എന്തൊക്കെ ശ്രദ്ധിക്കണം

  • കിടക്കുമ്പോള്‍ മുട്ടുകള്‍ നിവര്‍ത്തിവച്ച് നീണ്ടുനിവര്‍ന്ന് കിടക്കണം. ചരിഞ്ഞും വളഞ്ഞുമൊക്കെ കിടന്നാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പേശികള്‍ക്ക് മുറുക്കവും വേദനയും അനുഭവപ്പെടാം.
  • മുട്ടിന് വേദനയും പ്രശ്‌നവും ഉള്ളവര്‍ പടികള്‍ കയറുന്നത് കാലിലെ സന്ധികളില്‍ അമിത ആയാസം നല്‍കും. ഇങ്ങനെയുള്ളവര്‍ കുത്തിയിരിക്കുന്നതും ചമ്രംപടിഞ്ഞിരിക്കുന്നതും ഒഴിവാക്കണം
  • ഇന്ത്യന്‍ ടോയ്‌ലറ്റിന് പകരം യൂറോപ്യന്‍ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാം.
  • കഴുത്തിന് വേദനയുള്ളവര്‍ ഭാരമുള്ള ബാഗും മറ്റും തൂക്കി നടക്കരുത്
  • വേദനയുണ്ടാക്കുന്ന പ്രവൃത്തികള്‍ കഴിവതും ഒഴിവാക്കുക.

Content Highlights :Do you have pain and stiffness in your joints? Don't be ignorant about arthritis

To advertise here,contact us