പുകയിലയുടെയും കഞ്ചാവിന്റെയും ഉപയോഗം; 5 വർഷം കൊണ്ട് ഹൃദയാഘാത മരണം 50 ശതമാനം വർദ്ധിക്കുമെന്ന് പഠനം

SCAI 2025ൽ അവതരിപ്പിച്ച പഠനങ്ങളിലാണ് 2030 ആവുമ്പോഴേക്കും ഹൃദയാഘാത മരണങ്ങളിൽ 50 ശതമാനം വർധനവ് ഉണ്ടാകുമെന്ന് കണ്ടെത്തിയത്

പുകയിലയുടെയും കഞ്ചാവിന്റെയും ഉപയോഗം വർദ്ധിച്ചതോടെ അടുത്ത 5 വർഷം കൊണ്ട് ഹൃദയാഘാത മരണങ്ങളിൽ 50 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന് പഠനം. വാഷിംഗ്ടൺ ഡിസിയിൽ നടന്ന സൊസൈറ്റി ഫോർ കാർഡിയോവാസ്‌കുലാർ ആൻജിയോഗ്രാഫി ആൻഡ് ഇന്റർവെൻഷൻസ് (SCAI ) 2025ൽ അവതരിപ്പിച്ച പഠനങ്ങളിലാണ് 2030 ആവുമ്പോഴേക്കും ഹൃദയാഘാത മരണങ്ങളിൽ 50 ശതമാനം വർധനവ് ഉണ്ടാകുമെന്ന് കണ്ടെത്തിയത്.

പുകയിലയിലെ ഇസ്‌കെമിക് ഹൃദ്‌രോഗ സാധ്യത വർദ്ധിപ്പിക്കുമ്പോൾ, കഞ്ചാവിന്റെ ഉപയോഗം ഹൃദയാഘാതം, അരിഹ്‌മിയ, കാർഡിയോജനിക് ഷോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. ഹൃദ്‌രോഗികളെ ഇത് എളുപ്പത്തിൽ ബാധിക്കുമെന്നും പഠനത്തിൽ പറയുന്നുണ്ട്.

വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് ഒരു പഠനം നടത്തിയത്. കൊറോണറി ഹൃദ്‌രോഗത്തിനെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറോണറി ധമനികളുടെ സങ്കോചമോ തടസ്സമോ മൂലം ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതാണ് കൊറോണറി ഹൃദ്‌രോഗം ഉണ്ടാക്കുന്നത്.

1999 മുതൽ 2020 വരെയുള്ള കാലയളവിൽ, 25 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിന്റെ ഡാറ്റ വിലയിരുത്തിയാണ് 2030 ആകുമ്പോഴേക്കും പുകയിലയുമായി ബന്ധപ്പെട്ട ഹൃദ്രോഗ മരണങ്ങളിൽ 43.7% വർദ്ധനവ് ഉണ്ടാവുമെന്ന് ഗവേഷകർ കണ്ടെത്തിയത്. സ്ത്രീകളിൽ ഹൃദയാഘാത മരണനിരക്കിൽ കുറവ് ഉണ്ടായതായും എന്നാൽ പുരുഷന്മാർക്കിടയിൽ മരണനിരക്ക് കുത്തനെ കൂടിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.

അതേസമയം, യുഎസിലെ സിനായ് ആശുപത്രിയിലെ ഗവേഷകർ നടത്തിയ രണ്ടാമത്തെ പഠനത്തിൽ അമിതമായി കഞ്ചാവ് ഉപയോഗിക്കുമ്പോൾ ഗുരുതരമായ ഹൃദയ രോഗം ഉണ്ടാകാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിച്ചത്. കഞ്ചാവ് അമിതമായി ഉപയോഗിക്കുന്നവർക്ക് ഹൃദയാഘാതം, കാർഡിയോജനിക് ഷോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത 27% കൂടുതലാണ്. ആർറിഥ്മിയ ഉണ്ടാകാനുള്ള സാധ്യത 48% കൂടുതലാണ്.

'മരണനിരക്ക് കുറവാണെങ്കിൽ പോലും, കഞ്ചാവ് ഉപയോഗിക്കുന്നവരിൽ ഹൃദയാഘാതവും

ആർറിഥ്മിയയും ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നത് ആശങ്കാജനകമാണ്,' എന്ന് സിനായ് ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം തലവനായ ഡോ. സയ്യിദ് ഇഷാഖ് പറഞ്ഞു.

'ബോധവൽക്കരണ ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, പുകയിലയുടെയും കഞ്ചാവിന്റെയും ഉപയോഗം വ്യാപകമാണ്. ഹൃദയാരോഗ്യത്തിൽ അവയുടെ സ്വാധീനത്തെക്കുറിച്ച് തുടർച്ചയായ ജാഗ്രത പുലര്‍ത്തണമെന്ന ബോധവത്കരണം അടിയന്തിരമായി നടത്തണമെന്ന് ഈ പഠനങ്ങൾ എടുത്തുകാണിക്കുന്നു,' എന്ന് SCAI പ്രസിഡന്റ് ഡോ. ജെയിംസ് ബി. ഹെർമില്ലർ പറഞ്ഞു.

Content Highlights: Heart disease deaths could increase by 50 percent in 5 years due to tobacco and cannabis new Study

To advertise here,contact us