എസി ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ബാധിക്കും

ശരിയായ രീതിയില്‍ എസി ഉപയോഗിച്ചില്ലെങ്കില്‍ ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കും

ചൂടിനെ അതിജീവിക്കാന്‍ പലരും വീടുകളില്‍ എസി ഉപയോഗിക്കുന്നുണ്ട്.എന്നാല്‍ വൈദ്യുതി ഉപയോഗം കൂടുന്നതിനപ്പുറം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.

താപനില ക്രമീകരിക്കുമ്പോള്‍

റൂമില്‍ കയറി പലരും ആദ്യം ചെയ്യുന്ന കാര്യമാണ് താപനില 16 ലും 18 ലും ഒക്കെയിട്ട് വേഗത്തില്‍ തണുപ്പ് കിട്ടണമെന്ന് വിചാരിക്കുന്നത്. എന്നാല്‍ ഇത് അപകടമാണ്. ആദ്യം നല്ല തണുപ്പ് അനുഭവപ്പെടുമെങ്കിലും ഉറക്കത്തില്‍ ശരീരത്തിന് ഈ തണുപ്പ് താങ്ങാനായെന്ന് വരില്ല. അതുകൊണ്ടുതന്നെ എസിയുടെ താപനില എപ്പോഴും 24-26 ല്‍ ക്രമീകരിക്കുന്നതായിരിക്കും നല്ലത്.

ഉപയോഗിക്കാം സ്ലീപ്പര്‍ മോഡ്

ഇപ്പോള്‍ വിപണിയിലില്‍ എത്തുന്ന എല്ലാ എസികളിലും ടൈമര്‍ മോഡ് അല്ലെങ്കില്‍ സ്ലീപ്പര്‍ മോഡ് ഓപ്ഷനുകളുണ്ട്. പക്ഷേ മിക്കവരും ഈ ഓപ്ഷന്റെ ഉപയോഗം ശ്രദ്ധിക്കാറുപോലും ഇല്ല. പക്ഷേ ഇത് ഉപയോഗിക്കുന്നത് എസിയുടെ താപനില രാത്രിയില്‍ മുഴുവന്‍ റൂമിലെ അന്തരീക്ഷത്തിനനുസരിച്ച് ക്രമീകരിക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല വൈദ്യുതി ലാഭിക്കാനും സഹായകമാകും.

തണുത്ത കാറ്റ് ശരീരത്തില്‍ നേരിട്ട് അടിക്കാതെ നോക്കുക

എസി റൂമില്‍ ഘടിപ്പിക്കുമ്പോള്‍ തണുത്ത കാറ്റ് ശരീരത്തില്‍ നേരിട്ട് അടിക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. തണുത്ത കാറ്റ് ശരീരത്തില്‍ നേരിട്ട് അടിക്കുന്നത് പലവിധ ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും. ഇത് ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകാനും തൊണ്ടവേദന, തലവേദന എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ബെഡ്ഡും എസിയും തമ്മില്‍ നിശ്ചിത അകലം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

എസിയുടെ ഫില്‍റ്റര്‍ വൃത്തിയാക്കിയില്ലെങ്കില്‍ പണികിട്ടും

എസിയുടെ ഫില്‍റ്റര്‍ അലര്‍ജിയുണ്ടാക്കും. എല്ലാദിവസവും എസി ഉപയോഗിക്കുന്നവരാണെങ്കില്‍ 2-3 ആഴ്ച കൂടുമ്പോഴെങ്കിലും ഫില്‍റ്റര്‍ തുറന്ന് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല വെന്റിലേഷന്‍ ഉള്‍പ്പടെ വായു കയറാന്‍ സാധ്യതയുള്ള ഭാഗങ്ങളെല്ലാം നന്നായി അടച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ ശ്രമിക്കുക.

Content Highlights :If AC is not used properly, it can be harmful to health

To advertise here,contact us