മധുര ആസക്തിയെ മധുരപലഹാരങ്ങളോടോ, മധുരമുള്ള ഭക്ഷ്യവസ്തുക്കളോടോ ഉള്ള അമിതമായ താല്പര്യമായി മാത്രമാണ് നാം കാണാറുള്ളത്. എന്നാല് വിദഗ്ധര് ചൂണ്ടിക്കാണിക്കുന്നത് മധുരത്തോടുള്ള ആസക്തി നാം വിചാരിക്കുന്നതിലും ഗൗരവമേറിയതാണെന്നാണ്. മധുര ആസക്തി വ്യാപകമാണെങ്കിലും പലര്ക്കും തങ്ങള്ക്ക് മധുരത്തോട് ആസക്തിയുള്ള വിവരം അറിയില്ലെന്ന് സെലിബ്രിറ്റി ഡയറ്റീഷ്യനും വെല്നെസ്സ് കോച്ചുമായ സിമ്രത് കഥുരിയ പറയുന്നു. 'എന്റെ പല ക്ലൈന്റുകള്ക്കും ക്രേവിങ്സ് ഉള്ളതായും മൂഡ് സ്വിങ്സ് ഉള്ളതായും ചിലര് ഒട്ടും എനര്ജി ഇല്ലാത്തവരായും ഇരിക്കുന്നത് കണ്ടിട്ടുണ്ട്. യഥാര്ഥത്തില് ഇത് മധുര ആസക്തിയുടെ ലക്ഷണങ്ങളാണ്.'
മധുര പലഹാരങ്ങളില് മാത്രമല്ല മധുരം അടങ്ങിയിരിക്കുന്നത്. സോസുകള്, പാക്കേജ്ഡ് സ്നാക്സ്, ബ്രഡുകള്, ആരോഗ്യപ്രദം എന്നവകാശപ്പെട്ട് വില്ക്കുന്ന ഭക്ഷണത്തിലെല്ലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്താണ് മധുരത്തോട് പെട്ടെന്ന് ആസക്തിയുള്ളവരായി മാറുന്നത്? തലച്ചോറിലെ റിവാര്ഡ് സെന്ററിനെ സജീവമാക്കുകയാണ് മധുരം ചെയ്യുക. ആസക്തി ഉളവാക്കുന്ന മറ്റുവസ്തുക്കള് ചെയ്യുന്നത് പോലെ തന്നെ. സമ്മര്ദമോ, ക്ഷീണമോ അനുഭവപ്പെടുമ്പോള് സ്വാഭാവികമായും മധുരം വേണമെന്ന് നാം ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. പതിയെ ഇത് നമ്മുടെ ശീലമായി മാറും. മധുരം അമിതമായി ശരീരത്തിലെത്തുന്നത് ഭാരം വര്ധിക്കുന്നതിനും ഹോര്മോണുകളുടെ അസന്തുലിതാവസ്ഥയ്ക്കും പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള് എന്നിവയ്ക്കും കാരണമാകും.
ചില ശീലങ്ങളിലൂടെ നാം പോലുമറിയാതെയാണ് മധുരം നമ്മുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറുന്നത്. ചായ, ആരോഗ്യം പ്രദാനം ചെയ്യുന്ന ലഘുഭക്ഷണങ്ങള്, അര്ധരാത്രിയിലെ ഡെസര്ട്ട് കഴിപ്പ് എന്നിവ നമ്മെ മധുരത്തിന്റെ അടിമകളാക്കുന്നു.
നിങ്ങള്ക്ക് മധുര ആസക്തി ഉണ്ടോ?
നിങ്ങള് കഴിക്കുന്ന മധുരം നിയന്ത്രിക്കാന് നിങ്ങള്ക്ക് സാധിക്കുന്നില്ല
നിങ്ങള് നിത്യവും മധുരം വലിയ അളവില് കഴിക്കുന്നു
ഉഷാറാകുന്നതിന് വേണ്ടി മധുരമുള്ള ഇഷ്ടമില്ലാത്ത ഭക്ഷണം നിങ്ങള് കഴിക്കുന്നു
ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും മധുരം കഴിക്കുന്നത് നിര്ത്താന് ആകുന്നില്ല - ഇതെല്ലാം നിങ്ങള്ക്ക് മധുരത്തോട് ആസക്തിയുണ്ടെന്നതിന്റെ ലക്ഷണങ്ങളാണ്.
എങ്ങനെ മറികടക്കാം
മധുരത്തെ പെട്ടന്ന് ഒഴിവാക്കാനുമാകില്ല. പകരം സ്വീകരിക്കേണ്ടത് മറ്റുചില മാര്ഗങ്ങളാണെന്നും ഡയറ്റീഷ്യന്സ് നിര്ദേശിക്കുന്നുണ്ട്. ജ്യൂസുകള്ക്ക് പകരം പഴങ്ങള് കഴിക്കുക, പ്രോട്ടീന്, ഫൈബര്, എന്നിവ അടങ്ങിയ സന്തുലിത ഭക്ഷണം കഴിക്കുക. നമ്മുടെ പഴമക്കാര് ഉപയോഗിച്ചിരുന്നത് പോലെ റിഫൈന്ഡ് ഷുഗര് ഉപയോഗിക്കുന്നതിന് പകരം ശര്ക്കര, ഈന്തപ്പഴം, തേന്, പഴങ്ങളുടെ സത്ത എന്നിവ ഉപയോഗിക്കുന്നതും നല്ലതാണ്.
തിരക്കുകള്ക്കിടയില് ഭക്ഷണം ഒഴിവാക്കുന്നത് മധുരം കഴിക്കുന്നതിനുള്ള ടെന്ഡന്സി വര്ധിപ്പിക്കും. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുന്നത് വല്ലാതെ വിശക്കുന്നത് ഒഴിവാക്കും. വ്യായാമത്തിനും ചെറുതല്ലാത്ത റോളുണ്ട്. വ്യായാമം സമ്മര്ദം കുറയ്ക്കുന്നതിനുള്ള ഒരു മികച്ച മാര്ഗമാണ്. അത് മധുരത്തോടുള്ള ആസക്തി കുറയ്ക്കുന്നതിനും സഹായിക്കും. യോഗ, ചെറിയ രീതിയിലുള്ള സ്ട്രെച്ചിങ്ങുകള്, തായ് ചി എന്നിവ സഹായകരമാണ്.
ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് ശരീരത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് നമുക്കെല്ലാം അറിയാം. എന്നാല് ഉറക്കശീലത്തിന് മധുരം കഴിപ്പുമായി ബന്ധമുണ്ടെന്ന് പറഞ്ഞാലോ? മതിയായ ഉറക്കം ലഭിച്ചില്ലെങ്കില് ഗ്രെലിന് ഹോര്മോണിന്റെ ഉല്പാദനം വര്ധിക്കുകയും വിശക്കുന്നുവെന്ന മെസേജ് തലച്ചോറിലേക്ക് അയയ്ക്കുകയും ചെയ്യും. ദാഹിക്കുന്നത് പലപ്പോഴും വിശക്കുന്നതായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അതുകൊണ്ട് ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
എന്തൊക്കെ ചെയ്താലും നിയന്ത്രിക്കാന് സാധിക്കുന്നില്ലെങ്കില് ഡോക്ടറുടെ സഹായം തേടാനും മറക്കരുത്.
Content Highlights: Sugar Addiction: The Hidden Epidemic and How to Break Free