കണ്ണാടി നോക്കി സ്വയം ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍; സാഹസികത പ്രശസ്തനാക്കിയ ലിയോനിഡ് ഇവാനോവിച്ച്

ഒരാള്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുകയും മറ്റൊരാള്‍ ലൈറ്റ് പിടിക്കുകയും ചെയ്തു. മൂന്നാമതൊരാള്‍ സ്റ്റാന്‍ഡ്-ബൈ ആയി നിന്നു, കാരണം സര്‍ജറി കണ്ട് സഹായികള്‍ക്ക് ബോധം നഷ്ടപ്പെടാനുള്ള സാധ്യതയും കൂടി കണക്കിലെടുക്കണമല്ലോ

വയറുവേദന മാറാത്തതിനാല്‍ സ്വന്തമായി വയറു തുറന്ന് ശസ്ത്രക്രിയ ചെയ്യാന്‍ ശ്രമിച്ച ഒരാള്‍ ഉത്തരേന്ത്യയില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത ഇന്നലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധാരണ ഗതിയില്‍ നല്ല മാനസികാരോഗ്യമുള്ള ഒരാളങ്ങനെ ചെയ്യാന്‍ സാധ്യതയില്ല. എന്തായാലും സങ്കടകരമായ എന്നാല്‍ കൗതുകമുണര്‍ത്തുന്നഒരു വാര്‍ത്തയാണ് ഇത്. പണ്ടാരിക്കല്‍ ഒരു ഡോക്ടര്‍ ഇങ്ങനെ ഒറ്റയ്ക്ക് സ്വന്തം വയറ്റില്‍ സര്‍ജറി ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ പേര് ലിയോനിഡ് ഇവാനോവിച്ച് റോഗോസോവ് എന്നാണ്. 1960-ല്‍, 26-ാം വയസില്‍ സോവിയറ്റ് യൂണിയന്റെ ആന്റാര്‍ട്ടിക് എക്‌സ്‌പെഡിഷന്റെ ഭാഗമായി നോവോലാസറേവ്‌സ്‌കയ എന്ന സ്റ്റേഷനിലേക്ക് അയയ്ക്കപ്പെട്ടപ്പോള്‍, അവിടുത്തെ ഏക ഡോക്ടറായിരുന്നു അയാള്‍.

1961 ഏപ്രില്‍ 29-നാണ് ഡോക്ടര്‍ക്ക് അസുഖം തുടങ്ങിയത്. വയറുവേദന, ഓക്കാനം, പനി. ആദ്യം സാധാരണ വയറുവേദനയാണെന്ന് കരുതിയെങ്കിലും, പിറ്റേ ദിവസത്തോടെ വലതുവശത്തെ വേദനയും പനിയും ശക്തമായി. അപ്പന്‍ഡിസൈറ്റിസ് എന്ന് സ്വയം രോഗനിര്‍ണയം നടത്തിയ അയാള്‍, ആദ്യം മരുന്നുകള്‍ കൊണ്ട് സ്വയം ചികിത്സിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവസ്ഥ മോശമാകുകയും അപ്പന്‍ഡിക്‌സ് പൊട്ടാനുള്ള സാധ്യത മുന്‍കൂട്ടി കാണുകയും ചെയ്തപ്പോള്‍, ശസ്ത്രക്രിയ അനിവാര്യമാണെന്ന് അയാള്‍ക്ക് മനസ്സിലായി.

കൊടുംതണുപ്പും ഭീകരമായ കാലാവസ്ഥയും കാരണം പുറത്തുനിന്ന് സഹായം എത്തിക്കാനും സാധ്യമല്ലായിരുന്നു. അതുകൊണ്ട് ഉള്ള സൗകര്യങ്ങള്‍ വച്ച് സ്വന്തമായി സര്‍ജറി ചെയ്യുകയേ വഴിയുള്ളൂ.

അങ്ങനെ 1961 ഏപ്രില്‍ 30-ന് രാത്രി, റോഗോസോവ് ശസ്ത്രക്രിയ ആരംഭിച്ചു. കൂടെയുള്ള ഒരു മെറ്റിരിയോളജിസ്റ്റിനെയും (വ്‌ലാഡിമിര്‍ കോര്‍ഷാക്) മെക്കാനിക്കിനെയും (സിനോവി ടെപ്ലിന്‍സ്‌കി) തന്റെ സഹായികളായി തിരഞ്ഞെടുത്തു. ഒരാള്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുകയും മറ്റൊരാള്‍ ലൈറ്റ് പിടിക്കുകയും ചെയ്തു. മൂന്നാമതൊരാള്‍ സ്റ്റാന്‍ഡ്-ബൈ ആയി നിന്നു, കാരണം സര്‍ജറി കണ്ട് സഹായികള്‍ക്ക് ബോധം നഷ്ടപ്പെടാനുള്ള സാധ്യതയും കൂടി കണക്കിലെടുക്കണമല്ലോ. മാത്രമല്ല, രോഗിക്ക് ഹൃദയസ്തംഭനം വന്നാല്‍ എങ്ങനെ CPR കൊടുക്കണം, അഡ്രിനാലിന്‍ കൊടുക്കണം എന്നതൊക്കെ കൂട്ടുകാരെ റോഗോസോവ് പഠിപ്പിക്കുകയും ചെയ്തിരുന്നു.

അയാള്‍ തന്റെ വയറിന്റെ വലതു വശത്ത് ലോക്കല്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചു. ഒരു ചെറിയ കണ്ണാടി ഉപയോഗിച്ച്, അതില്‍ നോക്കിക്കൊണ്ട് 10-12 സെന്റിമീറ്റര്‍ നീളത്തില്‍ മുറിവുണ്ടാക്കി. ശസ്ത്രക്രിയ മുന്നോട്ടു പോകുന്തോറും അനസ്‌തേഷ്യയുടെ ഫലം കുറഞ്ഞു വന്നു, അയാള്‍ക്ക് കടുത്ത വേദന തോന്നി. പക്ഷെ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടറായ രോഗിയ്ക്ക് (രോഗിയായ ഡോക്ടര്‍ക്ക്) ക്ഷീണവും തലകറക്കവും അനുഭവപ്പെട്ടു. ഒരു ഘട്ടത്തില്‍ തന്റെ കൈകള്‍ അനക്കാന്‍ പോലും പ്രയാസമായി. പക്ഷേ ഇടയ്ക്കിടെ ചെറിയ ഇടവേളകള്‍ എടുത്ത് അയാള്‍ മുന്നോട്ട് പോയി.

ഒടുവില്‍ വയറിനുള്ളില്‍ കൈകൊണ്ട് തപ്പി അപ്പന്‍ഡിക്‌സ് എന്ന ഫ്രഷ് നെത്തോലി പോലുള്ള നീളന്‍ മാംസക്കഷണത്തെ അയാള്‍ കണ്ടെത്തി. അത് വീര്‍ത്ത് പഴുപ്പ് നിറഞ്ഞ നിലയിലായിരുന്നു. ഏതാനും മണിക്കൂറുകള്‍ കൂടി വൈകിയിരുന്നെങ്കില്‍ പൊട്ടിപ്പോയേനെ. അവന്‍ അത് ശ്രദ്ധാപൂര്‍വം മുറിച്ചുമാറ്റി, മുറിവ് തുന്നി. രണ്ടു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ അങ്ങനെ വിജയകരമായി അവസാനിച്ചു. രോഗി (ഡോക്ടര്‍) ആന്റിബയോട്ടിക്കുകള്‍ കഴിച്ച് ഉറങ്ങാന്‍ കിടന്നു. അഞ്ച് ദിവസത്തിന് ശേഷം തുന്നലുകള്‍ നീക്കം ചെയ്തു, രണ്ടാഴ്ച കൊണ്ട് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തു.

1962-ല്‍ റോഗോസോവ് സോവിയറ്റ് യൂണിയനിലേക്ക് മടങ്ങിയപ്പോഴേക്കും അയാളുടെ ഈ സാഹസികത അയാളെ അതീവ പ്രശസ്തനാക്കിയിരുന്നു. 'ഓര്‍ഡര്‍ ഓഫ് ദ റെഡ് ബാനര്‍ ഓഫ് ലേബര്‍' എന്ന വലിയ ബഹുമതി വരെ ലഭിച്ചു. 2000-ല്‍, 66-ാം വയസ്സില്‍ ശ്വാസകോശ അര്‍ബുദം മൂലം മരണമടയും വരെ അയാള്‍ സര്‍ജനായി തന്നെ തുടര്‍ന്നു.ഒരു കണ്ണാടിയിലെ പ്രതിബിംബം നോക്കി, ആ രാത്രിയില്‍ എങ്ങനെ അയാള്‍ അപ്പന്‍ഡിക്‌സിന്റെ ബേസില്‍ തയ്യലിട്ടു എന്നത് അത്ഭുതമാണ്. ഇതാണ്, ഗതികെട്ടാല്‍ മനുഷ്യന്‍ എന്തത്ഭുതവും പ്രവര്‍ത്തിക്കും എന്ന് പറയുന്നത്.

(ഈ ലേഖനം സ്വയം ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതല്ല. അസുഖം വന്നാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം നിര്‍ബന്ധമായും തേടുക.)

ചിത്രങ്ങള്‍ക്ക് കടപ്പാട് - ബിബിസി

Content Highlights: The man who cut out his own appendix

To advertise here,contact us