പ്രസവാനന്തരം ഒരു സ്ത്രീയുടെ ശരീരത്തിൽ നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഗർഭാവസ്ഥയിലൂടെ കടന്ന് പോകുന്ന ഭൂരിഭാഗം സ്ത്രീകളിലും ഇത്തരത്തിൽ സ്ട്രെച്ച് മാർക്കുകൾ കണ്ടുവരാറുണ്ട്. മാസങ്ങൾക്ക് മുൻപാണ് തെന്നിന്ത്യൻ താരമായ അക്ഷര ഗൗഡ ബിക്കി തന്റെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റത്. ഗർഭധാരണ സമയത്ത് താൻ പിന്തുടർന്ന ഡയറ്റ്, ഫിറ്റ്നസ് എന്നിവയെക്കുറിച്ചും പ്രസവശേഷമുണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാനുള്ള പൊടിക്കൈകളെ കുറിച്ചും ഹിന്ദുസ്ഥാൻ ടൈംസ് ലൈഫ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ താരം പങ്കുവച്ചു.
'ഗർഭിണിയായിരുന്ന സമയത്ത് തന്റെ ചർമം ഏറെ മൃദുലവും സുന്ദരവുമായിരുന്നു എന്നാണ് താരം പറയുന്നത്. ഗർഭിണിയായിരുന്ന സമയത്ത് ചർമം വളരെ സുന്ദരമായിരുന്നു. മുഖക്കുരു ഒന്നും ഉണ്ടായിരുന്നില്ല. സ്ട്രെച്ച് മാർക്കുകൾ മാറാൻ നിരവധി ക്രീമുകൾ ഉപയോഗിച്ചിരുന്നു. അതിന് ഒരുപാട് പണം ആവശ്യമായി വരും. ക്രീമുകൾക്ക് പകരം സുഹൃത്ത് പറഞ്ഞുതന്ന മറ്റൊരു പൊടിക്കൈയുണ്ട്', അക്ഷര പറയുന്നു.
റോസ് വാട്ടറും ഗ്ലിസറിനും ചേർത്ത് വയറിൽ പുരട്ടുന്നത് ഗുണം ചെയ്യുമെന്നാണ് താരം പറയുന്നത്. ആദ്യമുണ്ടായിരുന്ന തൂക്കത്തിലെത്തുന്ന മൂന്ന് മാസം വരെ ഈ പ്രക്രിയ തുടരണമെന്നും താരം പറയുന്നു. അതേസമയം ഗ്ലിസറിൻ സ്പോഞ്ച് പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ബോഡിക്രാഫ്റ്റ് ക്ലിനിക്സിന്റെ സ്ഥാപകയും മെഡിക്കൽ ഡയറക്ടറുമായ ഡോ. മിക്കി സിംഗ് പറയുന്നുണ്ട്. ശരീരത്തിൽ ബാഷ്പീകരണത്തെ നിയന്ത്രിക്കാനും ഗ്ലിസറിൻ സഹായിക്കും. ഇത് ചർമത്തെ ഹൈഡ്രേറ്റഡ് ആക്കി നിലനിർത്താനും സഹായിക്കും. എന്നാല് സ്ട്രെച്ച് മാർക്കുകൾ കുറയ്ക്കാൻ ഗ്ലിസറിന് സാധിക്കില്ലെന്നും ഡോ. മിക്കി സിംഗ് പറഞ്ഞു.
സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാൻ ലേസർ ഉൾപ്പെടെയുള്ള ചികിത്സാ രീതികളുണ്ട്. ചർമത്തിലെ കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയാണ് ലേസർ ചികിത്സയുടെ ലക്ഷ്യം. മൈക്രോ നീഡിലിങ്, കെമിക്കൽ പീൽസ്, റേഡിയോ ഫ്രീക്വൻസി തെറാപ്പി എന്നിവയാണ് മറ്റ് ചികിത്സകൾ.
Content Highlight: How to get rid of stretch marks after pregnancy