വിറ്റമിന്‍ ഡിയുടെ കുറവുണ്ടോ, കഴിക്കും മുന്‍പ് ഇതറിഞ്ഞിരിക്കണം

വിറ്റമിന്‍ ഡിയുടെ കുറവുണ്ടെന്ന് കേട്ടപാടെ സ്വയം ചികിത്സയ്ക്ക് മുതിരരുത്. ഇത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

കൈകാല്‍ വേദന, വിട്ടുമാറാത്ത ക്ഷീണം, മുടികൊഴിച്ചില്‍, വരണ്ട ചര്‍മം തുടങ്ങി ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുമായി ഡോക്ടറെ സമീപിക്കുമ്പോഴായിരിക്കും ഇതിനെല്ലാം കാരണം വിറ്റമിന്‍ ഡിയുടെ അപര്യാപ്തതയാണെന്ന് തിരിച്ചറിയുന്നത്. പണ്ടുകാലത്തെ അപേക്ഷിച്ച് ജീവിതശൈലിയില്‍ വന്ന മാറ്റവും സൂര്യപ്രകാശം ചര്‍മത്തിലേല്‍ക്കുന്നത് കുറയുകയും ചെയ്തതുള്‍പ്പെടെ വിറ്റമിന്‍ ഡിയുടെ അപര്യാപ്തതയ്ക്ക് കാരണങ്ങള്‍ നിരവധിയാണ്. എല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുക, പ്രതിരോധശേഷിയെ പിന്തുണയ്ക്കുക, ശരീരത്തിലെ കാല്‍സ്യത്തിന്റെയും ഫോസ്ഫറസിന്റെയും നില ക്രമീകരിക്കുക തുടങ്ങി നിരവധി സുപ്രധാനമായ പങ്കാണ് വിറ്റമിന്‍ ഡി നിര്‍വഹിച്ചുവരുന്നത്. എന്നാല്‍ വിറ്റമിന്‍ ഡിയുടെ കുറവുണ്ടെന്ന് കേട്ടപാടെ സ്വയം ചികിത്സയ്ക്ക് മുതിരരുത്. ഇത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

Also Read:

Tech
ബഹിരാകാശത്ത് വെച്ച് ഒരാൾ മരണപ്പെട്ടാലോ…?

ശരീരത്തിന് ആവശ്യത്തില്‍ കൂടുതല്‍ വിറ്റമിന്‍ ഡി നല്‍കിയാല്‍ ഹൈപ്പര്‍ വിറ്റാമിനോസിസ് എന്ന അവസ്ഥയ്ക്ക് അതുകാരണമായേക്കാം. ഇത് ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് വര്‍ധിക്കുന്നതിനും കാരണമായേക്കാം. ഛര്‍ദി, ക്ഷീണം, തളര്‍ച്ച, തുടര്‍ച്ചയായ മൂത്രശങ്ക, വൃക്കകള്‍ക്ക് തകരാറ്, ഹൃദയത്തിലും ശ്വാസകോശത്തിലും കാല്‍സ്യം അടിഞ്ഞുകൂടിയുണ്ടാകുന്ന മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇതുകാരണമായേക്കാം.

കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് ശരീരത്തെ സഹായിക്കുന്ന ഒന്നാണ് വിറ്റമിന്‍ ഡി. അതിനാല്‍ തന്നെ ആവശ്യത്തില്‍ കൂടുതലായി ശരീരത്തില്‍ വിറ്റമിന്‍ ഡി എത്തിയാല്‍ അത് കിഡ്‌നി സ്‌റ്റോണ്‍, കാര്‍ഡിയോവാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. അതുകൊണ്ട് വിറ്റമിന്‍ ഡി എടുക്കുന്നതിന് മുന്‍പായി ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് കൂടി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.

വിറ്റമിന്‍ ഡി അധികമായി ശരീരത്തിലെത്തുന്നത് ദഹനപ്രക്രിയയെയും ബാധിക്കും. മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇതുകാരണമാകും. കാലിയായ വയറ്റില്‍ വിറ്റമിന്‍ ഡി കഴിക്കുകയോ, അളവില്‍ കൂടുതല്‍ വിറ്റമിന്‍ ഡി കഴിക്കുകയോ ചെയ്യുമ്പോഴാണ് ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ചില മരുന്നുകളുമായും വിറ്റമിന്‍ ഡി പ്രതിപ്രവര്‍ത്തിക്കാറുണ്ട്. കോര്‍ട്ടിക്കോസ്റ്റിറോയ്ഡ്‌സ്, ഭാരം കുറയുന്നതിനുള്ള മരുന്നുകള്‍, അപസ്മാരത്തിനുള്ള മരുന്നുകള്‍, കൊളസ്‌ട്രോളിനുള്ള മരുന്ന് തുടങ്ങിയവയുമായി വിറ്റമിന്‍ ഡി പ്രതിപ്രവര്‍ത്തിച്ചേക്കാം. അത് ആ മരുന്നുകളുടെ ഫലസിദ്ധിയെയും ബാധിച്ചേക്കാം. അതുകൊണ്ട് ഒരു ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഒരിക്കലും വിറ്റമിന്‍ ഡി കഴിക്കരുത്.

Content Highlights: Risks of taking vitamin D in the wrong way

To advertise here,contact us