ദിവസവും വ്യായാമം ചെയ്യാറുള്ളവരാണല്ലേ നമ്മളിൽ പലരും. വ്യായാമവും ഭക്ഷണവും ചിട്ടവട്ടങ്ങളും ശരിയായി നോക്കുന്നവരാണ് എല്ലാവരും. ചിലർ വ്യായാമത്തിന് മുൻപ് ഭക്ഷണം കഴിക്കും മറ്റു ചിലരാകട്ടെ വ്യായാമത്തിന് ശേഷമാകും ഭക്ഷണം കഴിക്കുക. എന്നാൽ ഇതിൽ ശരിയായ രീതി ഏതാണെന്ന് നിങ്ങൾക്ക് അറിയുമോ? വ്യായാമത്തിന് മുൻപും ശേഷവും ഉള്ള ഭക്ഷണത്തിന് അതിൻ്റേതായ ഗുണങ്ങളുണ്ട്. ഈ ഭക്ഷണ രീതി ആരോഗ്യത്തെ ഏറെ ബാധിക്കുന്നതുമാണ്.
വ്യായാമത്തിന് മുൻപ് പ്രോട്ടീൻ സ്മൂത്തി പോലുള്ളവ കഴിക്കുന്നവരുണ്ട്. വ്യായാമത്തിന് മുൻപ് ഭക്ഷണം കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും പേശികളുടെ ആരോഗ്യം വീണ്ടെടുക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. വ്യായാമത്തിന് മുമ്പ് കഴിക്കുന്ന കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഗ്ലൈക്കോജൻ നിറയ്ക്കുകയും പേശികൾക്ക് വേഗത്തിൽ ഊർജ്ജം നൽകുകയും ചെയ്യും.
വ്യായാമത്തിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നിവ അടങ്ങിയ സമ്പൂർണ ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് കൾട്ട് ട്രാൻസ്ഫോം (ഇൻ്റഗ്രേറ്റഡ് ഹെൽത്ത് പ്ലാറ്റ്ഫോം) മുഖ്യ പോഷകാഹാര വിദഗ്ധയും ഡയറ്റീഷ്യനുമായ മധുര പരൂൽക്കർ ബെഹ്കി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വ്യായാമത്തിന് 30-45 മിനിറ്റ് മുമ്പെങ്കിലും കാർബോഹൈഡ്രേറ്റ് അടങ്ങിയ ലളിതമായ ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്നും അവർ പറഞ്ഞു.
വ്യായാമത്തിന് ശേഷം ശരിയായ രീതിയിൽ പോഷകാഹാരം കഴിക്കണം. വ്യായാമത്തിനു ശേഷമുള്ള ഭക്ഷണം ഗ്ലൈക്കോജൻ വീണ്ടെടുക്കാൻ സഹായിക്കുമെന്നും പേശികളുടെ ശക്തി വീണ്ടെടുക്കാൻ സഹായിക്കുമെന്നും ഡൽഹിയിലെ സികെ ബിർള ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റായ ദീപാലി ശർമ്മ പറഞ്ഞു.
വ്യായാമത്തിന് ശേഷം 60 മിനിറ്റിനുള്ളിൽ പോസ്റ്റ്-വർക്ക്ഔട്ട് ഭക്ഷണം കഴിക്കണമെന്നും അവർ നിർദ്ദേശിക്കുന്നുണ്ട്. പ്രോട്ടീൻ സമ്പുഷ്ടവും സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റും ആൻ്റിഓക്സിഡൻ്റ് നിറഞ്ഞതുമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണമെന്നും ദീപാലി ശർമ്മ പറയുന്നുണ്ട്.
പോഷകാഹാരം പോലെ തന്നെ നിർണായകമാണ് വെള്ളം. വർക്കൗട്ടിന് 2-3 മണിക്കൂർ മുമ്പ് 700 മില്ലി വെള്ളം കുടിച്ച് ഹൈഡ്രേറ്റ് ചെയ്യുക. വ്യായാമത്തിന് ഇടയിൽ ഓരോ 15 മിനിറ്റിലും അര കപ്പ് വെള്ളം കുടിക്കുക. ഒരു വ്യായാമത്തിന് മുമ്പ് നിങ്ങൾ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കുടിക്കണം. വ്യായാമത്തിന് ഇടയിൽ തേങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് പി ഡി ഹിന്ദുജ ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പി വിഭാഗം മേധാവി മുംബൈയിലെ എംആർസി മാഹിം പറയുന്നത്.
Credit: India Today
Content Highlights: Is eating before a workout better than eating after it?