ചായ ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല അല്ലേ?. രാവിലെയും വൈകുന്നേരവും ഒരോ കപ്പ് ചായ കുടിക്കുന്നത് മലയാളികളുടെ പതിവാണ്. പലരും ഉണ്ടാക്കുന്ന ചായയ്ക്ക് രുചി പലതായിരിക്കും.ചായ ഉണ്ടാക്കുമ്പോള്‍ വെള്ളം, പാല്, ചായപ്പൊടി, ഇഞ്ചി വേണമെങ്കില്‍ ഇഞ്ചി, ഏലയ്ക്ക ഇവയൊക്കെ ഏത് ക്രമത്തില്‍ ചേര്‍ക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും ഇപ്പോഴും സംശയമുണ്ടാകും. ചേരുവകള്‍ ചേര്‍ക്കുന്ന രീതിയും പാകം ചെയ്യുന്ന സമയവും ചായയുടെ നിറത്തെയും മണത്തെയും രുചിയെയും സ്വാധീനിക്കാറുമുണ്ട്.
ഇഞ്ചി ചായ തയ്യാറാക്കാന്‍ ആദ്യം എന്താണ് ചെയ്യേണ്ടത്
നല്ല രുചിയുള്ള ഒരു ഇഞ്ചിച്ചായ തയ്യാറാക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം. ആദ്യം ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം എടുത്ത് തിളപ്പിക്കാം. വെള്ളം തിളച്ചു തുടങ്ങുമ്പോള്‍ അതിലേക്ക് ചതച്ച ഇഞ്ചി ചേര്‍ക്കുക. ഇഞ്ചിയുടെ രുചിയും മണവും വെള്ളത്തില്‍ നന്നായി കലരാന്‍ അല്പസമയം തിളപ്പിക്കണം. ഏലക്ക ഇഷ്ടമാണെങ്കില്‍ അതും ചതച്ച് ചേര്‍ക്കാം.
ഇഞ്ചിയുടെ രുചി വെള്ളത്തില്‍ കലര്ന്നശേഷം ചായപ്പൊടി ചേര്‍ക്കാം. ഏകദേശം രണ്ടുമുതല്‍ മൂന്നുമിനിറ്റ് വരെ തിളപ്പിക്കുന്നത് ചായപ്പൊടിയുടെ നിറവും രുചിയും വെള്ളത്തിലേക്ക് ഇറങ്ങാന്‍ സഹായിക്കും. കടുപ്പമുള്ള ചായയാണ് ഇഷ്ടമെങ്കില്‍ തിളപ്പിക്കുന്ന സമയം അല്പം കൂട്ടാം. എന്നാല്‍ അമിതമായി തിളപ്പിച്ചാല്‍ ചായയ്ക്ക് കയ്പ്പുണ്ടാകാന്‍ സാധ്യതയുണ്ട്.
ചായപ്പൊടിയുടെ നിറവും രുചിയും വെള്ളത്തില്‍ നന്നായി ഇറങ്ങിയശേഷം പാല് ചേര്‍ക്കാവുന്നതാണ്. ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് കുറഞ്ഞ തീയിലോ ഇടത്തരം തീയിലോ മൂന്നുമുതല്‍ നാലുമിനിറ്റ് വരെ തിളപ്പിക്കാം. പാല് പാത്രത്തിന്റെ അടിയില്‍ പിടിക്കാതിരിക്കാന്‍ ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. ചായയ്ക്ക് ആവശ്യമായ നിറവും മണവും ലഭിച്ചാല്‍ തീ അണച്ച് അരിച്ചെടുക്കാം.
Content Highlights :The method of adding ingredients and the cooking time can influence the color, aroma, and taste of the tea