ആഴ്ചയിൽ ഒരിക്കലെങ്കിലും മുട്ട കഴിക്കുന്നവരാകും ഭൂരിഭാഗം ആളുകളും. കടകളില്‍ പോയി നാടന്‍ മുട്ട തന്നെ ചോദിച്ചു വാങ്ങുന്നവരെ ചിലപ്പോഴെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകില്ലേ? എന്താണ് നാടന്‍ മുട്ടയ്ക്കിത്ര പ്രത്യേകത? കൂടുതല്‍ പോഷകാംശം ഉണ്ടെന്ന ധാരണയാണോ ഇതിന് പിന്നിലെന്ന് സംശയം തോന്നിയിട്ടുണ്ടെങ്കില്‍ ഇതിനുള്ള മറുപടി പറഞ്ഞ് തരികയാണ് ഗ്യാസ്ട്രോ എന്ററോളജിസ്റ്റായ ഡോ. പാല് മാണിക്കം. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മുട്ടകളുടെ നിറവ്യത്യാസം, അവയുടെ പോഷകാംശത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന കാര്യം അദ്ദേഹം വിശദീകരിക്കുന്നത്.
പോഷകങ്ങള്‍ നിറഞ്ഞ രുചികരമായ മുട്ട മിക്കവരും പ്രഭാതഭക്ഷണത്തിലാണ് ഉള്‍പ്പെടുത്തുക. പക്ഷേ ഏത് മുട്ടയാണ് കഴിക്കേണ്ടതെന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനാണ്. വെള്ളയാണോ നാടനാണോ നല്ലതെന്നാണ് ഇവരുടെ ചിന്ത. വില കൂടുതലായതിനാല്‍ നാടന്‍ മുട്ടയാണ് വെള്ളയേക്കാള്‍ മികച്ചതെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഈ വിശ്വാസം വെറുമൊരു മിത്താണെന്നാണ് ഡോക്ടറിന്റെ ഭാഷ്യം.
വെള്ളയേക്കാള്‍ പോഷകാംശം കൂടിയ മുട്ട, നാടനാണെന്ന് പലരും വിശ്വസിക്കുന്നത് തോടിന്റെ നിറം നോക്കിയാണ്. എന്നാല്‍ നിറവും പോഷകാംശവുമായി യാതൊരു ബന്ധമില്ലെന്ന് മാത്രമല്ല, കോഴികളുടെ ബ്രീഡ് വ്യത്യാസമായതിനാലാണ് മുട്ടയുടെ നിറത്തിൽ മാറ്റം സംഭവിക്കുന്നതെന്നും ഡോക്ടർ വിശദീകരിക്കുന്നു. ഇതൊരു ജനിതക സ്വഭാവം മാത്രമാണ്. അല്ലാതെ മുട്ടയുടെ ഗുണനിലവാരവുമായി അതിന് യാതൊരു ബന്ധവുമില്ലെന്ന് സാരം. നാടന്‍ മുട്ടയിടുന്ന കോഴികള്‍ വളരെ കുറച്ച് മുട്ടകള്‍ മാത്രമാണിടുന്നത്. ഈ കാരണത്താലാണ് ഇവയ്ക്ക് വില കൂടുന്നത്. അല്ലാതെ പോഷകാംശം കൂടിയതിനാലല്ല. അതിനാല്‍ പോഷകാംശം കൂടുതലാണെന്ന ചിന്തയില്‍ നാടന്‍ മുട്ട വാങ്ങാന്‍ നില്‍ക്കണ്ടെന്നും അദ്ദേഹം പറയുന്നു.
ഇനി പോഷകാംശത്തിന്റെ കാര്യത്തില്‍ ഇരുമുട്ടകളും കട്ടയ്ക്ക് ഒപ്പത്തിനൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. രണ്ടിലും ഒരേ അളവിലാണ് പ്രോട്ടീനിന്റെയും കലോറിയുടെയും അളവ്. ഒരിക്കലും മുട്ടത്തോട് പോഷകാംശത്തെ നിര്‍ണയിക്കുന്ന ഘടകമല്ലതാനും. അതേസമയം, മുട്ടകള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
മുട്ടയിടുന്ന കോഴികളെ എങ്ങനെയാണ് വളര്‍ത്തുന്നതെന്നും എന്താണ് ഇവയ്ക്ക് കഴിക്കാന്‍ നല്‍കുന്നതെന്നും അറിഞ്ഞിരിക്കാം. ഫ്രഷായ ഫ്രീ റേഞ്ച്/ഒമേഗ -3 മുട്ടകള്‍(പുറത്ത് ഇരതേടുന്ന കോഴിക്കള്‍ അല്ലെങ്കില്‍ ആരോഗ്യകരമായ തീറ്റ ലഭിക്കുന്നവ) മികച്ച രീതിയില്‍ സൂക്ഷിക്കുന്നതാണോ എന്ന് ഉറപ്പുവരുത്തി വാങ്ങാം.
പ്രോട്ടീനുകളും ഹെല്‍ത്തി ഫാറ്റുകളും അടങ്ങിയ മുട്ടകളില്‍ കോളിന്, സെലിനിയം, ഫോലേറ്റ്, അയണ്‍, വിറ്റാമിനുകളായ ബയോട്ടിനും ബ12, എ, ഡി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകള്‍ കൊണ്ടും സമ്പുഷ്ടമായ മുട്ടകളില്‍ സാച്ചുറേറ്റഡ് ഫാറ്റ് കുറവായതിനാല്‍ രക്തത്തിലെ കൊളസ്ട്രോള്‍ അളവും കൂട്ടില്ല.
(ശ്രദ്ധിക്കുക: ആരോഗ്യ-ഫിറ്റ്നസ് ഉപദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ ലേഖനം പൊതുവായ വിവരങ്ങള്‍ മാത്രമാണ് നല്‍കുന്നത്. ഇതിനെ ഒരു വിദഗ്ദ്ധനായ ഡോക്ടറിന്റെ ഉപദേശത്തിന് പകരമായി കണക്കാക്കരുത്. കൃത്യമായ ആരോഗ്യ നിര്‍ണയത്തിനായി എല്ലായ്പോഴും ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ഉപദേശം തേടുക)
Content Highlights: White eggs and brown eggs are often sold at different prices, leading to questions about their nutritional value and health benefits. The report explains whether brown eggs are healthier than white eggs, highlights their nutritional differences, and examines the factors behind their price variation