മുട്ട എത്രനാള്‍ കേടുകൂടാതിരിക്കും? ഫ്രിഡ്ജിലാണോ പുറത്താണോ സൂക്ഷിക്കേണ്ടത്?

മുട്ട വാങ്ങിവയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വീട്ടിലെ അടുക്കളയില്‍ എപ്പോഴും കാണുന്ന ഭക്ഷണസാധനങ്ങളിലൊന്നാണ് മുട്ട. ഒരുപാട് ദിവസത്തേക്ക് മുട്ട വാങ്ങിവെക്കുന്നവരും കുറവല്ല. എന്നാല്‍ മുട്ട എത്ര ദിവസം വരെ കേടുകൂടാതെ ഇരിക്കും?, ഫ്രിഡ്ജില്‍ തന്നെ വയ്ക്കണോ?, കഴുകിയ ശേഷം സൂക്ഷിക്കാമോ? തുടങ്ങിയ കാര്യങ്ങളില്‍ പലര്‍ക്കും ഇപ്പോഴും സംശയങ്ങളുണ്ട്.

പുറത്തുവച്ചാല്‍ എത്ര ദിവസം?

ശരിയായ സാഹചര്യത്തില്‍ സൂക്ഷിച്ചാല്‍ മുട്ട രണ്ടോ മൂന്നോ ആഴ്ച വരെ പുറത്തുവെച്ച് സൂക്ഷിക്കാനാകും. എന്നാല്‍ മുട്ട സൂക്ഷിക്കുന്ന സ്ഥലത്തെ താപനിലയും ഈര്‍പ്പവും ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഇതിനെ ബാധിക്കാം. അതേസമയം കൂടുതല്‍ കാലം മുട്ട കേടുകൂടാതെ സൂക്ഷിക്കണമെങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് സാധാരണയായി കൂടുതല്‍ അനുയോജ്യം.

ഫ്രിഡ്ജില്‍ വച്ചാല്‍ ഒന്നര മാസം വരെ

ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മുട്ട ഏകദേശം ഒന്നര മാസം വരെ കേടുകൂടാതെ ഇരിക്കും. അതുകൊണ്ടുതന്നെ ഒരുപാട് മുട്ട ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പ്രായോഗികമായ രീതിയാണ്. എന്നാല്‍ ഫ്രിഡ്ജില്‍ വച്ച മുട്ട വീണ്ടും പുറത്തെടുത്ത് ദീര്‍ഘനേരം സാധാരണ താപനിലയില്‍ സൂക്ഷിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം മുട്ട തണുത്ത നിലയില്‍ നിന്ന് പുറത്തുവരുമ്പോള്‍ അതിന്റെ പുറത്ത് ഈര്‍പ്പം രൂപപ്പെടാം.

ഈ ഈര്‍പ്പം മുട്ടയുടെ പുറംതോടിലുള്ള സൂക്ഷ്മ സുഷിരങ്ങളിലൂടെ ബാക്ടീരിയ അകത്തേക്ക് കടക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. പ്രത്യേകിച്ച് ചൂടുള്ള അന്തരീക്ഷത്തില്‍ മുട്ട ഏറെ നേരം വച്ചാല്‍ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടും. അതുകൊണ്ട് ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട ആവശ്യമുള്ളപ്പോള്‍ മാത്രം പുറത്തെടുക്കുക. പുറത്തെടുത്ത മുട്ട വീണ്ടും മണിക്കൂറുകളോളം റൂം ടെമ്പറേച്ചറില്‍ വെച്ച് പിന്നീട് ഫ്രിഡ്ജില്‍ തിരിച്ചുവയ്ക്കുന്ന ശീലം ഒഴിവാക്കുന്നതാണ് സുരക്ഷിതം

മുട്ട കഴുകി വയ്ക്കാമോ?

മുട്ട വാങ്ങിയ ഉടന്‍ കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. എന്നാല്‍ ഇത് എപ്പോഴും നല്ല രീതിയല്ല. മുട്ടയുടെ പുറത്ത് സ്വാഭാവികമായി ഒരു സംരക്ഷണ പാളിയുണ്ട്. കഴുകുമ്പോള്‍ ഈ പുറംപാളിക്ക് കേടുപാടുകള്‍ സംഭവിക്കാം. ഇതോടെ പുറത്ത് നിന്നുള്ള ബാക്ടീരിയ മുട്ടയുടെ ഉള്ളിലേക്ക് കടക്കാനുള്ള സാധ്യത വര്‍ധിക്കാം.അതുകൊണ്ട് മുട്ട കഴുകാതെ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.

കഴുകിയെങ്കില്‍ എന്തുചെയ്യണം?

മുട്ട കഴുകിയിട്ടുണ്ടെങ്കില്‍ പിന്നീട് അത് പുറത്തുവച്ച് സൂക്ഷിക്കുന്നത് ഒഴിവാക്കണം. കഴുകിയ ഉടന്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് മുട്ട കഴുകി ദിവസങ്ങളോളം അടുക്കളയിലെ സാധാരണ താപനിലയില്‍ വയ്ക്കുന്ന ശീലം ഒഴിവാക്കുക.

മുട്ട സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

മുട്ട കൂടുതല്‍ കാലം സുരക്ഷിതമായി സൂക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

  • ആവശ്യമില്ലാതെ മുട്ട കഴുകി സൂക്ഷിക്കരുത്
  • കഴുകിയ മുട്ടയാണെങ്കില്‍ ഉടന്‍ ഫ്രിഡ്ജില്‍ വയ്ക്കുക
  • ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മുട്ട വീണ്ടും വീണ്ടും പുറത്തെടുത്ത് വയ്ക്കുന്നത് ഒഴിവാക്കുക
  • മുട്ട പൊട്ടിയതോ പുറംതോട് കേടായതോ ആണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക

Content Highlights :There are a few things to keep in mind when buying eggs. How long do they stay fresh? Should they be stored in the refrigerator or outside?

To advertise here,contact us