മാമ്പഴം എന്ന് കേട്ടാൽ വായിൽ കപ്പലോടും അല്ലേ? വേനൽക്കാലമെത്തിയാൽ വിപണി കീഴടക്കുന്ന മാമ്പഴങ്ങളെല്ലാം നമുക്ക് പ്രിയപ്പെട്ടവയാണ്. എന്നാൽ ഒരു കിലോ മാമ്പഴത്തിന് 3 ലക്ഷം രൂപ വരെ വിലയുണ്ടെന്ന് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ?
ആഡംബര കാറുകളോ സ്വർണമോ വാങ്ങാൻ ഉപയോഗിക്കുന്ന തുക നൽകി ആളുകൾ വാങ്ങുന്ന ഒരു മാമ്പഴമുണ്ട്. അതാണ് 'മിയാസാക്കി' (Miyazaki) മാമ്പഴങ്ങൾ. ലോകത്തിലെ ഏറ്റവും ചെലവേറിയ ഈ മാമ്പഴത്തിന് ലേലങ്ങളിൽ ഒരു കിലോയ്ക്ക് 3,000 ഡോളർ വില വരെ ലഭിക്കാറുണ്ട്. അതായത് ഏകദേശം 2.5 മുതൽ 3 ലക്ഷം ഇന്ത്യൻ രൂപ.
എന്താണ് മിയാസാക്കി മാമ്പഴത്തിന്റെ പ്രത്യേകത?ജപ്പാനിലെ മിയാസാക്കി പ്രവിശ്യയിലാണ് മിയാസാക്കി (Miyazaki) മാമ്പഴങ്ങൾ വിളയുന്നത്. സാധാരണ മാമ്പഴങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് മിയാസാക്കി. Ruby-red (കടും ചുവപ്പ്) നിറത്തോട് കൂടിയ പുറംതോടുള്ള ഈ മാമ്പഴത്തിന്റെ രൂപ ഭംഗി ഏറെ വശ്യമാണ്. ഈ സവിശേഷമായ രൂപഭംഗി കാരണം 'സൂര്യന്റെ മുട്ട' (Egg of the Sun) എന്നാണ് മിയാസാക്കി മാമ്പഴങ്ങൾ അറിയപ്പെടുന്നത്. ക്രമീകരിച്ച അന്തരീക്ഷത്തിൽ ഹരിതഗൃഹങ്ങളിലാണ് (Greenhouse) മിയാസാക്കി കൃഷി ചെയ്യുന്നത്. പ്രത്യേക സാഹചര്യങ്ങളിൽ വളർത്തുന്നതിനാൽ മിയാസാക്കി മാമ്പഴങ്ങൾക്ക് അസാധാരണമായ മധുരമാണുള്ളത്.
ഒരു മാമ്പഴത്തെ മിയാസാക്കി ഇനമായി തരംതിരിക്കണമെങ്കിൽ കർശനമായ ചില മാനദണ്ഡങ്ങൾ ഉണ്ട്. ഓരോ പഴത്തിനും കുറഞ്ഞത് 350 ഗ്രാം എങ്കിലും തൂക്കമുണ്ടായിരിക്കണം. കൂടാതെ, അതിലെ പഞ്ചസാരയുടെ അളവ് (Sugar content) 15 ശതമാനത്തിൽ കുറയാനും പാടില്ല. ഈ ഗുണനിലവാരങ്ങളെല്ലാം ഉണ്ടെങ്കിൽ മാത്രമേ വില്പനക്കെത്തുന്ന മിയാസാക്കി മാമ്പഴങ്ങളെ വിപണി അംഗീകരിക്കൂ. ഈ ഗുണഗണങ്ങൾ തന്നെയാണ് മിയാസാക്കി മാമ്പഴങ്ങളെ ഒരു വിസ്മയമാക്കി മാറ്റുന്നതും.
മിയാസാക്കിയുടെ കൃഷിരീതിമിയാസാക്കി മാമ്പഴത്തിന്റെ ഉയർന്ന വിലയ്ക്ക് പിന്നിലുള്ള ഒരു കാരണം ഇതിന്റെ സങ്കീർണ്ണമായ കൃഷിരീതിയാണ്. മറ്റ് കൃഷിരീതികളെ അപേക്ഷിച്ച് കർഷകർ കൂടുതൽ അധ്വാനിക്കേണ്ടതായി വരുന്നുണ്ട്.
ആരോഗ്യമുള്ള മിയാസാക്കി മാവുകൾ വളരുന്നതിന് കൃത്യമായ താപനിലയും കാലാവസ്ഥയും ആവശ്യമാണ്. തുടക്കത്തിൽ 20 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയും കൃത്യമായ ഈർപ്പവും അത്യാവശ്യമാണ്. എന്നാൽ മരങ്ങൾ പൂവിടുന്ന സമയത്ത് വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയാണ് ആവശ്യം.
മാമ്പഴത്തിന് ചുറ്റും ഒരേപോലെ മനോഹരമായ കടും ചുവപ്പ് നിറം ലഭിക്കുന്നതിനായി കർഷകർ ഓരോ മാമ്പഴവും മരത്തിൽ നിൽക്കുമ്പോൾ തന്നെ ചെറിയ വലകൾ ഉപയോഗിച്ച് പൊതിയുന്നു. ഇത് സൂര്യപ്രകാശം എല്ലാ ഭാഗത്തും ഒരുപോലെ പതിക്കാൻ സഹായിക്കുന്നു. ഇതോടൊപ്പം, പഴത്തിന്റെ അടിഭാഗത്തും വെളിച്ചം ലഭിക്കുന്നതിനായി തറയിൽ പ്രത്യേക കണ്ണാടികൾ സ്ഥാപിക്കാറുണ്ട്. ദിവസവും 6 മുതൽ 8 മണിക്കൂർ വരെ കൃത്യമായി സൂര്യപ്രകാശം ലഭിച്ചാൽ മാത്രമേ ഈ മാമ്പഴത്തിന് അതിന്റെ തനത് നിറവും ഗുണവും ലഭിക്കുകയുള്ളൂ.
മറ്റൊരു പ്രധാന പ്രത്യേകത, ഈ മാമ്പഴങ്ങൾ ഒരിക്കലും കൈകൊണ്ട് പറിച്ചെടുക്കാറില്ല എന്നതാണ്. പഴങ്ങൾ പൂർണ്ണമായി പഴുക്കുമ്പോൾ അവ തനിയെ താഴേക്ക് വീഴാനായി സംരക്ഷണ വലകൾ ഒരുക്കിയിട്ടുണ്ടാകും. വലകളിൽ വീഴുന്ന മാമ്പഴങ്ങൾ ഏറ്റവും പാകമായ അവസ്ഥയിലായിരിക്കും ലഭിക്കുക. അതീവ ശ്രദ്ധയോടെയുള്ള ഈ പരിചരണം കാരണം ഈ മാമ്പഴങ്ങളിൽ നാരുകൾ (Fibre) ഉണ്ടാകാറില്ല. പഞ്ഞിപോലെ മൃദുവായ മാംസളമായ ഉൾഭാഗമാണ് മിയാസാക്കി മാമ്പഴങ്ങളുടേത്.
ഇന്ത്യയിലും ഇനി മിയാസാക്കി വിളയുംജപ്പാന്റെ സ്വന്തം മാമ്പഴമാണെങ്കിലും, ഇന്ത്യയിലും ഈ അത്ഭുത മാമ്പഴം വിജയകരമായി വിളയിച്ചെടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ബിഹാറിൽ നിന്നുള്ള രൺവിജയ് കുമാർ എന്ന കർഷകൻ. ആദ്യപടിയായി കൃഷി വകുപ്പിന്റെ സഹായത്തോടെ മിയാസാക്കിയുടെ തൈകൾ ഇന്ത്യയിലെത്തിച്ച രൺവിജയ് കുമാർ തന്റെ തോട്ടത്തിൽ അവ നട്ടുപിടിപ്പിച്ചു.
രൺവിജയ് കുമാറിന്റെ ഈ ഉദ്യമം ആദ്യത്തെ അഞ്ച് വർഷങ്ങളിൽ ഫലം കണ്ടില്ല. ചില തൈകൾ പിടിച്ചില്ല, പിടിച്ചവ പൂവിട്ടതുമില്ല. എന്നാൽ ഈ കാലയളവിൽ മിയാസാക്കി മാവുകൾ കൂടുതൽ അടുത്തറിയാൻ രൺവിജയ് കുമാറിന് സാധിച്ചു. കൃഷിരീതിയിലെ ചില തിരിച്ചറിവുകൾ രൺവിജയ് കുമാറിന് മുതൽക്കൂട്ടായി. അങ്ങനെ അഞ്ചുവർഷത്തെ കഠിനശ്രമത്തിനൊടുവിൽ ജപ്പാനിൽ ലഭിക്കുന്ന അതേ ഗുണനിലവാരത്തിലും മധുരത്തിലുമുള്ള കടുംചുവപ്പ് മിയാസാക്കി മാമ്പഴങ്ങൾ ഇന്ത്യയിലും വിളയിച്ചെടുക്കാൻ രൺവിജയ്ക്ക് സാധിച്ചു. ഇന്ത്യൻ കാർഷിക മേഖലയ്ക്ക് വലിയൊരു നാഴികക്കല്ലായിരുന്നു ഈ വിജയം.
രുചിയിലും രൂപത്തിലും ആഡംബരം ഒളിപ്പിച്ചുവെച്ച മിയാസാക്കി മാമ്പഴങ്ങൾ വെറുമൊരു പഴം എന്നതിലുപരി കർഷകരുടെ കഠിനാധ്വാനത്തിന്റെയും കൃത്യതയാർന്ന കാർഷിക സാങ്കേതികവിദ്യയുടെയും പ്രതീകമാണ്.
Content Highlight: Miyazaki mangoes are rare, bright red Japanese fruits. They cost up to ₹3 lakhs per kilo because of special farming.