മുട്ട നല്ലതാണോ ചീത്തയാണോ എന്ന് എങ്ങനെ അറിയും; ഇതാ ചില എളുപ്പ വഴികള്‍

ചീത്ത മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കാഴ്ചകൊണ്ട് നല്ലതാണോ മോശമാണോ എന്ന് മനസിലാക്കാന്‍ സാധിക്കാത്ത മുട്ടയുടെ ഗുണനിലവാരം എങ്ങനെയാണ് തിരിച്ചറിയുന്നത്

മുട്ട കറിവയ്ക്കാന്‍ എടുക്കുമ്പോഴായിരിക്കും സംശയം വരുന്നത്... ഇത് നല്ലതാണോ അതോ ചീത്തയാണോ ? രണ്ടും കല്‍പ്പിച്ച് അങ്ങ് പാകം ചെയ്‌തേക്കാം എന്ന് തീരുമാനിക്കാന്‍ വരട്ടെ. മുട്ട നല്ലതാണോ ചീഞ്ഞതാണോ എന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ പരിശോധിക്കാന്‍ സാധിക്കും. അതിനുളള ചില മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ഫ്‌ളോട്ട് ടെസ്റ്റ്

ചിലപ്പോള്‍ എല്ലാവര്‍ക്കും പരിചയമുളള കാര്യമായിരിക്കും ഇത്. മുട്ട വെള്ളത്തിലിട്ട് പരീക്ഷിക്കുന്ന രീതിയെ കുറിച്ചാണ് പറയുന്നത്. ഒരു പാത്രത്തില്‍ പകുതിയിലധികം വെള്ളമെടുക്കുക. അതിലേക്ക് മുട്ട പതുക്കെ ഇട്ട് നോക്കുക. പാത്രത്തിനടിയില്‍ മുട്ട തിരശ്ചീനമായി നില്‍ക്കുന്നുണ്ടെങ്കില്‍ അത് കേടാകാത്ത മുട്ടയാണെന്ന് മനസിലാക്കാം. അതേസമയം വെള്ളത്തിന് മുകളില്‍ പൊങ്ങി കിടക്കുകയാണെങ്കില്‍ അത് കേടാണെന്നും ആരോഗ്യത്തിന് ഹാനികരമാണെന്നും മനസിലാക്കാം.

കുലുക്കിനോക്കി അറിയാം

മുട്ട ചെവിയോട് ചേര്‍ത്ത് പിടിച്ച് കുലുക്കി നോക്കുക. മുട്ടയുടെ ഉള്‍വശം കുലുങ്ങുന്നുണ്ടെങ്കില്‍ അത് പഴകിയ മുട്ടയാണ്. പഴക്കമില്ലാത്ത മുട്ട കുലുക്കിയാല്‍ ശബ്ദം കേള്‍ക്കില്ല.

മുട്ടയുടെ മണം

അടുത്തതായി മുട്ട പഴകിയതാണോ ഫ്രഷാണോ എന്ന് കണ്ടെത്താന്‍ അതിന്റെ മണം കൊണ്ട് സാധിക്കും. മുട്ട പൊട്ടിക്കുമ്പോള്‍ ഒരു സള്‍ഫര്‍മണം അഥവാ അഴുകിയ ഗന്ധം വരുന്നുണ്ടെങ്കില്‍ അത് കേടായതാണ്. ആ ഗന്ധം വേവിച്ചാലും മാറുകയില്ല. ആരോഗ്യത്തിന് ഹാനികരമാണ്.

മഞ്ഞക്കരുവും വെള്ളക്കരുവും നോക്കി അറിയാം

1 മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. മഞ്ഞക്കരു നന്നായി പൊന്തി നില്‍ക്കുകയും വെള്ളക്കരു പടരാതെ മഞ്ഞയുടെ ചുറ്റുംതന്നെ നില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ അത് നല്ല മുട്ടയാണ്. അതല്ല വെള്ളക്കരു വെളളം ഒഴുകുന്നതുപോലെ വശങ്ങളിലേക്ക് പടരുകയും മഞ്ഞ പൊട്ടി പോകുകയും ചെയ്യുകയാണെങ്കില്‍ ആ മുട്ട ചീഞ്ഞതായിരിക്കും.

2 മുട്ട പൊട്ടിച്ച് കൈയ്യിലേക്ക് ഒഴിച്ച് നോക്കുക. ഉണ്ണി കയ്യില്‍ നില്‍ക്കുകയും വെള്ളക്കരു അപ്പാടെ താഴേക്ക് പോവുകയും ചെയ്യുകയാണെങ്കില്‍ മുട്ട നല്ലതാണ്.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

കടകളില്‍നിന്ന് വാങ്ങുന്ന മുട്ട രണ്ട് ആഴ്ചയില്‍ കൂടുതല്‍ പുറത്ത് വയ്ക്കരുത്. കാരണം വെള്ളക്കരുവിലെ ജലാംശം ബാഷ്പീകരിച്ച് നഷ്ടമാകുകയും മഞ്ഞക്കരു മുട്ടത്തോടുമായി കൂടിക്കലരുകയും ചെയ്യും. തോടിലെ സുഷിരത്തിലൂടെ ബാക്ടീരിയകള്‍ മഞ്ഞക്കരുവിനുളളില്‍ പ്രവേശിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് എന്ന ദുര്‍ഗന്ധ വാതകം ഉണ്ടാകും. അതാണ് ചീഞ്ഞ മുട്ടയ്ക്ക് മോശമായ ഗന്ധം ഉണ്ടാകാന്‍ കാരണം.

Content Highlights :How to know if an egg is good or bad; Here are some easy ways

To advertise here,contact us