കറിവേപ്പിലയിലെ കീടനാശിനി സാന്നിധ്യം കളയാന്‍ എളുപ്പവഴികള്‍

കറിവേപ്പിലയിലെ രാസവസ്തുക്കള്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നീക്കാം ചെയ്യാവുന്നതാണ്

നമുക്കെല്ലാം കറികളില്‍ കറിവേപ്പില നിര്‍ബന്ധമാണല്ലേ. കറിവേപ്പിലയുടെ സുഗന്ധം ഉണ്ടെങ്കില്‍ കറികളുടെ സ്വാദും ഇരട്ടിക്കും. ഔഷധഗുണങ്ങള്‍ ധാരാളമുള്ള കറിവേപ്പിലയില്‍ ആന്റി ഓക്‌സിഡന്റുകള്‍, ബയോ ആക്ടീവ് സംയുക്തങ്ങള്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. വിൽപ്പന ലക്ഷ്യമിട്ട് കൃഷി ചെയ്യുന്ന കറിവേപ്പിലകളിൽ അമിതമായി കീടനാശിനി ഉപയോഗിക്കുന്ന രീതിയുണ്ട്. അതിനാൽ തന്നെ കടകളില്‍ നിന്ന് വാങ്ങുന്ന കറിവേപ്പിലയില്‍ കീടനാശിനി സാന്നിധ്യമുണ്ടാവാം. അവ മെഴുകുപോലെ ഇലകളില്‍ പറ്റിപ്പിടിച്ചിരിക്കും. വെറുതെ കഴുകിയെടുത്താല്‍ ഈ രാസവസ്തുക്കള്‍ നീക്കം ചെയ്യാന്‍ പ്രയാസമാണ്. ഇവ പതിവായി വയറ്റില്‍ എത്തുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. കറിവേപ്പിലയിലെ രാസവസ്തുക്കള്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നീക്കാം ചെയ്യാവുന്നതാണ്. അതെങ്ങനെയെന്ന് നോക്കാം.

ഉപ്പും വിനാഗിരിയും

കറിവേപ്പില വൃത്തിയാക്കാനുള്ള ഏറ്റവും എളുപ്പവും പരമ്പരാഗതവുമായ മാര്‍ഗ്ഗമാണ് ഉപ്പും വിനാഗിരിയും കലര്‍ന്ന ഒരു ലായനി ഉപയോഗിക്കുക എന്നത്. ഉപ്പ് ഇലയുടെ പ്രതലത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇളക്കിക്കളയുന്നു. അതുപോലെ വിനാഗിരിയുടെ അസിഡിറ്റി രാസവസ്തുക്കളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരുലിറ്റര്‍ വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ഉപ്പും രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക. കറിവേപ്പില ഈ മിശ്രിതത്തില്‍ മുക്കി 10-15 മിനിറ്റ് വയ്ക്കുക. ശേഷം ഈ ഇലകള്‍ ശുദ്ധമായ വെള്ളത്തില്‍ കഴുകി എടുക്കാം.

പുളിവെള്ളത്തില്‍ മുക്കി വയ്ക്കാം

പുളിവെള്ളത്തിന്റെ അസിഡിറ്റി കറിവേപ്പില പോലെയുള്ള ഇലക്കറികളെ വൃത്തിയാക്കിയെടുക്കാന്‍ സഹായിക്കുന്നു. ഇതിലെ അസിഡിറ്റി കീടനാശിനികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പുളിവെളളത്തില്‍ ഇലകള്‍ 15 മിനിറ്റ് മുക്കിവെച്ച ശേഷം നല്ല വെള്ളത്തില്‍ കഴുകിയെടുക്കാം.

ബേക്കിംഗ് സോഡ ബാത്ത്

കീടനാശിനികളെയും മറ്റ് രാസമാലിന്യങ്ങളെയും നിര്‍വ്വീര്യമാക്കാനുളള കഴിവ് ബേക്കിംഗ് സോഡയ്ക്ക് ഉണ്ട്. അരടീസ്പൂണ്‍ ബേക്കിംഗ് സോഡ ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഇല അതില്‍ മുക്കി 15 മിനിറ്റ് വയ്ക്കുക. ബേക്കിംഗ് സോഡ ഇലകള്‍ക്ക് കേടുവരാതെ നോക്കുകയും കീടനാശിനികള്‍ നീക്കം ചെയ്യുകയും ചെയ്യും.

ചൂടുവെളളത്തില്‍ കഴുകാം

ഏത് രീതിയിലുള്ള ക്ലീനിംഗ് രീതി ഉപയോഗിച്ചാലും ഒടുവില്‍ അല്‍പ്പം ഇളം ചൂടുവെള്ളത്തില്‍ കഴുകുന്നത് അവശേഷിക്കുന്ന അവശിഷ്ടങ്ങള്‍ കൂടി നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇലകള്‍ 30 സെക്കന്റ് നേരം വെള്ളത്തില്‍ മുക്കിവയ്‌ക്കേണ്ടതുണ്ട്. കഴുകിയ ഇലകള്‍ വെള്ളം വാര്‍ന്നുപോയശേഷം സുഗന്ധം നിലനില്‍ക്കാനും വാടിപ്പോകാതിരിക്കാനും എപ്പോഴും വായു കടക്കാത്ത പാത്രത്തിലോ സിപ് ലോക്ക് കവറിലോ ഇട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

Content Highlights :Easy ways to remove pesticides from curry leaves

To advertise here,contact us