
ഏറ്റവും പോഷകസമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. നമ്മള് മലയാളികള്ക്ക് എന്താണെന്നറിയില്ല മുട്ടയോട് ഒരു പ്രത്യേക ഇഷ്ടവുമാണ് അല്ലേ?. ജിമ്മില് പോകുന്നവരും ശരീരം സംരക്ഷിക്കാന് ആഗ്രഹിക്കുന്നവരുമെല്ലാം തിരഞ്ഞെടുക്കുന്ന ഒന്നുകൂടിയാണ് മുട്ട.എന്നാല് മുട്ടയെ കുറിച്ച് പലര്ക്കും പല സംശയമാണ്. പുഴുങ്ങി കഴിക്കുന്നതാണോ വാട്ടി കഴിക്കുന്നതാണോ നല്ലത്?. മുട്ടയുടെ ഉണ്ണി കഴിക്കുമ്പോള് കൊളസ്ട്രോള് കൂടും അതുകൊണ്ട് വെള്ള കഴിച്ചാല് മതി എന്നൊക്കെ പല ധാരണകളുള്ളവരുണ്ട്.
എന്നാല് മുട്ടയെ സംബന്ധിച്ച് എല്ലാവര്ക്കും ഒരുപോലെയുള്ള ഒരു സംശയമാണ് മുട്ടയുടെ മഞ്ഞയില് നിറയെ കൊളസ്ട്രോള് ആണോ എന്നുള്ളത്. My Sugar Clinic എന്ന ഫേസ്ബുക്ക് പേജില് പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയില് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
'മുട്ടയുടെ മഞ്ഞയിലെ കൊളസ്ട്രോളിനെ സംബന്ധിച്ച വിവരങ്ങൾ പലരിലും തെറ്റിദ്ധാരണയുളവാക്കുന്ന കാര്യമാണ്. മുട്ടയുടെ വെള്ളയില് പ്രോട്ടീന് ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് വേണ്ട എല്ലാ അമിനോ ആസിഡുകളും അടങ്ങിയ കംപ്ലീറ്റ് പ്രോട്ടീനാണ് മുട്ടയുടെ വെളള. അതുപോലെ മുട്ടയുടെ മഞ്ഞ ഒരു കോഴിക്കുഞ്ഞിന് വളരാനുളള എല്ലാ പോഷകാഹാരവും ഉളള ഭാഗമാണ്. അതുകൊണ്ട് മുട്ട കഴിക്കുന്നവര് മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുമിച്ച് കഴിക്കണം. മുട്ടയുടെ മഞ്ഞയില് എല്ലാ ന്യൂട്രിയന്സും ഉണ്ട്. ഒരു ദിവസം രണ്ട് മുട്ടയൊക്കെ മുഴുവനായി കഴിക്കാം. ഇനി ജിമ്മില് പോകുന്നവരാണെങ്കില് പ്രോട്ടീന് അളവ് കൂട്ടണമെങ്കില് മുട്ടയുടെ വെളള അഞ്ചോ ആറോ എണ്ണത്തിന്റേത് കഴിക്കാം. ഒരു മുട്ടയുടെ വെള്ളയില് നിന്ന് 3.5 ഗ്രാം പ്രോട്ടീന് മാത്രമേ ലഭിക്കുകയുള്ളൂ. അഞ്ച് മുട്ട കഴിച്ചാല് 15 ഗ്രാം പ്രോട്ടീനാണ് കിട്ടുന്നത്. പ്രോട്ടീന് അളവ് കൂട്ടാന് മുട്ടയുടെ വെള്ള കഴിക്കാം. ഒരു ദിവസം ഒരാള്ക്ക് രണ്ട് മുട്ട കഴിക്കുന്നതില് കുഴപ്പമില്ലെന്നും വീഡിയോയില് പറയുന്നുണ്ട്.
മുട്ടയിലെ കൊളസ്ട്രോള് അപകടകാരിയാകുന്നത് എപ്പോള്
മുട്ടയിലെ കൊളസ്ട്രാള് അപകടകാരിയാകുന്നത് എപ്പോൾ എന്ന നിലയിലുള്ള പഠനങ്ങളും വന്നിട്ടുണ്ട്. കോഴിമുട്ട പ്രോട്ടീനും മറ്റ് പോഷകങ്ങളും താങ്ങാനാകാവുന്ന വിലയ്ക്ക് ലഭിക്കുന്ന ഭക്ഷണമാണ്. അവയില് കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്. എന്നാല് ട്രാന്സ് ഫാറ്റും പൂരിത കൊഴുപ്പും കൂടുതലുള്ള മറ്റ് ചില ഭക്ഷണങ്ങള് പോലെ മുട്ടയിലെ കൊളസ്ട്രോള് ശരീരത്തിലെ കൊളസ്ട്രോള് വര്ധിപ്പിക്കുന്നില്ല. പഠനങ്ങള് പറയുന്നത് നിങ്ങള് കഴിക്കുന്ന ഭക്ഷണത്തില് മറ്റ് കൊളസ്ട്രോള് കുറവാണെങ്കില് മുട്ട കഴിക്കുന്നത് ശരിയായായ തിരഞ്ഞെടുപ്പാണെന്നാണ്. മുട്ട ശരീരത്തിന് വളരെ ഗുണകരമാണെങ്കിലും മുട്ട കഴിക്കുന്നത് അപകടകരമായേക്കാവുന്ന ചില അവസരങ്ങളുമുണ്ടെന്ന് മയോക്ലിനിക്ക് വെബ്സൈറ്റിൽ പങ്കുവച്ച ഒരു റിപ്പോര്ട്ടില് പറയുന്നു. മുട്ടയും ഹൃദ്രോഗവുംതമ്മില് ബന്ധമുണ്ടെന്ന് പറയാറുണ്ടെങ്കിലും ബേക്കണ്, സോസേജ്, മാംസം എന്നിവയോടൊപ്പം മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വര്ധിപ്പിച്ചേക്കാമെന്ന് പഠനങ്ങള് പറയുന്നുണ്ട്. അതുപോലെ മുട്ട പാചകം ചെയ്യുമ്പോള് എണ്ണയിലും മറ്റും വറുത്തെടുക്കുന്ന രീതി ഹൃദ്രോഗ സാധ്യത വര്ധിപ്പിച്ചേക്കാം.
Content Highlights :Cholesterol in egg yolk; Here are the answers to your doubts..