സവാളയ്ക്ക് പുറമേയുള്ള ആ കറുത്ത പൊടി അപകടകാരിയോ?

എന്താണ് ഈ കറുത്തപൊടി, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമോ എന്നെല്ലാം നിങ്ങളും ചിന്തിച്ചിട്ടില്ലേ.

അരിയുമ്പോള്‍ കരയുമെങ്കിലും സവാളയില്ലാത്ത ഇന്ത്യന്‍ വിഭവങ്ങള്‍ കുറവാണ്. ഒഴിച്ചുകൂടാനാവാത്ത ഈ ചേരുവ ഇന്ത്യന്‍ വിഭവങ്ങള്‍ക്കൊപ്പം സാലഡ് രൂപത്തിലും നാം കഴിക്കാറുണ്ട്. അതിനാല്‍ തന്നെ പലപ്പോഴും കൂടുതല്‍ അളവിലാണ് നാം സവാള വാങ്ങി സൂക്ഷിക്കാറുള്ളത്. പലപ്പോഴും ഇത്തരത്തില്‍ സൂക്ഷിക്കുന്ന സവാളയുടെ പുറമേ ഒരു കറുത്ത പൊടി പ്രത്യക്ഷപ്പെടാറില്ലേ. എന്താണ് ഈ കറുത്തപൊടി, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമോ എന്നെല്ലാം നിങ്ങളും ചിന്തിച്ചിട്ടില്ലേ.

എന്താണ് ഈ കറുത്ത നിറത്തിലുള്ള പൊടി?

ഈര്‍പ്പമുള്ള ചുറ്റുപാടില്‍ വളരുന്ന ആസ്‌പെര്‍ജില്ലസ് നൈഗെര്‍ എന്ന ഫംഗസാണ് ഈ കറുത്ത നിറത്തിലുള്ള പൊടി. വായുസഞ്ചാരമില്ലാത്ത ഇടങ്ങളില്‍, പ്ലാസ്റ്റിക് സഞ്ചികളിലെല്ലാം സൂക്ഷിക്കുന്ന സവാളയിലാണ് ഇത് പ്രത്യക്ഷപ്പെടുക.

ആരോഗ്യത്തെ ബാധിക്കുമോ?

സവാളയുടെ പുറംഭാഗത്താണ് ഇത് കാണപ്പെടുന്നത് എന്നതിനാല്‍ തന്നെ ഈ ഭാഗം ഉരിഞ്ഞുകളഞ്ഞ് സവാള ഉപയോഗിക്കാം എന്നാണ് വിദഗ്ധര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്. ഈ സവാള വൃത്തിയാക്കിയതിന് ശേഷം നല്ല രീതിയില്‍ കഴുകുകയും വേണം.

സവാളയുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന ഇവ അകത്തേക്ക് ബാധിക്കാന്‍ സാധ്യത തുടക്കത്തില്‍ കുറവാണ്. എന്നാല്‍ പ്രതിരോധ ശക്തി കുറവുള്ള, ശ്വാസകോശ സംബന്ധമായ അസുഖമുള്ള, ആസ്തമയുള്ള ആരും ഈ സവാള ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ഉത്തമം.

ഉപയോഗിക്കാതിരിക്കേണ്ട സന്ദര്‍ഭങ്ങള്‍

ഫംഗസ് കാണപ്പെടുന്നതിനൊപ്പം സവാള ചീയുകയും മണം വരികയും ചെയ്യുന്നുണ്ടെങ്കില്‍ അത് അപ്പാടെ കളയുന്നതാണ് നല്ലത്.

പുതുമ നഷ്ടപ്പെട്ട് വാടിയ പോലെ ഇരിക്കുക, അമര്‍ത്തുമ്പോള്‍ മൃദുവായിരിക്കുകയും, ഞെങ്ങിപ്പോവുകയും ചെയ്യുക.

ഫംഗസ് ബാധ എങ്ങനെ തടയാം

സവാള ആവശ്യത്തിനുള്ളത് മാത്രം വാങ്ങി സൂക്ഷിക്കുക എന്നതാണ് പ്രതിവിധി

പ്ലാസ്റ്റിക് ബാഗുകളില്‍ സൂക്ഷിക്കാതെ ഇരിക്കുക

കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലും പാസ്റ്റിക് ബോക്‌സുകളിലും അടച്ചുസൂക്ഷിക്കാതെ ഇരിക്കുക.

ഉരുളക്കിഴങ്ങിനൊപ്പവും സവാള സൂക്ഷിക്കരുത്.

Content Highlights: Is it safe to eat black powdered onions?

To advertise here,contact us