പൊരിച്ച മീനിനും ചിക്കനുമൊപ്പം വട്ടത്തിലരിഞ്ഞ സവാള:ഗാർണിഷ് മെറ്റീരിയൽ അല്ല സവാള;ഹൃദ്രോഗങ്ങളിൽ നിന്ന് വരെ രക്ഷ

ഷെഫ് അത് ചുമ്മാ ഒരു ഭംഗിക്ക് വയ്ക്കുന്നതല്ലേ എന്നാണോ കരുതിയിരുന്നത്

പൊരിച്ച മീനിനൊപ്പം, അല്ലെങ്കില്‍ ചിക്കന്‍ 65നൊപ്പം വട്ടത്തില്‍ മുറിച്ചുവച്ച സവാള ഹോട്ടലുകാര്‍ വിളമ്പുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ഷെഫ് അത് ചുമ്മാ ഒരു ഭംഗിക്ക് വയ്ക്കുന്നതല്ലേ എന്നാണോ മനസ്സില്‍ ഉയരുന്ന ചോദ്യം. ഉത്തരേന്ത്യക്കാരുടെ ഭക്ഷണരീതി ശ്രദ്ധിച്ചിട്ടുണ്ടോ, അവര്‍ പൊരിച്ച വിഭവത്തിനൊപ്പം മാത്രമല്ല, ചോറിനും പരിപ്പുകറിക്കും, ചപ്പാത്തിക്കും സബ്ജിക്കും ഒപ്പവും എല്ലാം ഇത്തരത്തില്‍ സവാളയുടെ കഷ്ണങ്ങള്‍ വിളമ്പാറുണ്ട്.

സവാളയില്‍ നാരാങ്ങാ നീര് പിഴിഞ്ഞ് സ്വാദിനായി ഉപ്പുചേര്‍ത്ത് കഴിക്കുന്നവരും, അല്പം വെളിച്ചെണ്ണയും മുളകുപൊടിയും തൂവി കഴിക്കുന്നവരും, വിനാഗിരി ചേര്‍ത്തുകഴിക്കുന്നവരും, തൈരില്‍ സവാളയരിഞ്ഞുചേര്‍ത്ത് കഴിക്കുന്നവരുമെല്ലാമുണ്ട്. ലളിത ഭക്ഷണത്തിന് ഒരു റിച്ച് ഫീല്‍ നല്‍കാന്‍ കെല്‍പുള്ളവയാണ് സവാള. എന്നാല്‍ രുചിക്കും ശീലത്തിനുമപ്പുറം ഇത്തരത്തില്‍ സവാള കഴിക്കുന്നതിന് പിന്നില്‍ അല്പം ആരോഗ്യ കാരണങ്ങളുമുണ്ട്.

സവാളയില്‍ കൂളിങ് പ്രോപ്പര്‍ട്ടീസ് ധാരാളം അടങ്ങിയിരിക്കുന്നു. വേനല്‍ കടുക്കുന്ന സമയത്ത് ഗാര്‍ണിഷ് എന്നതിലുപരി വേനല്‍ അതിജീവനത്തിനുള്ള ഒരു മാര്‍ഗം കൂടിയാണ് സവാള. ശരീരത്തിലെ താപനില ക്രമീകരിക്കാന്‍ സവാളയ്ക്ക് കഴിയുമെന്നും ചൂടില്‍ നിന്ന് സംരക്ഷിക്കുമെന്നുമാണ് കരുതുന്നത്. അകുകൊണ്ടാണ് റൊട്ടിയുടെ കൂടെ പലപ്പോഴും സവാള പച്ചയ്ക്ക് ഉത്തരേന്ത്യക്കാര്‍ ഭക്ഷണമാക്കുന്നത്. സവാളയില്‍ വെള്ളവും അടങ്ങിയിട്ടുണ്ട്. സവാള കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഫ്‌ലൂയിഡ് പ്രത്യേക ശ്രമം ഇല്ലാതെ തന്നെ നല്‍കും.

ഇനി ദഹനത്തിന് എങ്ങനെ സഹായിക്കുന്നുവെന്ന് നോക്കാം. പച്ച സവാളയില്‍ പ്രിബയോട്ടിക്‌സ് ധാരാളം അടങ്ങിയിട്ടുണ്ട്. ഗട്ടിലെ നല്ല ബാക്ടിരീയകളെ അവ സഹായിക്കും. അതിനാല്‍ അല്പം ഭക്ഷണം കൂടുതല്‍ കഴിച്ചുപോയാല്‍ അതിനൊപ്പം അല്പം പച്ച സവാള കൂടി കഴിക്കുന്നത് ദഹനം സുഗമമായി നടക്കാന്‍ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സവാള കഴിക്കുന്നത് നല്ലതാണ്. ഇന്‍സുലിന്‍ നിങ്ങളുടെ ശരീരം ഉപയോഗിക്കുന്നത് മെച്ചപ്പെടുത്തുന്നതിനായി സഹായിക്കുന്ന ഘടകങ്ങള്‍ സവാളയിലുണ്ട്. പറാത്ത, ചോറ്, ബിരിയാണി തുടങ്ങി കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനൊപ്പം അല്‍പം പച്ച സവാള കഴിക്കുന്നത് അതിനാല്‍ എന്തുകൊണ്ടും നല്ലതാണ്. രക്തത്തിലെ പഞ്ചസാര അധികരിക്കാതിരിക്കാന്‍ ഇത് സഹായിക്കും. അതുപോലെ രക്തം നേര്‍പ്പിക്കാന്‍ കെല്‍പുള്ള ധാരാളം ആന്റിഓക്‌സിഡന്റ് സവാളയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. സ്വാഭാവികമായും ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനാകും.

ആരോഗ്യകാരണങ്ങള്‍ക്കുപരി ഇന്ത്യക്കാര്‍ എല്ലാ വിഭവങ്ങളിലും സവാള ചേര്‍ക്കുന്നതിന്റെ പ്രധാന കാരണം രുചി തന്നെയാണ് എന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. സവാള ഇന്ത്യക്കാര്‍ക്ക് ഒരു ശീലമാണ്, രുചിയാണ് അതിലുപരി ഒരു ട്രഡീഷനാണ്. അതിന്റെയെല്ലാം മൂലകാരണം ആരോഗ്യഗുണങ്ങളാണെന്ന് മാത്രം.

Content Highlights: Raw onion is not just for crunch or garnish it has healthy benefits

To advertise here,contact us