നിങ്ങളറിയാതെ നിങ്ങളെ രോഗികളാക്കുന്ന ഭക്ഷണങ്ങള്‍; മരണം പോലും സംഭവിച്ചേക്കാം!

നമ്മെ രോഗികളാക്കാന്‍ കഴിയുന്ന പല അണുക്കളും ഭക്ഷണങ്ങളില്‍ അടങ്ങിയിട്ടുണ്ട്

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ മൂലമാണ് സംഭവിക്കുന്നത്. ഇഷ്ടമുളള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കളെക്കുറിച്ച് നാം ചിന്തിക്കാറില്ല. പക്ഷേ നമ്മെ രോഗികളാക്കാന്‍ കഴിയുന്ന പല അണുക്കളും ഭക്ഷണങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട സാല്‍മൊണല്ല ബാക്ടീരിയ ദഹനനാളത്തെയും കുടലിനെയും ബാധിക്കുന്ന ബാക്ടീരിയയാണ്.

ഇനി പറയുന്ന ഭക്ഷണങ്ങളിലെല്ലാം സാല്‍മൊണല്ല അടങ്ങിയിട്ടുണ്ട്

നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഭക്ഷ്യവസ്തുക്കളില്‍ പോലും സാല്‍മൊണല്ല ബാക്ടീരിയ ഒളിഞ്ഞിരിക്കുന്നുണ്ട്. മസാലപൊടികള്‍ മുതല്‍ തണ്ണിമത്തന്‍ വരെ ഉളള പല ഭക്ഷണപദാര്‍ഥങ്ങളിലും ഇവ അടങ്ങിയിട്ടുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണല്ലേ?

അസംസ്‌കൃത ചിക്കന്‍ സാല്‍മൊണെല്ലയുടെ ഒരു ഹോട്ട് സ്‌പോട്ടാണ്. ചിക്കന്‍ പൂര്‍ണമായി വെന്തില്ലെങ്കില്‍ സാല്‍മൊണെല്ല ശരീരത്തില്‍ പ്രവേശിക്കും. കോഴികളില്‍ കണ്ടുവരുന്ന ' സാല്‍മൊണല്ലോസിസ്' എന്ന അസുഖം മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണ്. അസുഖം ബാധിച്ച കോഴിയുടെ കാഷ്ഠത്തിലൂടെയും കോഴിയിറച്ചിയിലൂടെയും മുട്ടയിലൂടെയും ആണ് അസുഖം പകരുന്നത്.

തുളസി, മല്ലിയില, പാഴ്‌സ്‌ലി ഇല തുടങ്ങിയവയില്‍ സാല്‍മൊണെല്ല, സൈക്ലോസ്‌പോറ, ഇ-കോളി എന്നിങ്ങനെ ഒന്നിലധികം ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. സുഗന്ധ വ്യഞ്ജനങ്ങളും ഉണക്കി പൊടിച്ച മസാലകളും ചിലപ്പോഴൊക്കെ അപകടകരമാണ്. മല്ലി, തുളസി, ഒറിഗാനോ, എളള്, കുരുമുളക്, ജീരകം,കറിപ്പൊടികള്‍ എന്നിവയും സുരക്ഷിതമല്ല.

പച്ചയായതോ, വേവിക്കാത്തതോ ആയ മുട്ടകള്‍ കഴിക്കുന്നത് അസുഖങ്ങള്‍ക്ക് കാരണമാകും. വയറിളക്കം,മലബന്ധം, പനി എന്നിവയൊക്കെ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മുട്ട കഴിക്കുമ്പോള്‍ എപ്പോഴും പൂര്‍ണമായി വേവിച്ച് കഴിക്കുക. മയൊണൈസ് കഴിക്കുന്നതും ഒഴിവാക്കുക.

നട്ട്, സീഡ് ബട്ടറുകള്‍ എന്നിവയിലും സാല്‍മൊണെല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. കുക്കികളിലുും ഐസ്‌ക്രീമുകളിലും ഒക്കെ ഇവ അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് പീനട്ട് ബട്ടറില്‍. 2023 അവസാനത്തില്‍ മെക്‌സിക്കോയില്‍ മത്തങ്ങയില്‍ നിന്ന് ബാധിക്കുന്ന സാല്‍മൊണെല്ല യുഎസില്‍ കുറഞ്ഞത് 302 പേരെയെങ്കിലും ബാധിക്കുകയും നിരവധിപേരെ ആശുപത്രിയിലാക്കുകയും ചെയ്തു. ഈ ദുരന്തത്തില്‍ യുഎസില്‍ നിന്നും കാനഡയില്‍ നിന്നുമായി 10 പേരാണ് മരിച്ചത്.

കടല, പയര്‍ പോലെയുളള വേവിക്കാത്ത മുളപ്പിച്ച പയറുവര്‍ഗങ്ങളിലും അവയുടെ ഈര്‍പമുള്ള വളര്‍ച്ചാ സാഹചര്യങ്ങള്‍ സാല്‍മൊണെല്ല, ഇ-കോളി, ലിസ്റ്റീരിയ എന്നിവയുടെ വാസസ്ഥലമാണ്. കൂടാതെ അസംസ്‌കൃത മത്സ്യങ്ങളിലും തക്കാളി, പോപ്‌കോണ്‍ തുടങ്ങിയവയിലും ബാക്ടീരിയകള്‍ അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്.

കോഴിയിറച്ചി ഉണ്ടാകുമ്പോള്‍ ശ്രദ്ധിക്കാന്‍

1 വിനാഗിരിയോ നാരങ്ങാനീരോ ചേര്‍ത്ത വെള്ളം ഉപയോഗിച്ച് കോഴിയിറച്ചി നന്നായി കഴുകുക. സാധാരണ വെള്ളത്തില്‍ കഴുകുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യും

2 ചിക്കന്‍ കഴുകിയ ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കി കഴുകുക

3 മാംസവും പച്ചക്കറികളും വൃത്തിയാക്കാന്‍ ഒരേ കത്തി ഉപയോഗിക്കാതിരിക്കുക

4 പാകം ചെയ്ത മാംസവും പാകം ചെയ്യാത്ത മാംസവും ഒരുമിച്ച് സൂക്ഷിക്കരുത്.

Content Highlights :Learn about the foods that are making you sick without you knowing it

To advertise here,contact us