ബുധനാഴ്ചയാണ് ട്രൂത്ത് സോഷ്യലില് പുതിയൊരു അവകാശവാദവുമായി ട്രംപ് എത്തിയത്. 'ഇതൊരു നല്ല നീക്കമാണ്, നിങ്ങള് നോക്കിക്കൊള്ളൂ ഇത് മികച്ചതായിക്കും' എന്നു പറഞ്ഞുകൊണ്ട് കൊക്ക കോളയില് ഇനി കരിമ്പിന് പഞ്ചസാര മാത്രമേ ഉപയോഗിക്കൂവെന്ന് ട്രംപ് പ്രഖ്യാപിച്ചു. കോണ് സിറപ്പ് മാറ്റി പഞ്ചസാര ഉപയോഗിക്കാനുള്ള തന്റെ നിര്ദേശത്തെ കമ്പനി സ്വീകരിച്ചു എന്ന രീതിയിലാണ് ഇക്കാര്യം ട്രംപ് പ്രസ്താവിച്ചത്. അമേരിക്കയില് അടുത്തമാസം മുതല് കൊക്ക കോളയുടെ ഉല്പാദനം ഇപ്രകാരമായിരിക്കുമെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. എന്നാല് ഇതിനോടുള്ള കമ്പനിയുടെ പ്രതികരണം അല്പം കുഴപ്പിക്കുന്നതായിരുന്നു. ട്രംപിന്റെ അവകാശ വാദത്തെ അവര് സ്ഥിരീകരിച്ചില്ല മറിച്ച് പ്രസിഡന്റിന്റെ കോക്ക കോളയോടുള്ള താല്പര്യത്തില് സന്തോഷമുണ്ടെന്നും പുതിയ വിവരങ്ങള് ഉടന് പങ്കിടുമെന്നുമാണ് അവര് പ്രതികരിച്ചത്.
സത്യത്തില് എന്താണ് കോള കമ്പനിയുടെ തീരുമാനം?
പാനീയങ്ങളില് പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനായുള്ള ശ്രമങ്ങളെ പറ്റി ഏപ്രിലില് കമ്പനി സിഇഒ ജെയിംസ് ക്വിന്സി നിക്ഷേപകരോട് പറഞ്ഞിരുന്നു. എന്നാല് കോണ് സിറപ്പിന് പകരം കരിമ്പിന് പഞ്ചസാരയാണ് ഉപയോഗിക്കാന് തീരുമാനിച്ചതെന്നൊന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.
എന്നാല് പുതിയ തീരുമനാനത്തെ അമേരിക്കയിലെ കോണ് കര്ഷകര് അല്പം നീരസത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത്. പുതിയ തീരുമാനം അമേരിക്കയിലെ ഭക്ഷ്യ ഉല്പാദന മേഖലയിലെ തൊഴിലവസരങ്ങളെയും കര്ഷകരുടെ വരുമാനത്തെയും മോശമായി ബാധിക്കുമെന്ന് കോണ് റിഫൈനേഴ്സ് അസോസിയേഷന് പ്രസിഡന്റും സിഇഒയുമായ ജോണ് ബോഡ് ഒരു പ്രസ്താവനയില് പറഞ്ഞു. തന്നെയുമല്ല വിദേശത്ത് നിന്ന് വന്തോതില് പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടിയും വരും. പ്രത്യേകിച്ച് യാതൊരു ആരോഗ്യ ഗുണവുമില്ലാത്ത കാര്യത്തിന് വേണ്ടിയാണ് ഈ ഒരു തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. ട്രംപ് പറയുന്നത് സത്യമാണെങ്കില് ഇപ്രകാരം കരിമ്പിന് പഞ്ചസാര ചേര്ക്കുന്നത് പ്രതിവര്ഷം 800 മുതല് 900 മില്യണ് ഡോളര് വരെ അധിക ചെലവിന് കാരണമാകുമെന്നാണ് വിദഗ്ധര് പറയുന്നത്.
ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യവസ്തുക്കളില് കോണ് സിറപ്പ്, സീഡ് ഓയില്, ആര്ട്ടിഫിഷ്യല് ഡൈ എന്നിവ ഉപയോഗിക്കരുതെന്ന് യുഎസ് ഹെല്ത്ത് സെക്രട്ടറി നേരത്തേ നിര്ദേശിച്ചിരുന്നു. ഡയറ്റ് കോക്ക് പതിവായി കുടിക്കുന്ന വ്യക്തിയാണ് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ഇതില് കൃത്രിമ മധുരമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഉയര്ന്ന അളവില് ക്ലോറേറ്റ് എന്ന രാസവസ്തു കണ്ടെത്തിയതിനെ തുടര്ന്ന് യൂറോപ്യന് രാജ്യങ്ങളില് കൊക്ക കോള നിരോധിച്ചിരുന്നു.
Content Highlights: Trump Says Coca-Cola Agreed to Use Real Sugar in U.S. But Coca-Cola Refuses to Confirm.