
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം അല്പം ലേറ്റായാല്‍ തന്നെ അസ്വസ്ഥരാകുന്നവരാണ് നാം.അപ്പോള്‍ കാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്നത് നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമല്ലെങ്കിലോ? സ്വാഭാവികമായും ദേഷ്യം ഇരട്ടിയാകുന്നത് സ്വാഭാവികം. എന്നാല്‍ ജപ്പാനില്‍ ഒരു റെസ്റ്ററന്‍റുണ്ട്. ഇവിടെ നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമായിരിക്കില്ല നിങ്ങള്‍ക്ക് ലഭിക്കുക. അതായത് നിങ്ങള്‍ വെജിറ്റബിള്‍ ന്യൂഡില്‍സ് ഓര്‍ഡര്‍ ചെയ്താല്‍ ഒരുപക്ഷെ ലഭിക്കുക സൂപ്പായിരിക്കും. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടുത്തെ ഉപഭോക്താക്കള്‍ക്കാര്‍ക്കും ഒരു പരാതിയുമില്ല. ക്യോട്ടോയിലുള്ള ഈ റസ്റ്ററന്‍റില്‍ വിളമ്പുന്നത് ഭക്ഷണം മാത്രമല്ല, സഹാനുഭൂതിയും സാഹോദര്യവും പങ്കാളിത്തവും മനസ്സിലാക്കലും ചേര്‍ത്തുപിടിക്കലുമെല്ലാമാണ്.
ജപ്പാന്‍ ക്യോട്ടോയിലുള്ള ഡിമന്‍ഷ്യ ബാധിച്ചവരുടെ ഈ റെസ്റ്ററന്റ് പലതവണ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ആതിഥേയത്വത്തിന്റെ മാനുഷിക മുഖം കാണുന്നതിന് വേണ്ടി മാത്രമായിരിക്കണം നിങ്ങള്‍ ഇവിടെ എത്തേണ്ടതെന്നുമാത്രം.
തുടക്കം
ടെലിവിഷന്‍ സംവിധായകനായ ഷിരോ ഓഗുനിയാണ് ഈ ബിസിനസ് ആരംഭിക്കുന്നത്. ഇവിടെ ജോലി ലഭിക്കുന്നതിന് വേണ്ട പ്രാഥമിക ക്വാളിഫിക്കേഷന്‍ ഡിമന്‍ഷ്യയുള്ളവരായിരിക്കണം എന്നുള്ളതാണ്.
എന്തുകൊണ്ട് വിചിത്രമായ തീരുമാനം
ഒരു നഴ്‌സിങ് ഹോമില്‍ വനച്ച് തനിക്കുണ്ടായ അനുഭവമാണ് ഇങ്ങനെ ഒരു ഹോട്ടല്‍ ആരംഭിക്കുന്നതിന് ഷിരോയെ പ്രേരിപ്പിച്ചത്. ഷിരോ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമായിരുന്നില്ല അദ്ദേഹത്തിന് നഴ്‌സിങ് ഹോമില്‍ നിന്ന് ലഭിച്ചത്. തുടക്കത്തില്‍ മാറി ലഭിച്ചത് അദ്ദേഹം തിരിച്ചുനല്‍കാനാണ് തീരുമാനിച്ചത്. എന്നാല്‍ പിന്നീടാണ് താന്‍ എവിടെയാണെന്ന കാര്യം അദ്ദേഹം ഓര്‍ക്കുന്നതും അത് സ്വീകരിക്കാന്‍ തീരുമാനിക്കുന്നതും. ചുറ്റുമുള്ളവര്‍ അനുഭവിക്കുന്ന വെല്ലുവിളികളെ ബഹുമാനിച്ച് കൊണ്ട് അവര്‍ നല്‍കുന്നത് സ്വീകരിക്കുന്നത് ഒരു കാരുണ്യപ്രവര്‍ത്തനം കൂടിയല്ലേ എന്ന ചിന്ത അദ്ദേഹത്തില്‍ ഉടലെടുക്കുന്നതും അപ്പോഴാണ്.
2021ലാണ് ഇന്‍സ്റ്റഗ്രാമില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവരുന്നത്. ലോകം മുഴുവന്‍ ആ ആശയത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ലോകത്ത് ഇതുപോലുള്ള ഇടങ്ങള്‍ ഇനിയുംവേണമെന്ന് റെസ്റ്ററന്റ് സന്ദര്‍ശിച്ചവരെല്ലാം ഒരുപോലെ അഭിപ്രായപ്പെടുകയും ചെയ്തു. 37 ശതമാനം ഓര്‍ഡറുകളും പരസ്പരം തെറ്റിപ്പോകാറുണ്ടെന്നും പക്ഷെ അത് ലഭിക്കുന്ന ഉപഭോക്താക്കള്‍ ചിരിയോടെയാണ് അത് സ്വീകരിക്കുന്നതെന്നും പറയുന്നു.
ഇപ്പോഴിതാ ഈ റെസ്റ്ററന്റിനെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുല്‍ദീപ് സിംഘാനിയ എന്ന ഇന്‍ഫ്‌ളുവന്‍സര്‍. ഒരു പനീര്‍ പിസയ്ക്ക് കുല്‍ദീപ് ഓര്‍ഡര്‍ ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിസ്സയ്ക്ക് പകരം പക്ഷെ കുല്‍ദീപിന് ലഭിച്ചത് കുക്കീസാണ്. എന്നാല്‍ ചിരിയോടെ താങ്ക്യു എന്നുപറഞ്ഞുകൊണ്ടാണ് കുല്‍ദീപ് ആ ഓര്‍ഡര്‍ സ്വീകരിക്കുന്നത്. 99 ശതമാനം ആളുകളും ഇവിടെ നിന്ന് സന്തോഷത്തോടെയാണ് ഭക്ഷണം കഴിച്ച് ഇറങ്ങുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.
Content Highlights: You Never Know What You'll Get: The Eatery That's a Hit Despite the Uncertainty