പല നാട്ടില്‍ പല പല എണ്ണകള്‍; ഇന്ത്യന്‍ മണ്ണിലെ എണ്ണ കേമന്മാര്‍

കാലാവസ്ഥയ്ക്കും, ഭക്ഷണത്തിനുമനുസരിച്ച് ഉപയോഗിക്കുന്ന എണ്ണയിൽ മാറ്റമുണ്ടാകും

icon
dot image

പാചകത്തിനായി പലതരം എണ്ണകൾ ഉപയോഗിക്കുന്ന ആളുകളാണ് നമ്മൾ. വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, നല്ലെണ്ണ, കടുക് എണ്ണ, നെയ്യ് എന്നിവയെല്ലാം അടുക്കളയിലെ പ്രധാനികളാണ്. എണ്ണയുടെ ഉപയോഗം ഭക്ഷണം പാകം ചെയ്യുമ്പോൾ സ്വാദ് കൂടാന്‍ മാത്രമല്ല, മിതമായ അളവിലാണെങ്കില്‍ ആരോഗ്യ സംരക്ഷണത്തിനുമെല്ലാം സഹായിക്കുന്നു. കാലാവസ്ഥയ്ക്കും, ഭക്ഷണ വിഭവത്തിനും അനുസരിച്ച് ഉപയോഗിക്കുന്ന എണ്ണകൾ മാറി മാറി വരും. ഉദാഹരണത്തിന്, ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന എണ്ണയല്ല തെക്കന്‍ സംസ്ഥാനങ്ങളിലുള്ളത്. അതുപോലെ, അച്ചാറിന് ഉപയോഗിക്കുന്ന എണ്ണയല്ല സാമ്പാറിൽ ഉപയോഗിക്കുക. ഇത്തരം വ്യത്യാസങ്ങൾ എണ്ണകളുടെ ഉപയോഗത്തിൽ കണ്ടുവരുന്നു. ഇന്ത്യക്കാർ ഉപയോ​ഗിക്കുന്ന വ്യത്യസ്ത എണ്ണകൾ ഏതൊക്കെ എന്ന് നോക്കാം.

കടുക് എണ്ണ

പ്രത്യേക ചുവയും കടുപ്പവുമുള്ള എണ്ണയാണ് കടുക് എണ്ണ. ഇത് കൂടുതലായും ഇന്ത്യയുടെ വടക്കൻ, കിഴക്കൻ സംസ്ഥാനങ്ങളിലാണ് ഉപയോഗിച്ച് വരുന്നത്. കേരളത്തിലും കടുക് എണ്ണയുടെ ഉപയോഗം ഇപ്പോൾ പ്രചാരത്തിൽ വരുന്നുണ്ട്. ബംഗാളിലെ ഭക്ഷണങ്ങളിൽ അവർ പ്രധാനമായി ഉപയോഗിക്കുന്നത് കടുക് എണ്ണയാണ്. കടുക് എണ്ണയിൽ തയ്യാറാക്കിയ മസാലകൾക്ക് കാണുമ്പോൾ ഒരു തിളക്കവും, കടുപ്പം തോന്നിക്കുന്ന ഒരു രുചിയുമായിരിക്കും.

Image

ശരീരത്തിൽ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് കടുക് എണ്ണ സഹായിക്കുന്നു. കൂടാതെ കടുക് എണ്ണ പച്ചയ്‌ക്കോ, അൽപം ചൂടാക്കിയതോ കഴിക്കുന്നത്, ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പ് പ്രദാനം ചെയ്യുന്നു.

വെളിച്ചെണ്ണ

കേരളത്തിലെ പാചകത്തിൽ പ്രധാനിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിന് പ്രത്യേക രുചിയുണ്ട്. എന്തെങ്കിലും പൊരിക്കുന്നതിനും, കറികൾക്ക് കടുക് വറക്കുന്നതിനുമൊക്കെ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് സ്വാദ് കൂട്ടാൻ സഹായിക്കുന്നു. കടുകും, കറിവേപ്പിലയുമായി ഏറ്റവും നല്ല ബന്ധമുള്ള എണ്ണ വെളിച്ചെണ്ണയാണ്. ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള വെളിച്ചെണ്ണ ദഹനത്തിനും സഹായിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എള്ളെണ്ണ (നല്ലെണ്ണ)

തമിഴ്, ആന്ധ്രാ പ്രദേശങ്ങളിലാണ് എള്ളെണ്ണ കൂടുതലായും ഉപയോഗിച്ച് കാണാറുള്ളത്. കേരളത്തിൽ അച്ചാറ് പോലെയുള്ള വിഭവങ്ങളുണ്ടാക്കാനാണ് എള്ളെണ്ണ ഉപയോഗിക്കുന്നത്. ഒരു പ്രത്യേക ഗന്ധമാണ് എള്ളെണ്ണയ്ക്ക് ഉള്ളത്. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ എള്ളെണ്ണ ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു.

നെയ്യ്

സാധാരണ കേരളത്തിൽ ദിവസേന ഉപയോഗിക്കുന്ന എണ്ണയല്ല നെയ്യ്. പായസത്തിൽ, ഇടയ്ക്ക് ദോശയിൽ, പലഹാരങ്ങളിൽ എല്ലാം നമ്മൾ നെയ്യ് ഉപയോഗിക്കുന്നു. നെയ്യിന് ധാരാളം ഗുണങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ, കൊഴുപ്പ് ലയിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനുകളാലും സമ്പന്നമാണ്. കൂടാതെ വയറിനും നല്ലതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

സൂര്യകാന്തി എണ്ണ

കേരളത്തിലെ അടുക്കളകളിൽ പ്രാധാനമായി കണ്ടുവരുന്ന എണ്ണയാണ് സൂര്യകാന്തി എണ്ണ. വറുക്കുന്നതിനായാണ് കൂടുതലും ഇത് ഉപയോഗിക്കുന്നത്.

സൂര്യകാന്തി എണ്ണയ്ക്ക് പ്രത്യേക രുചിയുണ്ടെങ്കിലും ഇത് നിങ്ങളുടെ വിഭവത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല. കൂടാതെ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Content Highlight; Best Indian Food Pairings with Cooking Oils

To advertise here,contact us
To advertise here,contact us
To advertise here,contact us