മൈസൂര്‍ ശ്രീയെന്ന് പേരുമാറ്റിയ മൈസൂര്‍ പാക്ക് ഉണ്ടാക്കുന്നത് ഇങ്ങനെ

പേര് മാറിയ മൈസൂര്‍ പാക്കിനെക്കുറിച്ച് ചില കാര്യങ്ങള്‍...ഒപ്പം മൈസൂര്‍ ശ്രീ ഉണ്ടാക്കുന്ന വിധവും

പ്രിയപ്പെട്ട മധുര പലഹാരമായ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ' മൈസൂര്‍ ശ്രീ ' എന്നാക്കിയതായി കടയുടമകള്‍ അറിയിച്ച വിവരം മധുരപ്രേമികള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ? ഇന്ത്യ-പാക്ക് സംഘര്‍ഷത്തെ തുടര്‍ന്നാണ് ജയ്പൂരിലെ വ്യാപാരികള്‍ മൈസൂര്‍ പാക്കിന്റെ പേര് മാറ്റിയത്. ഈ പലഹാരത്തിന് പാകിസ്ഥാനുമായി ബന്ധമുണ്ടായതുകൊണ്ടല്ല അതിന്റെ പേര് മാറ്റിയത്. മറിച്ച് പേരില് പോലും പാക് എന്ന് വരാതിരിക്കുന്നതിനായിരുന്നു.

പാക്ക് എന്നാല്‍ മധുരം എന്നാണ് അര്‍ഥം. 'പാക്' അല്ലെങ്കില്‍ 'പാകാ' എന്ന വാക്ക് കന്നടയില്‍നിന്നാണ് വന്നത്. മധുരം ഉണ്ടാക്കല്‍, സിറപ്പ് എന്നിങ്ങനെയൊക്കെയാണ് ഇതിന്റെ അര്‍ഥം. സംസ്‌കൃത പദമായ 'പക്വ' യില്‍ നിന്നാണ് ഇതിന്റെ ശരിയായ ഉത്ഭവം എന്ന് പറയുന്നു. സംസ്‌കൃതത്തില്‍ ഇതിന്റെ അര്‍ഥം ബേക്ക് ചെയ്തത് എന്നാണ്.

മൈസൂര്‍ പാക്ക് വന്ന വഴി

ലോകമെമ്പാടുമുള്ള ആളുകള്‍ സവിശേഷമായ രുചിയും ഘടനയും കൊണ്ട് ഇഷ്ടപ്പെടുന്ന ഒരു പരമ്പരാഗത ദക്ഷിണേന്ത്യന്‍ മധുരപലഹാരമാണ് മൈസൂര്‍ പാക്ക്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കര്‍ണാടകയിലെ മൈസൂരിലെ രാജകൊട്ടാരത്തിലാണ് മൈസൂര്‍ പാക്ക് ആദ്യമായി തയ്യാറാക്കിയത്. രാജാവ് കൃഷ്ണരാജ വാഡിയാര്‍ നാലാമന്റെ കാലത്താണ് ഇത് നിര്‍മ്മിച്ചത്. രാജകീയ പാചകക്കാരനായ കാകാസുര മാടപ്പയാണ് കടലമാവ്, പഞ്ചസാര, നെയ്യ് എന്നിവ ഉപയോഗിച്ച് ഈ മധുരപലഹാരം കണ്ടുപിടിച്ചത്.

രാജാവിന് പലഹാരം വളരെയധികം ഇഷ്ടപ്പെട്ടതിനാല്‍ അദ്ദേഹം അതിന് മൈസൂര്‍ നഗരത്തിന്റെ പേര് നല്‍കി.മൈസൂര്‍ പാക്ക് വെറുമൊരു മധുരപലഹാരം മാത്രമല്ല, ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. ഉത്സവങ്ങള്‍, വിവാഹങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയില്‍ ഇത് ഒരു പ്രധാനപ്പെട്ട വിഭവമാണ്.

മൈസൂര്‍ പാക്കിന്റെ വകഭേദങ്ങള്‍

മൈസൂര്‍ പാക്ക് പല സ്ഥലങ്ങളില്‍ പല പേരുകളിലും രുചികളിലും അറിയപ്പെടുന്നുണ്ട്. മൈസൂര്‍ പാക്കിന്റെ ചില ജനപ്രിയ വകഭേദങ്ങള്‍ ചോക്ലേറ്റ് മൈസൂര്‍ പാക്ക്, ഡ്രൈ ഫ്രൂട്ട് മൈസൂര്‍ പാക്ക്, പാല്‍ മൈസൂര്‍ പാക്ക് , ക്രിസ്പി മൈസൂര്‍ പാക്ക് എന്നിവയാണ്.

മൈസൂര്‍ പാക്ക് ഉണ്ടാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍കടലമാവ് - 1 കപ്പ്നെയ്യ്- 2 കപ്പ്പഞ്ചസാര - 1 1/2 കപ്പ്വെളളം - 1 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് നെയ്യ് ഉരുക്കി മാറ്റി വയ്ക്കുക. ഒരു പാന്‍ അടുപ്പില്‍ വച്ച് അതിലേക്ക് ഒരു കപ്പ് കടലമാവ് ചേര്‍ത്ത ശേഷം ചെറിയ തീയില്‍ വറുത്തെടുക്കുക. ഇത് മൂക്കുമ്പോള്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അരിച്ചെടുക്കണം. ഇതിലേക്ക് അര കപ്പ് നെയ്യും കൂടി ഒഴിച്ച് നല്ലതുപോലെ ഇളക്കി മാറ്റിവയ്ക്കുക.പാത്രം അടുപ്പില്‍ വച്ച് അതിലേക്ക് ഒന്നര കപ്പ് പഞ്ചസാരയും ഒന്നേകാല്‍ കപ്പ് വെള്ളവും ഒഴിച്ച് ചൂടാക്കി പഞ്ചസാര അലിയിപ്പിച്ചെടുക്കുക. ഇത് കൈകൊണ്ട് തൊടുമ്പോള്‍ നൂല്‍ പരുവമാകുന്നതുവരെ ചൂടാക്കണം. ശേഷം മിക്‌സ് ചെയ്തുവച്ച കടലമാവും നെയ്യും കൂടിയുളള മിശ്രിതം ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക.

നെയ്യും കടലമാവും പഞ്ചസാരയും യോജിച്ച് വരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. ഇടയില്‍ കുറേശ്ശെ കാല്‍ കപ്പ് നെയ്യ് ചേര്‍ത്തുകൊണ്ടിരിക്കുക. രണ്ട് കപ്പ് നെയ്യ് തീരുന്നതുവരെ ഇതുപോലെ ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കണം. പാത്രത്തില്‍ നിന്ന് വിട്ടുപോരുന്ന പരുവമാകുമ്പോള്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റി തണുക്കുമ്പോള്‍ മുറിച്ച് വിളമ്പാം.

Content Highlights :Some facts about the renamed Mysore Pak...and how to make Mysore Shree

To advertise here,contact us