സൂക്ഷിച്ചോ..! ഐസ് കാന്‍ഡിയില്‍ ചത്ത പാമ്പ്, ചിത്രങ്ങള്‍ വൈറല്‍

തായ്‌ലന്‍ഡിലാണ് സംഭവം

ഐസ്‌ക്രീമിനുള്ളില്‍ നിന്ന് മനുഷ്യന്റെ വിരല്‍ ലഭിച്ച വാര്‍ത്ത പുറത്തുവന്ന് അധികമായില്ല. ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് തായ്‌ലന്‍ഡില്‍ നിന്ന് പുറത്തുവരുന്നത്. ഐസ് കാന്‍ഡിയില്‍ നിന്ന് ചത്ത പാമ്പിനെയാണ് ഒരു യുവാവിന് ലഭിച്ചത്.

തായ്‌ലന്‍ഡ് സ്വദേശിയായ റേബാന്‍ നാക്ലെങ്ബൂന്‍ എന്നയാള്‍ക്കാണ് ഐസ് കാന്‍ഡിയില്‍ നിന്ന് പാമ്പിനെ ലഭിച്ചത്. ചത്ത് മരവിച്ച നിലയിലായിരുന്നു പാമ്പ്. യുവാവ് തന്നെയാണ് പാമ്പിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

പടിഞ്ഞാറന്‍ തായ്‌ലന്‍ഡിലെ റാച്ചബുരി പ്രവിശ്യയുടെ ഭാഗമായ പാക് തോയിലാണ് സംഭവം. പ്രദേശത്തെ ഒരു കടയില്‍ നിന്നാണ് യുവാവ് ഐസ് കാന്‍ഡി വാങ്ങിയത്. തായ്‌ലന്‍ഡിലെ ഒരു പോപ്പുലര്‍ ഫ്‌ളേവറായ ബ്ലാക്ക് ബീന്‍ ഐസ്‌ക്രീമാണ് യുവാവ് വാങ്ങിയത്. ഏത് ബ്രാന്‍ഡിന്റേതാണ് ഐസ്‌ക്രീമെന്ന് യുവാവ് വെളിപ്പെടുത്തിയിട്ടില്ല.

ചുരുങ്ങിയ സമയം കൊണ്ടാണ് യുവാവിന്റെ പോസ്റ്റ് ചര്‍ച്ചയായത്. പ്രദേശത്ത് സാധാരണയായി കാണപ്പെടുന്ന അധികം വിഷമില്ലാത്ത ഇനം പാമ്പാണ് ഐസ് കാന്‍ഡിക്കുള്ളില്‍ ഉള്ളതെന്നാണ് പലരും കണ്ടെത്തിയിരിക്കുന്നത്. ഇതാകാം ഐസ് കാന്‍ഡിയുടെ രുചിയുടെ രഹസ്യമെന്നാണ് ചിലരുടെ കമന്റ്. മികച്ച പ്രോട്ടീനാണ് ലഭിക്കുന്നതെന്ന് ചിലര്‍ പരിഹസിക്കുന്നുമുണ്ട്.

Content Highlights: Man Finds Snake Inside A Popsicle In Thailand

To advertise here,contact us