മുരിങ്ങകൊണ്ട് തയാറാക്കാം പത്ത് വിഭവങ്ങള്‍

ദൈനംദിന ജീവിതത്തില്‍ മുരിങ്ങ ഉള്‍പ്പെടുത്തിയാല്‍ പലതുണ്ട് ഗുണങ്ങള്‍

വിറ്റാമന്‍ എ, സി ഉള്‍പ്പടെ ശരീരത്തിന് ആവശ്യമുളള പല പോഷക ഘടകങ്ങളും മുരിങ്ങയിലുണ്ട്. മുരിങ്ങയുടെ ഇലയും പൂവും കായും ഒക്കെ ഭക്ഷണമായി ഉള്‍പ്പെടുത്താന്‍ സാധിക്കും. മുരിങ്ങയുടെ ഇലകളില്‍ വൈറ്റമിന്‍ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധത്തെ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സംരക്ഷണം നല്‍കുന്നു. ഇതിലടങ്ങിയിരിക്കുന്ന കാല്‍സ്യം,ഇരുമ്പ്, പൊട്ടാസ്യം എന്നിവ അസ്ഥികളുടെ ആരോഗ്യത്തിനും ഓക്‌സിജന്റെ അളവ് നിലനിര്‍ത്താനും സഹായിക്കും.

മുരിങ്ങകൊണ്ട് തയാറാക്കാവുന്ന പത്ത് വിഭവങ്ങള്‍

മുരിങ്ങ സ്മൂത്തി

ആവശ്യമുളള സാധനങ്ങള്‍

  • മുരിങ്ങ പൗഡര്‍ - ഒരു ടേബിള്‍ സ്പൂണ്‍
  • ഏത്തപ്പഴം ചെറുത് അരിഞ്ഞത് - ഒരെണ്ണം
  • ബെറി പഴം - ഒരു പിടി
  • ബദാംമില്‍ക്ക് - ഒന്നര കപ്പ്
  • തേന്‍- ഒരു ടേബിള്‍ സ്പൂണ്‍
  • ചിയാസീഡ്‌സ് - കുറച്ച്

തയാറാക്കുന്ന വിധംമുരിങ്ങ പൗഡര്‍, ഏത്തപ്പഴം, ബെറി പഴം, ബദാം മില്‍ക്ക് ഇവയെല്ലാം ഒരു മിക്‌സിയുടെ ജാറിലെടുത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഗ്ലാസിലേക്ക് പകര്‍ന്ന് തേനും ചിയാസീഡ്‌സും ചേര്‍ത്ത് കഴിക്കാവുന്നതാണ്.

മുരിങ്ങ സൂപ്പ്

ആവശ്യമുളള സാധനങ്ങള്‍

  • മുരിങ്ങക്കായ - 6 എണ്ണം (വെള്ളത്തിലിട്ട് വേവിച്ച് ഉടച്ച് അരിച്ചെടുത്തത്)
  • സോയ ചങ്ക്‌സ് - 1 കപ്പ് (വേവിച്ച് ചെറിയ കഷണങ്ങളായി അരിഞ്ഞത്)
  • ക്യാരറ്റ് - 1 എണ്ണം (ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത്)
  • സവാള - 1 എണ്ണം (പൊടിയായി അരിഞ്ഞത്)
  • ഇഞ്ചി, വെളുത്തുളളി അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
  • സോയാ സോസ് - 1 ടീസ്പൂണ്‍
  • ചില്ലി സോസ് - 1 ടീസ്പൂണ്‍
  • മുട്ട - 1 എണ്ണം
  • കോണ്‍ഫ്‌ളവര്‍ - പാകത്തിന്
  • വെള്ളം - ആവശ്യത്തിന്
  • കുരുമുളകുപൊടി - എരിവിന് അനുസരിച്ച്
  • മല്ലിയില, പുതിനയില - ഒരു പിടി വീതം
  • നെയ്യ് - 1 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധംഒരു പാനിലേക്ക് നെയ്യ് ചേര്‍ത്ത് സോയാ വഴറ്റി മാറ്റിവയ്ക്കുക. ഇതേ പാനിലേക്ക് തന്നെ ക്യാരറ്റ്, സവാള, ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുരിങ്ങ വേവിച്ച വെള്ളവും ആവശ്യത്തിന് മാത്രം സാധാ വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തുടർന്ന് മുട്ട പൊട്ടിച്ച് ഒഴിച്ചത് ചേര്‍ത്തിളക്കുക. ഇ

സോയാചങ്ക്‌സും സോയാസോസ്, ചില്ലി സോസ്, കുരുമുളകുപൊടി, ഇവ ചേര്‍ത്തിളക്കി കോണ്‍ഫ്‌ളോര്‍ കുറച്ച് വെള്ളത്തില്‍ കട്ടകെട്ടാതെ കലക്കി അതും ഇതിലേക്ക് ഒഴിച്ച് ഒന്ന് തിളപ്പിക്കുക. ശേഷം മല്ലിയിലയും പുതിനയിലയും ചേര്‍ക്കുക

മുരിങ്ങ ചായ

ആവശ്യമുളള സാധനങ്ങള്‍

  • മുരിങ്ങയില ഉണക്കിയത് - 1 ടീസ്പൂണ്‍
  • തിളച്ച വെള്ളം - ഒരു കപ്പ്
  • ചെറുനാരങ്ങ മുറിച്ചത് - 1 ചെറിയ കഷണം
  • തേന്‍ - കുറച്ച്

തയാറാക്കുന്ന വിധംതിളച്ച വെള്ളത്തിലേക്ക് മുരിങ്ങയില ഉണക്കിയത് ചേര്‍ത്ത് അഞ്ച് മിനിറ്റ് വച്ച ശേഷം അരിച്ചെടുക്കുക. ഇതിലേക്ക് നാരങ്ങയും തേനും ചേര്‍ത്ത് ചൂടോടെ കുടിക്കാവുന്നതാണ്.

മുരിങ്ങയില സലാഡ്

ആവശ്യമുള്ള സാധനങ്ങള്‍

  • ഗ്രീന്‍പീസ് വേവിച്ചത്- 1/4 കപ്പ്
  • തക്കാളി ചെറുതായി അരിഞ്ഞത് - 1 എണ്ണം
  • കുക്കുംബര്‍ ചതുരത്തില്‍ ചെറിയ കഷണങ്ങളായി അരിഞ്ഞത്- കാല്‍ കപ്പ്
  • അവക്കാടോ അരിഞ്ഞത് - കാല്‍ കപ്പ്
  • സവാള പൊടിയായി അരിഞ്ഞത് - 1/4 കപ്പ്
  • (മുരിങ്ങ പൗഡര്‍, ഡിജോണ്‍ മസ്റ്റാര്‍ഡ്, ഉപ്പ്, കുരുമുളകുപൊടി ഇവ നാലും പാകത്തിന് എടുത്ത് മിക്‌സ് ചെയ്യുക)

തയാറാക്കുന്ന വിധംഅരിഞ്ഞ് വച്ചിരിക്കുന്ന പച്ചക്കറിക്കൂട്ടിലേക്ക് മിക്‌സ് ചെയ്ത് വച്ചിരിക്കുന്നത് കൂട്ട് ചേര്‍ത്ത് ഇളക്കി കഴിക്കാവുന്നതാണ്.

മുരിങ്ങ എനര്‍ജി ബോള്‍സ്

ആവശ്യമുള്ള സാധനങ്ങള്‍

  • ഈന്തപ്പഴം കുരുകളഞ്ഞ് അരിഞ്ഞത് - 1 കപ്പ്
  • ബദാം ചെറുതായി പൊടിച്ചത് - 1/2 കപ്പ്
  • ഓട്ട്‌സ് - 2 ടേബിള്‍ സ്പൂണ്‍
  • മുരിങ്ങ പൗഡര്‍- 1 ടേബിള്‍ സ്പൂണ്‍
  • കൊക്കോ പൗഡര്‍ - 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധംഎല്ലാ ചേരുവകളും ഒരു മിക്‌സിയുടെ ജാറിലിട്ട് യോജിപ്പിച്ചെടുക്കുക. ശേഷം ചെറിയ ബോളുകളായി ഉരുട്ടിയെടുത്ത് വിളമ്പാവുന്നതാണ്.

മുരിങ്ങ ഓംലറ്റ്

ആവശ്യമുള്ള സാധനങ്ങള്‍

  • മുട്ട - 2 എണ്ണം
  • മുരിങ്ങയില - 1/2 കപ്പ്
  • സവാള അരിഞ്ഞത് - 1 എണ്ണത്തിന്റെ പകുതി
  • ഇഞ്ചി അരിഞ്ഞത് - 1/2 ടേബിള്‍ സ്പൂണ്‍
  • പച്ച മുളക് അരിഞ്ഞത് - 1 എണ്ണം
  • ഉപ്പ് - പാകത്തിന്
  • വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധംഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴികെ ബാക്കി ചേരുവകളെല്ലാം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. പാന്‍ ചൂടാക്കി വെളിച്ചെണ്ണ പുരട്ടി മുട്ടകൂട്ട് അതിലേക്കൊഴിച്ച് തിരിച്ചും മറിച്ചും ഇട്ട് വേവിച്ചെടുക്കാം.

മുരിങ്ങയില ദോശ

ആവശ്യമുള്ള സാധനങ്ങള്‍

  • കടലമാവ് അല്ലെങ്കില്‍ ദോശമാവ് കലക്കിയത്
  • മുരിങ്ങയില അരിഞ്ഞത് - 1/2 കപ്പ്
  • സവാള ചെറുതായി അരിഞ്ഞത് - 1/4 കപ്പ്
  • പച്ചമുളക് അരിഞ്ഞത് - 1 എണ്ണം
  • കറിവേപ്പില അരിഞ്ഞത് - 2 ടീസ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധംമാവ് കലക്കിയതിലേക്ക് എല്ലാ ചേരുവകളും ചേര്‍ത്തിളക്കി ദോശക്കല്ല് ചൂടാവുമ്പോള്‍ എണ്ണ പുരട്ടി മാവ് കോരിയൊഴിച്ച് ചുട്ടെടുക്കാം. സാമ്പാറിനും ചമ്മന്തിക്കും ഒപ്പം കഴിക്കാവുന്നതാണ്.

മുരിങ്ങയില തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍

  • മുരിങ്ങയില - 3 കപ്പ്
  • തേങ്ങ ചിരകിയത് - 1/4 കപ്പ്
  • ജീരകം - 1 നുള്ള്
  • ചെറിയ ഉള്ളി ചതച്ചത് - 2 എണ്ണം
  • പച്ചമുളക് അരിഞ്ഞത് - 2 എണ്ണം (ഇഷ്ടമുള്ളവര്‍ക്ക് മുളകുപൊടിയും ഉപയോഗിക്കാം)
  • മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
  • വെളുത്തുള്ളി ചതച്ചത് - 4 അല്ലി
  • കടുക് - 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക് - 2 എണ്ണം മുറിച്ചത്
  • വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
  • ഉപ്പ് - പാകത്തിന്
  • കറിവേപ്പില - ഒരു തണ്ട്

തയാറാക്കുന്ന വിധം

തേങ്ങ, പച്ചമുളക്, മഞ്ഞള്‍പ്പൊടി, ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി ഇവ ചതച്ചെടുക്കുക.ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് വറ്റല്‍ മുളകും കറിവേപ്പിലയും മൂപ്പിക്കുക. ഇതിലേക്ക് മുരിങ്ങയിലയും തേങ്ങ ചതച്ചതു ചേര്‍ത്ത് വേവിക്കാം.

മുരിങ്ങക്കായ തേങ്ങ അരച്ച കറി

ആവശ്യമുളള സാധനങ്ങള്‍

  • മുരിങ്ങക്കായ നീളത്തില്‍ മുറിച്ചത് - 3എണ്ണം
  • തക്കാളി - 2 എണ്ണം ചതുരത്തില്‍ മുറിച്ചത്
  • പച്ചമുളക് - 2 എണ്ണം നീളത്തില്‍ മുറിച്ചത്
  • ചെറിയ ഉളളി - 10 എണ്ണം (ചെറുതായി മുറിച്ചത്)
  • വെള്ളം - പാകത്തിന്
  • ഉപ്പ് - പാകത്തിന്
  • കടുക് - 1 ടീസ്പൂണ്‍
  • ചെറിയ ഉള്ളി അരിഞ്ഞത് - 3 എണ്ണം
  • കറിവേപ്പില - 2 തണ്ട്
  • എണ്ണ - 2 ടേബിള്‍ സ്പൂണ്‍
  • അരപ്പ് തയാറാക്കാന്‍
  • തേങ്ങ ചിരകിയത് - 1 കപ്പ്
  • ചെറിയ ഉള്ളി -3 എണ്ണം
  • ജീരകം - ഒരു നുളള്
  • മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍(ഒരുമിച്ച് അരയ്ക്കുക)

തയാറാക്കുന്ന വിധംമുരിങ്ങക്കായയും തക്കാളിയും ചെറിയ ഉള്ളിയും ഒരുമിച്ച് ഒരു ചട്ടിയിലേക്ക് ഇട്ട് പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് അടച്ച് വച്ച് മുരിങ്ങക്കായയും തക്കാളിയും വേവിക്കുക. വെന്തശേഷം ഇതിലേക്ക് അരപ്പ് ചേര്‍ക്കാം. അല്‍പ്പസമയം അടുപ്പില്‍ വെച്ച് തേങ്ങയുടെ പച്ച മണം മാറുമ്പോള്‍ തീ അണച്ച് എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചെറിയ ഉള്ളിയും കറിവേപ്പിലയും താളിച്ച് കറിയിലേക്ക് ഒഴിച്ച് വിളമ്പാം.

മുരിങ്ങയില പൂവ് തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍

  • മുരിങ്ങപ്പൂവ് അരിഞ്ഞത് - 2 കപ്പ്
  • ചുവന്നുള്ളി ചതച്ചത് - 3 എണ്ണം
  • പച്ചമുളക് - 3 എണ്ണം
  • കടുക് - 1 ടീസ്പൂണ്‍
  • ഉഴുന്നുപരിപ്പ് - 1 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1/4 സ്പൂണ്‍
  • തേങ്ങ ചിരകിയത് - 1/4 കപ്പ്
  • കറിവേപ്പില - 2 തണ്ട്
  • എണ്ണ - 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ചൂടാക്കി നന്നായി തിളയ്ക്കുമ്പോള്‍ മുരിങ്ങപ്പൂവിട്ട് അടച്ച് വയ്ക്കുക. അഞ്ചു മിനിറ്റിന് ശേഷം വെള്ളം അരിച്ച് കളയാം. ചീനച്ചട്ടി അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ച് കടുക് ഇട്ട് അത് പൊട്ടുമ്പോള്‍ ഉഴുന്നുപരിപ്പ് ഇടുക. ഇത് മൂത്ത് വരുമ്പോള്‍ ചുവന്നുള്ളിയും പച്ചമുളകുമിട്ട് വഴറ്റി തേങ്ങ ചിരകിയതും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കി മുരിങ്ങപ്പൂവും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക.

To advertise here,contact us