മൂക്കുത്തിയാണ് ഇപ്പോൾ ന്യൂജെൻ പിള്ളേരുടെ ഇടയിലും ഏറ്റവും ഇഷ്ടപ്പെട്ട ആഭരണങ്ങളിലൊന്ന്. മൂക്കിൽ തുളയിടാൻ പേടിയുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതുൾപ്പെടെ ഏത് രൂപത്തിലും വിപണയിൽ സുലഭവമാണ് മൂക്കുത്തികൾ. എന്നാൽ പരമ്പരാഗത രീതിയിൽ മൂക്ക് കുത്തി തന്നെ മൂക്കുത്തിയടുന്നവരാണ് ഭൂരിഭാഗവും. ഇത്തരത്തിൽ മൂക്കു കുത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇത്തരത്തിൽ മൂക്കുത്തി മൂലം ബുദ്ധിമുട്ട് അനുഭവിച്ച മൂന്ന് പേരുടെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. എറണാകുളം അമൃതാ ആശുപത്രിയിൽ ബ്രോങ്കോസ്കോപ്പി നടത്തിയാണ് ഇവ പുറത്തെടുത്തതെന്നാണ് വിവരം.
സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ഇപ്പോൾ മൂക്കുത്തി ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. തുമ്മുമ്പോഴോ അല്ലെങ്കിൽ മൂക്കുത്തിയുടെ ആണി ലൂസാവുന്ന അവസരങ്ങളിലോ ഇവ ശ്വാസകോശത്തിലെത്താം. മൂക്കുത്തി നഷ്ടപ്പെടുമ്പോൾ, ഇവ എവിടെ പോയി എന്ന ആശങ്കയിൽ പരിസരമെല്ലാം നമ്മൾ തിരയുമ്പോൾ യഥാർത്ഥത്തിൽ ഇവ എത്തിപ്പെട്ടിരിക്കുക ശരീരത്തിനുള്ളിലായിരിക്കും. അമൃതയിൽ ചികിത്സയ്ക്കെത്തിയവരിൽ രണ്ടുപേർ വിദേശ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് നഷ്ടപ്പെട്ടെന്ന് കരുതി മൂക്കുത്തിയുടെ ആണി ശ്വാസകോശത്തിലെത്തിയെന്ന് അറിയുന്നത്.
ആശുപത്രിയിലെത്തിയ കോട്ടയം സ്വദേശിയായ 31കാരിയുടെ സ്വർണ മൂക്കുത്തിയുടെ ആണി രണ്ട് വർഷം മുമ്പും എറണാകുളം പെരുമ്പാവൂർ സ്വദേശിയായ 44കാരിയുടെ വെള്ളി മൂക്കുത്തിയുടെ ആണി ആറുമാസം മുമ്പുമാണ് കാണാതായത്. ചുമ ബുദ്ധിമുട്ടിക്കുന്നത് സഹിക്കാതായപ്പോൾ എക്സ്റേ എടുത്തപ്പോഴാണ് കണ്ണൂർ സ്വദേശിയായ 52കാരി തന്റെ ശ്വാസകോശത്തിന് വലതു ഭാഗത്തായി സ്വർണമൂക്കുത്തിയുടെ ആണിയുണ്ടെന്ന് മനസിലാക്കിയത്. നാലു വർഷം മുമ്പാണ് ഈ ആണി കാണാതായത്.
നിലവിൽ പുരുഷന്മാരും മൂക്കുത്തി ഉപയോഗിക്കാൻ തുടങ്ങിയതോടെ ഇത്തരത്തിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ട്യൂബുകൾ ശ്വാസകോശത്തിലേക്ക് കടത്തി ഒരു മണിക്കൂറോളം നീണ്ട പ്രക്രിയയിലൂടെയാണ് മൂവരുടെയും മൂക്കുത്തിയുടെ ആണി പുറത്തെടുത്തത്. ഇവർക്ക് ചുമ ഉണ്ടായതല്ലാതെ മറ്റ് അസ്വസ്ഥതകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Content Highlights: What happens when the stud of nosepin accidently enters Lungs?