
ക്രോക്സ്, പ്രാഡാ, ബിർക്കൻസ്റ്റോക്ക് എന്നീ ബ്രാന്റഡ് ചെരുപ്പ് കമ്പനി ഭീമന്മാർ ഈയിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. പക്ഷേ ഇവരുണ്ടാക്കിയ തലക്കെട്ടുകളൊന്നും അവരുടെ ബ്രാൻഡിനെ പ്രൊമോട്ട് ചെയ്യുന്നവയല്ലായിരുന്നു മറിച്ച് വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവർത്തികളിന്മേലായിരുന്നു എന്നതാണ് ഫാഷൻ പ്രേമികളെ നിരാശരാക്കിയത്. പ്രാഡ പരമ്പരാഗത ഇന്ത്യൻ ചെരുപ്പുകളുടെ ഡിസൈൻ മോഷ്ടിച്ചെന്ന ആരോപണമായിരുന്നെങ്കിൽ ഇന്ത്യൻ കമ്പനികളായ ബാറ്റാ ഇന്ത്യ, റിലാക്സോ, ലിബർട്ടിയൊക്കെ തങ്ങളുടെ ഡിസൈൻ അടിച്ചുമാറ്റിയെന്നായിരുന്നു ക്രോക്ക്സിന്റെ ആരോപണം. ഇതിനിടയിൽ ഇപ്പോൾ ക്രോക്സിന്റെ ചെരുപ്പുകളുടെ ഗുണനിലവാരമില്ലായ്മയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ ഉഷ മാത്യു എന്ന അന്നമ്മ അന്നമ്മയുടെ വീഡിയോ പോസ്റ്റിന് താഴെ കമന്റുമായി നടി സുരഭി ലക്ഷ്മിയും എത്തിയിട്ടുണ്ട്.
ക്രോക്സിന്റെ 5500 രൂപയുടെ ചെരുപ്പിന് റോഡ് സൈഡിൽ കിട്ടുന്ന ചെരുപ്പിന്റെ ക്വാളിറ്റി പോലുമില്ലെന്ന് അന്നമ്മ പറയുന്നു. പകൽകൊള്ളയാണ് കമ്പനി നടത്തുന്നതെന്നും അവർ വീഡിയോയിൽ പറയുന്നു. വാങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ ഇത്രയും വിലകൂടിയ ചെരുപ്പ് കീറിപ്പോയ നിലയിലാണ്. ബ്രാൻഡഡ് ചെരുപ്പുകൾ വാങ്ങി ശീലമില്ലാത്ത തനിക്ക് സുഹൃത്തുക്കൾ സമ്മാനിച്ചതാണ് ഈ ചെരുപ്പെന്നും മുമ്പൊരിക്കൽ ഈ ചെരുപ്പ് ധരിച്ച് ഒരു ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോൾ, സമാന അനുഭവമുള്ള ഒരു സ്ത്രീ തനിക്ക് മെസേജ് അയച്ചിരുന്നെന്നും അന്നമ്മ പറയുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് നടി സുരഭി ലക്ഷ്മിയും തന്റെ അനുഭവം പറഞ്ഞത്. ഇത് ഒട്ടും കൊള്ളാത്ത ചെരുപ്പാണ്. ഇത് വാങ്ങി തനിക്കും സഹോദരിക്കും അബദ്ധം പറ്റിയെന്നും സുരഭി പറയുന്നുണ്ട്. മാത്രമല്ല ക്രോക്സിൻ്റെ ഈ ചെരുപ്പാണ് ഇത്തരത്തിൽ പണി തരുന്നതെന്നും സുരഭി പറയുന്നുണ്ട്.
അതേസമയം ക്രോക്സ് ആളുകളെ പറ്റിക്കുന്ന കമ്പനിയാണെന്നും കാശുള്ളവർ പൊങ്ങച്ചം കാണിക്കാനാണ് ഇത് വാങ്ങിക്കുന്നതെന്നുമാണ് വീഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്. ഫുൾ ഉഡായിപ്പാണ് പഴയ ക്വാളിറ്റിയില്ലെന്ന് മറ്റൊരാൾ പറഞ്ഞു. പൊട്ടിയ ചെരുപ്പുമായി കമ്പനിയെ സമീപിച്ചപ്പോൾ മാറ്റി തരില്ലെന്നായിരുന്നു മറുപടിയെന്നാണ് ഇതേ അനുഭവമുണ്ടായ മറ്റൊരു വ്യക്തി കമന്റ് ചെയ്തത്. എന്നാൽ ഈ ചെരുപ്പ് വാങ്ങി മൂന്ന് വർഷമായി ഉപയോഗിച്ചിട്ടും യാതൊരു കുഴപ്പവുമില്ലെന്ന് പറയുന്നവരുമുണ്ട്. മാത്രമല്ല ക്രോക്സിന്റെ ചെരുപ്പ് വാങ്ങിയാൽ അത് സ്ഥിരമായി ഉപയോഗിക്കണമെന്നും ഇലാസ്റ്റിസിറ്റി ഇതുവഴി കൂടുമെന്നും എന്നാൽ വലപ്പോഴും മാത്രം ഉപയോഗിച്ചാൽ അത് പൊട്ടാൻ സാധ്യതയുണ്ടെന്നും മറ്റൊരു ഉപഭോക്താവും പറയുന്നു. എന്തായാലും ക്രോക്സ് ഇന്ത്യയെ ടാഗ് ചെയ്ത് ഇവരുടെ പരാതിയിൽ നടപടി ഉണ്ടാകണമെന്ന് കമന്റ് ബോക്സിൽ പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ഇതുവരെ ക്രോക്സ് പ്രതികരിച്ചിട്ടില്ല.
Content Highlight: Actor Surabhi Lakshmi's comment on Crocs Sandals quality