ബോളിവുഡ് സിനിമകളുടെ പ്രധാന ആകര്ഷണങ്ങളിലൊന്നാണ് വസ്ത്രങ്ങള്. വിലയേറിയതും കണ്ണഞ്ചിപ്പിക്കുന്നതുമായ വസ്ത്രങ്ങള് ഉപയോഗിച്ച് നമ്മളെ വിസ്മയിപ്പിക്കുന്നതില് ബോളിവുഡ് സിനിമകള് പരാജയപ്പെടാറില്ല. പിരീഡ് സിനിമകളില് മുതല് സൂപ്പര് ഹീറോ സിനിമകളില് വരെ കഥാപാത്രങ്ങള്ക്ക് ആവശ്യമുള്ള ഗ്രാന്ഡായ വസ്ത്രങ്ങള് കോടിക്കണക്കിന് രൂപ മുടക്കി നിര്മിച്ചെടുക്കാറുമുണ്ട്.
ബോളിവുഡ് സിനിമകളില് ഉപയോഗിച്ചിട്ടുള്ളതില് വളരെ വിലയേറിയ അഞ്ച് വസ്ത്രങ്ങള് നോക്കാം…
2009ല് പുറത്തിറങ്ങി കരീന കപൂറും അക്ഷയ് കുമാറും നായികാനായകന്മാരായ ചിത്രമാണ് കമ്പക്ത് ഇഷ്ഖ്. ചിത്രത്തില് കരീന ഉപയോഗിച്ചിരുന്ന ഡ്രസുകളെല്ലാം അക്കാലത്ത് സംസാരവിഷയമായിരുന്നു. ചിത്രത്തിലെ ടൈറ്റില് ഗാനത്തില് കരീന അണിഞ്ഞിരുന്ന കറുത്ത ഗൗണാണ് ബോളിവുഡിലെ എക്സ്പെന്സീവായ വസ്ത്രങ്ങളിലൊന്ന്. ചിത്രത്തിന്റെ നിര്മാതാവ് സാജിദ് നദിയാവാല പ്രത്യേകമായി പാരിസില് നിന്ന് ഓര്ഡര് ചെയ്ത ഗൗണിന് റിപ്പോര്ട്ടുകള് പ്രകാരം എട്ട് ലക്ഷം രൂപയാണ് വിലവരുന്നത്.
2008ല് അക്ഷയ് കുമാര് നായകനായി പുറത്തിറങ്ങിയ സിനിമയാണ് സിംഗ് ഈസ് കിംഗ്. സിനിമയില് അക്ഷയ്യുടെ ലുക്ക് നിര്വചിച്ചതുതന്നെ അദ്ദേഹം ഉപയോഗിച്ച മിന്നുന്ന തലപ്പാവാണ്. തലപ്പാവിലെ പഗ്ഡിയില് യഥാര്ത്ഥ ഡയമണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ അക്ഷയ്യുടെ ഔട്ട്ഫിറ്റിന്റെ ആകെ തുക 65 ലക്ഷം രൂപയും കടന്നു.
2013ല് ബോളിവുഡില് ഇറങ്ങിയ സൈ ഫൈ ആക്ഷന് ചിത്രമാണ് ക്രിഷ് 3. കങ്കണ റണാവത്താണ് ഹൃത്വിക് റോഷന്റെ എതിരാളിയായി സിനിമയിലെത്തിയത്. ക്രിഷ് 3യില് കങ്കണ ഉപയോഗിച്ചിട്ടുള്ള ലാറ്റക്സ് ബോഡി സ്യൂട്ടുകളാണ് എക്സ്പെന്സീവായത്. ബാറ്റ്മാന്, ലാറ ക്രോഫ്റ്റ് എന്നീ ഹോളിവുഡ് ഐക്കണുകളില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് കങ്കണയ്ക്ക് വേണ്ടി കസ്റ്റം മേയ്ഡ് ബോഡി സ്യൂട്ടുകള് നിര്മിച്ചത്. ഓരോ സ്യൂട്ടും പത്ത് ലക്ഷം വിലമതിക്കുന്നതാണ്. ഇങ്ങനെ പത്ത് കോസ്റ്റ്യൂമുകളാണ് കങ്കണയ്ക്ക് വേണ്ടി നിര്മിച്ചത്. ആകെ ഒരു കോടി രൂപയാണ് കങ്കണയുടെ ബോഡി സ്യൂട്ടിന് വേണ്ടി മാത്രം ചെലവായത്.
ബോളിവുഡിലെ സൂപ്പര് ഡയറക്ടര് സഞ്ജയ് ലീല ബന്സാലി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018ല് പുറത്തിറങ്ങിയ പീരീഡ് ഡ്രാമയാണ് പദ്മാവത്. ദീപിക പദുകോണ്, രണ്വീര് സിങ്, ഷാഹിദ് കപൂര്, അദിതി റാവു ഹൈദരി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിലെ 'ഘൂമര്' എന്ന ഗാനരംഗത്തില് ദീപിക അണിഞ്ഞ ലെഹങ്കയ്ക്ക് 20 ലക്ഷം രൂപ വിലയുണ്ടായിരുന്നു. 30 കിലോഗ്രാമിന് മുകളില് ഭാരമുള്ള ഈ ലെഹങ്ക 200 ഓളം കരകൗശല വിദഗ്ധര് ചേര്ന്നാണ് നിര്മിച്ചത്.
2011ല് ഷാരൂഖ് ഖാന് നായകനായി ബോളിവുഡില് ഇറങ്ങിയ സൂപ്പര് ഹീറോ ചിത്രമാണ് രാ.വണ്. ചിത്രത്തില് ഷാരൂഖ് ധരിച്ച സൂപ്പര് ഹീറോ സ്യൂട്ടാണ് ബോളിവുഡിലെ ഏറ്റവും വിലയേറിയ വസ്ത്രങ്ങളിലൊന്ന്. ഒരു സ്യൂട്ടിന് ഏകദേശം 4.5 കോടി രൂപയാണ് വില. സിനിമയ്ക്ക് വേണ്ടി 20 സ്യൂട്ടുകള് നിര്മിച്ചിരുന്നു.
Content Highlights: Bollywood’s most expensive on-screen costumes that cost more than luxury home