ആരും തുറന്ന് സമ്മതിക്കാറില്ലെങ്കിലും രൂപസൗകുമാര്യത്തിനായി പ്ലാസ്റ്റിക് സര്ജറി ചെയ്യുന്നത് ബോളിവുഡ് താരങ്ങള്ക്കിടയില് വളരെ സാധാരണമാണ്. ഇപ്പോഴിതാ ഇത്തരത്തില് കോസ്മെറ്റിക് സര്ജറിയിലൂടെ സൗന്ദര്യത്തെ പുനര്നിര്വചിക്കുന്നത് സംബന്ധിച്ച് സംസാരിക്കുകയാണ് ബോളിവുഡ് താരം ഖുശി കപൂര്.
കോസ്മെറ്റിക് സര്ജറിക്ക് വിധേയയായിട്ടുണ്ടെന്നും അത് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും ഖുശി പറയുന്നു. 'ആരെങ്കിലും അത് ചെയ്യാന് ആഗ്രഹിക്കുന്നുണ്ടെങ്കില് അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. എന്താണോ അവര്ക്ക് ചേരുന്നത് അതാണ് അവര് ചെയ്യുന്നത്.' ഖുശി പറയുന്നു.
തന്നെ ഫോളൊ ചെയ്യുന്നവരോട് ഇക്കാര്യങ്ങള് സെലിബ്രിറ്റികള് തുറന്നുപറയണമെന്നും ഖുശി പറയുന്നുണ്ട്. കാരണം സെലിബ്രിറ്റികളെ മാതൃകയാക്കുന്നവരാണ് പലരും. ഇപ്രകാരം കോസ്മെറ്റിക് ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെന്ന് തുറന്നുപറഞ്ഞില്ലെങ്കില് സൗന്ദര്യമാനദണ്ഡങ്ങളില് വിശ്വസിക്കുന്ന ചെറിയ പെണ്കുട്ടികള് തങ്ങള് ഈ സെലിബ്രിറ്റികളുടെ പോലെ സുന്ദരികളല്ലെന്നുള്ള തെറ്റായ അപകര്ഷതയിലേക്ക് പോകുമെന്നും ഖുശി ചൂണ്ടിക്കാട്ടുന്നു.
പബ്ലിക് ഫിഗര് ആകുന്നതോടെ നിരന്തര വിമര്ശനത്തിന് ഇരയാകേണ്ടി വരുമെന്നും ഖുശി തുറന്നുസമ്മതിക്കുന്നുണ്ട്. അത്തരം ചര്ച്ചകളില് വിജയിക്കാന് പ്രത്യേക മാര്ഗങ്ങളൊന്നുമില്ല. അതുകൊണ്ട് സാമാധാനം കാംക്ഷിക്കുന്നവരാണെങ്കില് സ്വന്തം തീരുമാനത്തില് ഉറച്ചുനില്ക്കുകയും ആളുകള് പറയുന്നത് ശ്രദ്ധിക്കാതിരിക്കുകയും വേണം.
പ്രായക്കുറവ് തോന്നിക്കാനുള്ള ചികിത്സകളും മറ്റ് കോസ്മെറ്റിക് ചികിത്സകളെയും കുറിച്ചുള്ള ചര്ച്ചകള് സജീവമായ സമയത്താണ് തുറന്നുപറച്ചിലുമായി ഖുശി എത്തിയിരിക്കുന്നത്.
Content Highlights: Khushi Kapoor Accepts Undergoing Cosmetic Surgery