ഫാഷൻ രംഗത്ത് നമ്മെ അമ്പരപ്പിക്കുന്ന തരത്തിൽ പല രീതിയിലുള്ള വസ്ത്രങ്ങൾ കാണാറുണ്ട്. പല രീതിയിൽ പല മോഡലുകളിൽ പല പല വസ്ത്രങ്ങൾ. എന്നാൽ ഇവയൊന്നും മറ്റൊരു വേദിയിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നതോ, ആളുകൾക്ക് വാങ്ങി ഉപയോഗിക്കാൻ കഴിയുന്നതോ ആയിരിക്കില്ല. അത്തരം വസ്ത്രങ്ങളുടെ ഉപയോഗത്തിന്റെ അവസാനം അതേ ഫാഷൻ ഷോ തന്നെ ആയിരിക്കും. പിന്നെ എന്തിനാണ് ഇത്തരം ഷോകളിൽ ആളുകൾക്ക് വാങ്ങിക്കാനോ ഉപയോഗിക്കാനോ കഴിയാത്ത തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് എന്നൊരു ചിന്ത നിങ്ങളുടെ മനസിലൂടെ പോയിട്ടില്ലേ?
എന്നാൽ, ഫാഷൻ ഷോകളിലും മറ്റ് പരിപാടികളിലും ഇത്തരം കലാപരമായ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഫാഷൻ രംഗത്തെ വിദഗ്ധർ.
'ഏറ്റവും പുതിയ ഫാഷനിലുള്ള ഈ വസ്ത്രങ്ങള് വിൽക്കാനുള്ള ഉദ്ദേശ്യത്തില് നിർമിച്ചവയല്ലെ'ന്നാണ് വിദഗ്ധർ പറയുന്നത്. പ്രത്യേക ബ്രാൻഡുകളുടെ ഇമേജ് വർധിപ്പിക്കുന്നതിനും, അവരുടെ ക്രിയാത്മകതയുടെ ആഴം ആളുകൾക്ക് മനസിലാക്കി നൽകുന്നതിനുമാണ് ഇത്തരത്തിൽ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത്. കലാപരമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യപ്പെടുമ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കപ്പെടുകയും, ബ്രാൻഡിന്റെ ക്രിയാത്മകത വ്യക്തമാക്കാൻ കഴിയുകയും ചെയ്യും എന്നതാണ് ഇതിന് പിന്നിലെ ആശയം. അതുകൊണ്ടാണ് ആളുകൾ കാണാൻ ഇടയുള്ള വേദികളിൽ സെലിബ്രിറ്റികൾ പോലും ഇത്തരത്തിൽ കലാപരമായി തയ്യാറാക്കിയ വസ്ത്രങ്ങള് ധരിക്കുന്നത്.
പ്രണയ നഗരമായ പാരിസിൽ ഫാഷൻ ഡിസൈനർ രാഹുൽ മിശ്രയുടെ 'ബികമിങ് ലവ്' (Becoming love) എന്ന കളക്ഷൻ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ, രാഹുലിന്റെ സൃഷ്ടികളുടെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ ഏവരെയും ആകർഷിച്ചെങ്കിലും സാധാരണ നിലയിൽ ഉപയോഗിക്കാൻ കഴിയാത്ത ഈ വസ്ത്രം എങ്ങനെ വിൽക്കും എന്നായി ആളുകളുടെ ആശങ്ക.
രാഹുൽ മിശ്രയുടെ യാഥാർത്ഥ വരുമാനം ഫാഷൻ ഷോകളിലെ വസ്ത്രങ്ങൾ വിറ്റ് ലഭിക്കുന്ന പണമല്ല. അദ്ദേഹത്തിന്റെ റെഡി-ടു-വെയർ വസ്ത്ര ശേഖര കമ്പനിയായ AFEW-യിൽ നിന്നാണ്. ഈ വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ ബിസിനസ് നടക്കുന്നത്. എന്നാൽ ഇതിലേക്ക് ആളുകളെ ആകർഷിക്കുന്ന കണ്ണികളാണ് ഫാഷൻ ഷോകളും, ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്ന മറ്റ് പരിപാടികളും. രാഹുലിന്റെ റെഡി ടു വെയർ ശേഖരങ്ങളിൽ ആഡംബര വസ്ത്രങ്ങളും ആളുകൾക്ക് സാധാരണ വേദികളിൽ ഉപയോഗിക്കാവുന്ന വസ്ത്രങ്ങളുമുണ്ട്.
വൈവിധ്യമാര്ന്ന രീതിയില് ധരിക്കുന്ന ഇത്തരം വസ്ത്രങ്ങൾ ഡിസൈനർമാർക്ക് അവരുടെ കഴിവുകളെ ലോകത്തിന് മുൻപിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഉപാധിയാണ്. അവർക്ക് തങ്ങളുടെ ബ്രാൻഡിനെക്കുറിച്ചും, കഴിവിനെക്കുറിച്ചും ആളുകളിൽ എത്തിച്ച് ബിസിനസ് വിപുലീകരിക്കാൻ സാധിക്കുന്നു. ലോകത്ത് ഇത്തരത്തിൽ ബ്രാൻഡ് ബിൽഡ് ചെയ്യുന്ന നിരവധി ഡിസൈനർമാരുണ്ട്.
Content Highlight; Why Is Couture Still on the Runway If No One’s Buying It