സെലിബ്രിറ്റിയാണെന്ന് കരുതി ലക്ഷങ്ങള്‍ പൊടിക്കണോ? പണം ചെലവഴിക്കുന്നതിലെ കാജോള്‍ മാതൃക

കജോള്‍ പലപ്പോഴും സാധനങ്ങള്‍ വാങ്ങുന്നത് സാന്താക്രൂസ് മാര്‍ക്കറ്റില്‍ നിന്നാണെന്നും ഇപ്പോഴത് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലേക്ക് മാറിയിട്ടുണ്ടെന്നുമായിരുന്നു ഇതിനുള്ള മറുപടി.

സെലിബ്രിറ്റിയാണെന്ന് കരുതി ബ്രാന്‍ഡുകള്‍ക്ക് പിറകേ പോയി അനാവശ്യമായി പണം കളയേണ്ടതുണ്ടോ? ഇല്ലെന്ന് പറയുകയാണ് ബോളിവുഡ് താരം കജോള്‍. കരണ്‍ ജോഹര്‍ ആതിഥേയനായ കോഫി വിത് കരണ്‍ ഷോയിലാണ് കജോളിന്റെ മിനിമലിസം ചര്‍ച്ചയായത്.

വലിയ താരമായിട്ടും കാജോള്‍ പലപ്പോഴും കേട്ടിട്ടില്ലാത്ത ബ്രാന്‍ഡുകളാണ് ഉപയോഗിക്കുന്നതെന്നും സമ്പാദിക്കുന്ന പണം മുഴുവന്‍ എന്തുചെയ്യുകയാണെന്നും കജോളിന്റെ ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണിനോട് കരണ്‍ അഭിമുഖത്തില്‍ തമാശയായി ചോദിക്കുന്നുണ്ട്. കജോള്‍ പലപ്പോഴും സാധനങ്ങള്‍ വാങ്ങുന്നത് സാന്താക്രൂസ് മാര്‍ക്കറ്റില്‍ നിന്നാണെന്നും ഇപ്പോഴത് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലേക്ക് മാറിയിട്ടുണ്ടെന്നുമായിരുന്നു ഇതിനുള്ള അജയ്യുടെ മറുപടി.

അപ്പോഴാണ് തന്റെ നിലപാട് വിശദീകരിച്ച് കജോള്‍ രംഗത്തെത്തുന്നത്. പരിപാടികള്‍ക്കും പൊതുഇടങ്ങളിലും താന്‍ വിലകൂടിയ വസ്ത്രങ്ങളിലും ആക്‌സസറീസിലുമാണ് എത്താറുള്ളതെന്നും എന്നാല്‍ എല്ലായ്‌പ്പോഴും വിലകൂടിയ വസ്തുക്കള്‍ക്കായി പണം ചെലവഴിക്കുന്നതില്‍ തനിക്ക് താല്പര്യമില്ലെന്നും താരം പറയുന്നു. 'പരിപാടികള്‍ക്കും പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴും ഞാന്‍ തീര്‍ച്ചയായും വില കൂടിയ വസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. പക്ഷെ എനിക്ക് ഞാന്‍ ധരിക്കുന്നത് എന്താണോ അതില്‍ കംഫര്‍ട്ടബിളായിരിക്കണം. വളരെ വിലപിടിച്ച എന്തിനെങ്കിലും വേണ്ടി പണം ചെലവഴിക്കുന്നതിനേക്കാള്‍ ഫിക്‌സഡ് ഡെപോസിറ്റ് ഇടാനാണ് ഞാന്‍ താല്പര്യപ്പെടുന്നത്. വിലപിടിച്ച വസ്തുക്കള്‍ക്ക് പണം ചെലവഴിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് പ്രത്യേകിച്ച് നേട്ടമൊന്നും ലഭിക്കുന്നില്ല.' കജോള്‍ പറയുന്നു.

ചെറിയ രീതിയില്‍ പ്രശസ്തിയിലേക്ക് ഉയരുമ്പോഴേക്കും സ്വയം മൂല്യമുയര്‍ത്തുന്നതിന് വേണ്ടി ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്കും ആക്‌സസറീസിനും പിന്നാലെ പോകുന്നവരാണ് പലരും. താരങ്ങളുടെ റെഡ് കാര്‍പെറ്റ് ലുക്കുകളും എയര്‍പോര്‍ട്ട് സ്റ്റില്ലുകളുമെല്ലാം വൈറലാകാറുമുണ്ട്. ഇതിനെല്ലാം വേണ്ടി താരങ്ങള്‍ ലക്ഷങ്ങളാണ് പൊടിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കല്‍ക്കി കൊച്ച്‌ലിന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഒരിക്കല്‍ അവാര്‍ഡ് ഷോയില്‍ പങ്കെടുക്കുന്നതിനായി സ്വിഫ്റ്റ് കാറില്‍ പോയ തന്നെ വേജിയിലേക്ക് കടത്തിവിട്ടില്ലെന്ന അനുഭവം കല്‍ക്കി പങ്കുവയ്ക്കുകയുമുണ്ടായി. ഒറ്റമുറി വീട്ടില്‍ താമസിക്കുന്നവര്‍ക്കും ഓഡി കാറാണ് ഉള്ളതെന്നും കല്‍ക്കി അന്ന് വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡില്‍ പലപ്പോഴും അഭിനയിക്കാനുള്ള കഴിവിന്റെ പേരില്‍ മാത്രമല്ല വിലയിരുത്തപ്പെടുക. മറിച്ച് താരങ്ങളുടെ ഇമേജ് കൂടി നോക്കിയാണ്. അതിനനുസരിച്ചായിരിക്കും ബന്ധങ്ങള്‍ വളരുന്നതും പരസ്യങ്ങളില്‍ ഉള്‍പ്പെടെ അവസരങ്ങള്‍ ലഭിക്കുന്നതും.

Content Highlights: Luxury on a Budget: Kajol's Approach to Spending

To advertise here,contact us