കാന് അന്താരാഷ്ട്ര ചലച്ചിത്രമേളയില് വീണ്ടും തിളങ്ങി ഐശ്വര്യ റായ്. മകള് ആരാധ്യ ബച്ചനൊപ്പമാണ് രണ്ടാം തവണ നടിയും മുന് ലോകസുന്ദരിയുമായ ഐശ്വര്യ എത്തിയത്. നെറുകയില് സിന്ദൂരമണിഞ്ഞ് നേരത്തെ റെഡ് കാര്പ്പെറ്റിലെത്തിയിരുന്നു ഐശ്വര്യ. ഇത് ഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് സന്ദേശം നല്കാന് വേണ്ടിയാണെന്നും, അഭിഷേകുമായുള്ള വിവാഹബന്ധത്തിന്റെ സൂചനയാണെന്നും വ്യാഖ്യാനങ്ങളുണ്ടായിരുന്നു.
കറുത്ത ഗൗണ് ധരിച്ച് രണ്ടാമത് കാനിലെത്തിയ ഐശ്വര്യയുടെ ചിത്രങ്ങള് എക്സ് ഉള്പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില് വൈറലായിരിക്കുകയാണ്. കറുത്ത ഗൗണിന് മുകളില് വെളുത്ത മേല്വസ്ത്രം ധരിച്ചെത്തിയ ഐശ്വര്യയാണ് ഇപ്പോള് സോഷ്യല് മീഡിയയില് നിറഞ്ഞ് നില്ക്കുന്നത്. ഗൗരവ് ഗുപ്ത എന്ന ഡിസൈനറാണ് ഐശ്വര്യയ്ക്കായി വസ്ത്രം രൂപകല്പ്പന ചെയ്ത് നല്കിയത്. ഐശ്വര്യയ്ക്കൊപ്പം എത്തിയ ആരാധ്യയും ധരിച്ചത് കറുത്ത വസ്ത്രമായിരുന്നു.
വെള്ളി. സ്വര്ണ്ണം, കരി, കറുപ്പ് എന്നിവ ഉപയോഗിച്ച് പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്ന തരത്തിലാണ് ഗൗണിന്റെ എംബ്രോയിഡറി ചെയ്തിരിക്കുന്നത്. ഗൗണിന് പുറത്തണിഞ്ഞ മേല്വസ്ത്രത്തിന് പിറകില് ഭഗവത്ഗീതയില് നിന്നുള്ള സംസ്കൃത ശ്ലോകവും ആലേഖനം ചെയ്തിട്ടുണ്ട്. 'നിങ്ങളുടെ പ്രവൃത്തി ചെയ്യാന് നിങ്ങള്ക്ക് അവകാശമുണ്ട്, എന്നാല് അതിന്റെ ഫലത്തില് നിങ്ങള്ക്ക് അവകാശമില്ല. പ്രവര്ത്തിയുടെ ഫലം നിങ്ങളുടെ പ്രേരണയാകരുത്.' എന്ന് അർത്ഥം വരുന്ന സംസ്കൃത ശ്ലോകമായിരുന്നു ഐശ്വര്യ ധരിച്ച് മേൽവസ്ത്രത്തിൽ ആലേഖനം ചെയ്തിരുന്നത്.
കാനിലെ പ്രഥമ ലുക്കിനായി ഐശ്വര്യ തിരഞ്ഞെടുത്ത ഐവറി നിറത്തിലുള്ള മനോഹരമായ സാരിയും ഏറെ ശ്രദ്ധ നേടിയിരുന്നു. കദ്വ ബനാറസി ഹാന്ഡ്ലൂം സാരിയാണ് ഇത്. നെറുകയില് തൊട്ട സിന്ദൂരം എടുത്ത് കാണിക്കുന്ന രീതിയിലായിരുന്നു സാരി. പ്രമുഖ ഫാഷന് ഡിസൈനറായ മനീഷ് മല്ഹോത്രയാണ് ഇത് ഡിസൈന് ചെയ്തത്. മനീഷ് മല്ഹാത്രയുടെ തന്നെ ജ്വല്ലറിയില് നിന്നുള്ള ആഭരണങ്ങളും ഐശ്വര്യ അണിഞ്ഞിരുന്നു. മാണിക്യക്കല്ലുകളും, ഡയമണ്ടും ഉള്പ്പെട്ടതായിരുന്നു ഐശ്വര്യ ധരിച്ച ആഭരണങ്ങള്.Content Highlight; Aishwarya Rai Dazzles in Classic Black Gown During Her Second Appearance at Cannes 2025