ഷാരുഖും പ്രിയങ്കാ ചോപ്രയും തിളങ്ങിയ മെറ്റ് ഗാല; കേരളത്തിനും ഇത് അഭിമാന നിമിഷം, കുറിപ്പുമായി മന്ത്രി പി രാജീവ്

മെറ്റ് ഗാലയുടെ വേദിയിൽ വിരിച്ചിരിക്കുന്ന കടുംനീല നിറത്തിൽ പൂക്കൾ നിറഞ്ഞ ഡിസൈനുള്ള കാർപ്പെറ്റ് കേരളത്തിലാണ് നിർമിച്ചത്

ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാനും ഒപ്പം താരങ്ങളായ പ്രിയങ്കാ ചോപ്രയും കിയാര അദ്വാനിയുമൊക്കെ തിളങ്ങിയ വേദിയാണ് മെറ്റ് ഗാലയുടെത്. ലോകത്തെ ഏറ്റവും വലിയ ഫാഷൻ ഇവന്റ് എന്നറിയപ്പെടുന്ന മെറ്റ് ഗാലയുടെ ഈ വർഷത്തെ പതിപ്പിൽ ലോകമെമ്പാടുമുള്ള നിരവധി താരങ്ങളാണ് എത്തിയത്.

മുമ്പെങ്ങും കാണാത്ത ലുക്കിലാണ് ഷാരൂഖ് ഖാൻ എത്തിയത്. പ്രശസ്ത ഡിസൈനർ സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത വസ്ത്രങ്ങളും ആഭരണങ്ങളുമായി എത്തിയ ഷാരൂഖിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മെറ്റ് ഗാലയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ നമ്മുടെ കേരളത്തിനും ഇത് അഭിമാന നിമിഷമാണ്.

മെറ്റ് ഗാലയുടെ വേദിയിൽ വിരിച്ചിരിക്കുന്ന കടുംനീല നിറത്തിൽ പൂക്കൾ നിറഞ്ഞ ഡിസൈനുള്ള കാർപ്പെറ്റ് കേരളത്തിൽ നിന്നാണ് നിർമിച്ചത്. കേരളത്തിലെ ആലപ്പുഴയിൽ നിന്നുള്ള 'നെയ്ത്ത് - എക്‌സ്ട്രാവീവ്' എന്ന കമ്പനിയാണ് 57 റോളുകളായി ഏകദേശം 6840 ചതുരശ്ര മീറ്റർ കാർപ്പെറ്റ് നിർമിച്ച് നൽകിയത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

'Superfine: Tailoring Black Style,' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഈ വർഷത്തെ മെറ്റ് ഗാല ഇവന്റിൽ ഇതിനേക്കാൾ പ്രമേയത്തോട് നീതിപുലർത്തുന്ന കാർപ്പറ്റുകൾ ഒരുക്കാനാകില്ലെന്ന് തന്നെ പറയാമെന്ന് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. 480 തൊഴിലാളികൾ 90 ദിവസം കൊണ്ട് നെയ്‌തെടുത്ത കാർപ്പറ്റുകൾ ലോകത്തിന്റെയാകെ മനംകവർന്നുവെന്നതിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.

നേരത്തെ 2022ലും 2023ലും മെറ്റ്ഗാല ഇവന്റിനായി എക്‌സ്ട്രാവീവ്‌സ് കാർപ്പറ്റുകൾ നിർമ്മിച്ചുനൽകിയിരുന്നു. ബക്കിങ്ങ്ഹാം കൊട്ടാരത്തിലും വൈറ്റ് ഹൗസിലുമടക്കം കാർപ്പറ്റുകൾ വിതരണം ചെയ്തിട്ടുള്ള നെയ്ത്ത് എക്‌സ്ട്രാവീവ്‌സ് തുടർച്ചയായ നേട്ടങ്ങളിലൂടെ കേരളത്തിന്റെ ടെക്‌സ്‌റ്റൈൽ പെരുമ ലോകമാകെ രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം,

പ്രശസ്ത സിനിമാതാരം ഷാരൂഖ് ഖാൻ മെറ്റ്ഗാല 2025 വേദിയിൽ പങ്കെടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കുമ്പോൾ മെറ്റ്ഗാലയിലെ കേരളത്തിന്റെ പങ്കാളിത്തം അടയാളപ്പെടുത്താൻ വേണ്ടിയാണീ കുറിപ്പ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവന്റുകളിലൊന്നായ മെറ്റ്ഗാല 2025 വേദിയിൽ പാകിയിരിക്കുന്ന കടുംനീല നിറത്തിൽ ഡിസൈനോടുകൂടിയുള്ള അതിമനോഹരമായ കാർപ്പറ്റ് നിർമ്മിച്ചിരിക്കുന്നത് നമ്മുടെ കേരളത്തിൽ നിന്നുള്ള സംരംഭമായ 'നെയ്ത്ത് - എക്‌സ്ട്രാവീവ്' ആണ്. 57 റോളുകളായി ഏകദേശം 6840 ചതുരശ്ര മീറ്റർ കാർപ്പറ്റാണ് മെറ്റ്ഗാല 2025നായി ആലപ്പുഴയിൽ നിന്നുള്ള കമ്പനി നിർമ്മിച്ചുനൽകിയത്.

ലോകത്തിലെ തന്നെ അതിപ്രശസ്തരായ ഡിസൈനർമാരുമായി സഹകരിച്ചുകൊണ്ട് അതിപ്രശസ്തരായ സെലിബ്രിറ്റികൾ പങ്കെടുക്കുന്ന മെറ്റ്ഗാല ഫാഷൻ ഇവന്റ് ഓരോ വർഷവും ഓരോ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുക. 'Superfine: Tailoring Black Style,' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഈ വർഷത്തെ മെറ്റ്ഗാല ഇവന്റിൽ ഇതിനേക്കാൾ പ്രമേയത്തോട് നീതിപുലർത്തുന്ന കാർപ്പറ്റുകൾ ഒരുക്കാനാകില്ലെന്ന് തന്നെ പറയാം. 480 തൊഴിലാളികൾ 90 ദിവസം കൊണ്ട് നെയ്‌തെടുത്ത കാർപ്പറ്റുകൾ ലോകത്തിന്റെയാകെ മനംകവർന്നുവെന്നതിൽ സംശയമില്ല. വൂൾ കാർപ്പറ്റുകളിൽ നിന്ന് മാറിയതിന് ശേഷം ഇത്തവണയും സൈസിൽ ഫാബ്രിക്‌സാണ് കാർപ്പറ്റ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 2022ലും 2023ലും മെറ്റ്ഗാല ഇവന്റിനായി എക്‌സ്ട്രാവീവ്‌സ് കാർപ്പറ്റുകൾ നിർമ്മിച്ചുനൽകിയിരുന്നു. ബക്കിങ്ങ്ഹാം കൊട്ടാരത്തിലും വൈറ്റ് ഹൗസിലുമടക്കം കാർപ്പറ്റുകൾ വിതരണം ചെയ്തിട്ടുള്ള നെയ്ത്ത് എക്‌സ്ട്രാവീവ്‌സ് തുടർച്ചയായ നേട്ടങ്ങളിലൂടെ കേരളത്തിന്റെ ടെക്‌സ്‌റ്റൈൽ പെരുമ ലോകമാകെ രേഖപ്പെടുത്തുകയാണ്.

Content Highlights: Shah Rukh and Priyanka Chopra shine at the Met Gala This is a proud moment for Kerala too Minister P Rajeev

To advertise here,contact us