ഒരു ദിവസം മുഴുവന്‍ വെള്ളം കുടിക്കാതെ ഇരിക്കുന്നത് പോലും മനുഷ്യര്‍ക്ക് ബുദ്ധിമുട്ടാണ്. എന്നാല്‍ കൊടുംചൂടുള്ള മരുഭൂമിയില്‍ വെള്ളമില്ലാതെ ജീവിക്കേണ്ടി വന്നാലോ? ചിന്തിക്കാന്‍ പോലും കഴിയില്ല അല്ലേ?. എന്നാല്‍ പ്രകൃതിയില്‍ അത്തരമൊരു ജീവിതത്തിന് ശരീരം തന്നെ ഒരുക്കിയെടുത്ത ഒരു കുഞ്ഞന്‍ ജീവിയുണ്ട്. വെള്ളം നേരിട്ട് കുടിക്കാതെ ആവശ്യമായ ജലം കണ്ടെത്തിയാണ് ഇവയുടെ ജീവിതം.
'കങ്കാരു എലി' എന്നാണ് ഈ വിചിത്ര ജീവിയുടെ പേര്. പേര് സൂചിപ്പിക്കുന്നതുപോലെ കങ്കാരുവും എലിയും ചേര്‍ന്നുണ്ടായ ജീവിയല്ല. കങ്കാരുവിനെപ്പോലെ വലുതായ പിന്‍കാലുകളും നീളമുള്ള വാലുമുള്ളതിനാലാണ് ഈ പേര് ലഭിച്ചത്.
വടക്കേ അമേരിക്കയിലെ വരണ്ട മരുഭൂമി പ്രദേശങ്ങളിലാണ് കങ്കാരു എലികളെ പ്രധാനമായും കാണുന്നത്. സാധാരണ എലികളെക്കാള്‍ വ്യത്യസ്തമായി, ഇവ നടക്കുന്നതിനേക്കാള്‍ ചാടിയാണ് വേഗത്തില്‍ സഞ്ചരിക്കുന്നത്. നീളമുള്ള വാല് ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനും സഹായിക്കുന്നു.
ഇവയുടെ അതിജീവനത്തിലെ ഏറ്റവും കൗതുകകരമായ ഭാഗം ഇവയുടെ ഭക്ഷണമാണ്. കങ്കാരു എലികള്‍ പ്രധാനമായും വിത്തുകളാണ് കഴിക്കുന്നത്. ഭക്ഷണത്തിലുള്ള ജലാംശത്തിനൊപ്പം ശരീരത്തിനുള്ളില്‍ ഭക്ഷണം വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന 'മെറ്റബോളിക് വാട്ടര്‍' ആണ് ഇവയുടെ പ്രധാന ജലസ്രോതസ്. അതായത് വെള്ളം നിറച്ചൊരു കുപ്പി തേടി മരുഭൂമിയില്‍ നടക്കേണ്ട ആവശ്യമില്ല. കഴിക്കുന്ന ഭക്ഷണത്തെ ശരീരം തന്നെ വെള്ളത്തിന്റെ ഒരു ഉറവിടമാക്കി മാറ്റുന്നു.
വെള്ളം ലഭിക്കുന്നത് മാത്രമല്ല കിട്ടിയ വെള്ളം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിലും ഇവയുടെ ശരീരം ഏറെ കാര്യക്ഷമമാണ്. കങ്കാരു എലികളുടെ വൃക്കകള്‍ വളരെ കുറഞ്ഞ ജലനഷ്ടത്തോടെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കുന്നു. മൂത്രം വളരെ നേര്‍ത്തതാക്കാനും ഇവയ്ക്ക് കഴിയും. ശ്വസനത്തിലൂടെയും മറ്റും നഷ്ടപ്പെടുന്ന ഈര്‍പ്പം കുറയ്ക്കാനുള്ള ശരീരഘടനയും ഇവയ്ക്കുണ്ട്.
മരുഭൂമിയിലെ കടുത്ത ചൂടിനെ നേരിടാനും ഇവയ്ക്ക് പ്രത്യേക രീതിയുണ്ട്. പകല്‍ സമയത്ത് ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ മാളങ്ങളില്‍ കഴിയുന്ന കങ്കാരു എലികള്‍ സാധാരണയായി രാത്രിയിലാണ് കൂടുതല്‍ സജീവമാകുന്നത്. ഇത് ശരീരത്തിലെ ജലനഷ്ടം കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണമായ വിത്തുകള്‍ ശേഖരിച്ച് മാളങ്ങളില്‍ സൂക്ഷിക്കുന്ന ശീലവുമുണ്ട്. അങ്ങനെ ഭക്ഷണവും സുരക്ഷിതമായ താമസസ്ഥലവും ഒരുമിച്ച് ഒരുക്കിയാണ് ഇവ മരുഭൂമിയിലെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
വെള്ളമില്ലാത്ത പ്രദേശത്ത് ജീവിക്കാന്‍ പ്രകൃതി ഓരോ ജീവിക്കും വ്യത്യസ്തമായ വഴികളാണ് നല്‍കിയിരിക്കുന്നത്. കങ്കാരു എലിയുടെ കാര്യത്തില്‍, ഭക്ഷണത്തില്‍നിന്ന് വെള്ളം നേടുകയും ശരീരത്തിലെ ജലനഷ്ടം പരമാവധി കുറയ്ക്കുകയും ചെയ്യുന്നതാണ് അതിജീവനത്തിന്റെ പ്രധാന രഹസ്യം.
മരുഭൂമിയിലെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഇത്ര ചെറിയൊരു ജീവി സ്വന്തം ശരീരത്തിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് പ്രകൃതിയുടെ അതിശയിപ്പിക്കുന്ന കഴിവുകളുടെ മറ്റൊരു ഉദാഹരണമാണ്.