പൂക്കൾ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത് അല്ലേ? പ്രത്യേകിച്ച് നിത്യവും പൂക്കുന്ന സുഗന്ധം പരത്തുന്ന പൂക്കൾ കാണാനും പരിചരിക്കാനും മിക്കവർക്കും ഏറെ താത്പര്യമാണ്. നമ്മുടെ മൂഡിനെ സ്വാധീനിക്കാൻ കഴിയുന്ന നിത്യജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ചില പൂക്കളുണ്ട്. അതിൽ ഒന്നാണ് മുല്ലപ്പൂവ്.
വീട്ടുമുറ്റത്തോ ബാൽക്കണിയിലോ ഒരു മുല്ലച്ചെടിയുണ്ടെങ്കിൽ ആ വീടിന്റെ അന്തരീക്ഷത്തിന് തന്നെ ഒരു പ്രത്യേക ഭംഗിയാണ്. അതിന്റെ മനോഹരമായ വെളുത്ത പൂക്കളും മനംമയക്കുന്ന സുഗന്ധവും വീടിനുള്ളിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കും. മാത്രമല്ല ആഘോഷങ്ങൾ, ഉത്സവങ്ങൾ തുടങ്ങി വിശേഷ അവസരങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്ന് കൂടിയാണ് മുല്ലപ്പൂവ്.
എന്നാൽ മുല്ലപ്പൂ പ്രേമികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമുണ്ട്. നഴ്സറിയിൽ നിന്ന് വാങ്ങുമ്പോൾ നിറയെ പൂക്കളുള്ള മുല്ലച്ചെടി, വീട്ടിൽ കൊണ്ടുവന്ന് കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ പൂവിടുന്നത് നിർത്തുന്നു. കാലാവസ്ഥയുടെ പ്രശ്നം കൊണ്ടാണ് ചെടി കരിഞ്ഞുപോവുകയോ പൂക്കാതിരിക്കുകയോ ചെയ്യുന്നത് എന്നാണ് പലരും വിചാരിക്കാറുള്ളത്. ഇന്ത്യൻ കാലാവസ്ഥ മുല്ലച്ചെടികൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ്. ശരിയായ പരിചരണത്തിന്റെ കുറവാണ് പലപ്പോഴും ചെടികൾ പൂക്കാതിരിക്കാൻ കാരണം.
ചെറിയ ബാൽക്കണികളിലും ടെറസിലും ചട്ടികളിൽ പോലും എളുപ്പത്തിൽ വളർത്താൻ കഴിയുന്ന മുല്ലച്ചെടി, വർഷം മുഴുവൻ പൂത്തുലഞ്ഞു നിൽക്കാൻ ലളിതമായ ചില പരിചരണ രീതികൾ ഉണ്ട്. ആ രീതികൾ പരിചയപ്പെട്ടാലോ?
അനുയോജ്യമായ ഇനം തിരഞ്ഞെടുക്കുകഇന്ത്യൻ കാലാവസ്ഥ മുല്ലച്ചെടികൾക്ക് അനുയോജ്യമാണെങ്കിലും എല്ലാ മുല്ലയിനങ്ങളും ഒരേപോലെ എല്ലാ കാലാവസ്ഥയിലും പൂത്തുലയണം എന്നില്ല. അതിനാൽ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനം വേണം തിരഞ്ഞെടുക്കാൻ. 'ജാസ്മിനം സാംബക്' (Jasminum sambac) അഥവാ നമ്മൾ സാധാരണയായി വളർത്തുന്ന 'കുടമുല്ല' (Mogra/Arabian Jasmine) വർഷം മുഴുവൻ പൂക്കൾ തരാൻ ഏറ്റവും മികച്ചതാണ്. ഇത് ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും നന്നായി പ്രതിരോധിക്കുകയും ചട്ടികളിലും മണ്ണിലും ഒരുപോലെ നന്നായി വളരുകയും ചെയ്യുന്ന ഇനമാണ് കുടമുല്ല. നഴ്സറിയിൽ നിന്ന് ചെടി വാങ്ങുമ്പോൾ തന്നെ നല്ല ആരോഗ്യമുള്ള, വേരുകൾ ഒതുങ്ങിയ ചെടികൾ നോക്കി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ധാരാളം സൂര്യപ്രകാശം ഉറപ്പാക്കുകമുല്ലച്ചെടിക്ക് പൂവിടാൻ ഏറ്റവും അത്യാവശ്യം നല്ല സൂര്യപ്രകാശമാണ്. ദിവസവും കുറഞ്ഞത് 4 മുതൽ 6 മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വേണം മുല്ലച്ചെടി വെക്കാൻ. രാവിലെയുള്ള ഇളം വെയിൽ ഏൽക്കുന്നത് ചെടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ബാൽക്കണികൾ, ടെറസുകൾ, ജനൽപടികൾ എന്നിവ ഇതിനായി തിരഞ്ഞെടുക്കാം. സൂര്യപ്രകാശത്തോടൊപ്പം ചെടിയുടെ ചുറ്റും നല്ല വായുസഞ്ചാരം ഉണ്ടായിരിക്കാനും ശ്രദ്ധിക്കണം. ഇത് ഈർപ്പമുള്ള കാലാവസ്ഥയിൽ ചെടികളിൽ ഫംഗസ് ബാധ ഉണ്ടാകുന്നത് തടയും.
ശരിയായ മണ്ണും നനയുംവെള്ളം കെട്ടിക്കിടക്കാത്ത, എന്നാൽ നേരിയ ഈർപ്പം നിലനിർത്തുന്ന മണ്ണാണ് മുല്ലയ്ക്ക് ആവശ്യം. സാധാരണ ചുവന്ന മണ്ണ്, ജൈവവളം (കമ്പോസ്റ്റ്), മണൽ എന്നിവ തുല്യ അളവിൽ കലർത്തിയ മിശ്രിതം ചട്ടികളിൽ നിറയ്ക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം; അമിതമായി വെള്ളമൊഴിക്കുന്നത് മുല്ലച്ചെടികൾ നശിച്ചുപോകാനും ഇലകൾ മഞ്ഞളിക്കാനും കാരണമാകാറുണ്ട്. അതിനാൽ ചട്ടിയിലെ മൺനിരപ്പ് തൊട്ടുനോക്കുമ്പോൾ ഉണങ്ങിയിരിക്കുന്നു എന്ന് ബോധ്യപ്പെട്ടാൽ മാത്രം നനയ്ക്കുക. വേരുകളിൽ വെള്ളം കെട്ടിക്കിടന്നാൽ വേരുചീയൽ വന്ന് ചെടി പൂർണ്ണമായും നശിച്ചുപോകാനും സാധ്യത ഏറെയാണ്.
കൃത്യമായ പ്രൂണിംഗ് (കമ്പു കോതൽ)മുല്ലച്ചെടി തുടർച്ചയായി പൂക്കാനുള്ള ഒരു എളുപ്പ വഴി അതിന്റെ കമ്പുകൾ കൃത്യമായി വെട്ടി നിർത്തുക എന്നതാണ്. പുതിയതായി ഉണ്ടാകുന്ന ശാഖകളിലാണ് മുല്ലപ്പൂക്കൾ വിരിയുന്നത്. അതിനാൽ പൂക്കൾ വിരിഞ്ഞു കഴിഞ്ഞ ഉണങ്ങിയ കമ്പുകളും കേടായ ഇലകളും കൃത്യമായി വെട്ടിമാറ്റുക. ഇത് പുതിയ കിളിർപ്പുകൾ ഉണ്ടാകാനും അതിൽ കൂടുതൽ മൊട്ടുകൾ വരാനും സഹായിക്കും. കൂടാതെ, ഇടതൂർന്നു നിൽക്കുന്ന ഇലകൾ കുറയ്ക്കുന്നത് ചെടിയിലേക്ക് വെളിച്ചവും വായുവും നന്നായി കടക്കാനും സഹായിക്കും.
ആവശ്യത്തിന് വളവും കീടസംരക്ഷണവുംചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് കൃത്യമായ ഇടവേളകളിൽ വളം നൽകണം. ജൈവവളങ്ങളായ കമ്പോസ്റ്റ്, ചാണകപ്പൊടി അല്ലെങ്കിൽ ഫോസ്ഫറസ് അടങ്ങിയ വളങ്ങൾ (ഉദാ: എല്ലുപൊടി) പൂക്കൾ ഉണ്ടാകാൻ സഹായിക്കും. നൈട്രജൻ അടങ്ങിയ വളങ്ങൾ അമിതമായാൽ ചെടിയിൽ ഇലകൾ മാത്രം നിറയുകയും പൂക്കൾ കുറയുകയും ചെയ്യും. വളർച്ചാ കാലയളവിൽ മാസത്തിലൊരിക്കൽ വളം നൽകിയാൽ മതിയാകും. അന്തരീക്ഷത്തിൽ ഈർപ്പം കൂടുമ്പോൾ ഉണ്ടാകുന്ന വെള്ളീച്ചകൾ, അഫിഡുകൾ പോലുള്ള കീടങ്ങളെ അകറ്റാൻ വേപ്പെണ്ണ മിശ്രിതം (Neem oil) നേർപ്പിച്ച് തളിക്കുന്നത് ഇത്തരം കീടങ്ങളെ അകറ്റാൻ നല്ലതാണ്.
ഇത്തരം ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുല്ലച്ചെടി വർഷം മുഴുവൻ മനോഹരമായ പൂക്കളാൽ നിറയും വീടിന്റെയും പരിസരത്തിന്റെയും ഭംഗി വർദ്ധിക്കുകയും ചെയ്യും.
Content Highlight: To keep jasmine plants blooming year-round, ensure them proper sunlight, watering, pruning, and organic fertilizing of the right variety.