

വിശാലമായ മരുഭൂമിയിലൂടെ സഞ്ചരിക്കുന്നതിന് മുന്‍പ് ഒട്ടകങ്ങള്‍ക്ക് ഒരു പാത്രം നിറയെ ഉപ്പ് കൊടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് നോക്കൂ.വിചിത്രമായി തോന്നുന്നുണ്ടല്ലേ?. എന്നാല്‍ ഇത് ഒരു സാധാരണ കാര്യമാണ്.
ഭൂമിയിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളെപ്പോലും അതിജീവിക്കാന്‍ കഴിയുന്ന ജീവികളാണ് ഒട്ടകങ്ങള്‍. അവയ്ക്ക് കത്തുന്ന ചൂട് സഹിക്കാനും പരിമിതമായ ജലം ഉപയോഗിച്ച് ദിവസങ്ങളോളം ജീവിക്കാനും, മരുഭൂമികളിലൂടെ ഭാരം ചുമക്കാനും കഴിയും. നൂറ്റാണ്ടുകളായി ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ മരുഭൂമി സമൂഹങ്ങള്‍ ഗതാഗതം, വ്യാപാരം, ഭക്ഷണം, അതിജീവനം എന്നിവയ്ക്കായി ഒട്ടകങ്ങളെ ആശ്രയിച്ചുവരുന്നു.

നീണ്ട മരുഭൂമി യാത്രകള്‍ക്ക് മുന്‍പ് ഒട്ടകങ്ങള്‍ക്ക് ഉപ്പ് നല്കുന്ന പതിവുണ്ട്. അതിന് പിന്നില്‍ ബുദ്ധിപരവും ജൈവശാസ്ത്രപരവുമായ ഒരു കാരണമുണ്ട്. സാധാരണയായി അമിതമായി ഉപ്പ് കഴിക്കുന്നത് നിര്‍ജലീകരണ സാധ്യതയുണ്ടാക്കുന്നതുകൊണ്ട് മനുഷ്യര്‍ അമിതമായി ഉപ്പ് കഴിക്കരുതെന്ന് പറയാറുണ്ട്. എന്നാല്‍ ഒട്ടകങ്ങളുടെ കാര്യത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയല്ല.

മരുഭൂമിയിലൂടെയുള്ള നീണ്ട യാത്രകള്‍ക്ക് മുന്‍പ് ഒട്ടകങ്ങള്‍ക്ക് ശരീരത്തില്‍ ജലാംശം ഫലപ്രദമായി നിലനിര്‍ത്താനും നിയന്ത്രിക്കാനും ഉപ്പ് സഹായിക്കുന്നു. യാത്രയ്ക്ക് മുന്‍പ് ഉപ്പ് കഴിക്കുന്നത് ഒട്ടകങ്ങളെ ധാരാളം വെള്ളംകുടിക്കാനും അത് ശരീരത്തില്‍ സംഭരിക്കാനും പ്രേരിപ്പിക്കുന്നു. മരുഭൂമിയിലെ ചൂടിലൂടെയുള്ള യാത്രയില്‍ വിയര്‍പ്പിലൂടെയും മറ്റും മൃഗങ്ങള്‍ക്ക് ധാരാളം ജലം നഷ്ടപ്പെടുമ്പോള്‍ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താന്‍ ഉപ്പ് സഹായിക്കുന്നു. മറ്റ് പല മൃഗങ്ങളില്‍നിന്ന് വ്യത്യസ്തമായി ഒട്ടകങ്ങള്‍ക്ക് ശരീരത്തിലെ ജലാംശത്തിലെ ഏറ്റക്കുറച്ചിലുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകമായുള്ള കഴിവുണ്ട്. അവയുടെ വൃക്കകള്‍ ജലം സംരക്ഷിച്ച് വയ്ക്കാന്‍ വളരെ കാര്യക്ഷമമാണ്.
ഒട്ടകങ്ങളെക്കുറിച്ചുള്ള ഏറ്റവുംവലിയ തെറ്റിദ്ധാരണകളില്‍ ഒന്നാണ് അവയിടെ മുതുകില്‍ വെള്ളം സംഭരിക്കുന്നുണ്ട് എന്നത്. വാസ്തവത്തില്‍ അവയുടെ മുതുകില്‍ കൊഴുപ്പാണ് സംഭരിക്കുന്നത്. ഇത് പിന്നീട് ഭക്ഷണത്തിന് ക്ഷാമം വരുന്ന അവസരത്തില്‍ ഊര്‍ജമായി അവ ഉപയോഗിക്കുന്നു. അതുപോലെ ഒട്ടകങ്ങളുടെ രക്തത്തില്‍ ഓവല്‍ ആകൃതിയിലുള്ള ചുവന്ന രക്താണുക്കളുണ്ട്. നിര്‍ജ്ജലീകരണ സമയത്ത് രക്തം കട്ടിയുള്ളതായിരിക്കുമ്പോഴും അവ സുഗമമായി ഒഴുകുന്നു. അങ്ങനെ രക്തചംക്രമണത്തിന് സഹായകരമാകുന്നു. ഒട്ടകങ്ങളുടെ ശരീരം അതിജീവനത്തിന് സഹായിക്കുന്നതുപോലെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Content Highlights :Do you know why camels are given salt before long journeys? For centuries, desert societies in Africa, the Middle East, and Asia have relied on camels for transportation, trade, food, and survival.