പാമ്പുകള്‍ക്ക് ചെവിയുണ്ടോ? അവ എങ്ങനെയാണ് ശബ്ദം കേള്‍ക്കുന്നത്?. ഇക്കാര്യങ്ങളൊക്കെ പലര്‍ക്കും സംശയമുള്ള കാര്യമാണ്. ചെവി ഇല്ലെങ്കില്‍ എങ്ങനെയാണ് പാമ്പാട്ടികള്‍ മകുടി വായിക്കുമ്പോള്‍ പാമ്പുകള്‍ അതിനൊത്ത് ആടുന്നതെന്നതും കൗതുകമുണര്‍ത്തുന്ന കാര്യമാണ്. പാമ്പുകള്‍ ശത്രുക്കളുടെ ചലനങ്ങള്‍ അറിയുകയും അപകടകരമായ സാഹചര്യങ്ങളില്‍നിന്ന് രക്ഷപെടുകയും ചെയ്യും. പാമ്പുകളെക്കുറിച്ചുള്ള ചില അത്ഭുതകരമായ കാര്യങ്ങള്‍ അറിയാം.
ശാസ്ത്രീയ ഗവേഷണങ്ങളും റിപ്പോര്‍ട്ടുകളും അനുസരിച്ച് പാമ്പുകള്‍ക്ക് മനുഷ്യരെയോ മറ്റ് സസ്തനികളെയോ പോലെ ബാഹ്യ ചെവികളില്ല. വായുവില്‍ പൊങ്ങിക്കിടക്കുന്ന ശബ്ദതരംഗങ്ങളെ പിടിച്ചെടുക്കാന്‍ കഴിയുന്ന ദ്വാരങ്ങളോ കര്ണപടലങ്ങളോ അവയുടെ തലയില്‍ ഇല്ല. അവയുടെ കേള്‍വി പൂര്‍ണ്ണമായും ശരീര സ്പര്ശനത്തെയും അസ്ഥി സംക്രമണത്തെയും ആശ്രയിച്ചിരിക്കുന്നു. പാമ്പുകള്‍ അവയുടെ താടിയെല്ലുകള്‍ നിലത്ത് അമര്‍ത്തി വയ്ക്കുമ്പോള്‍ ഇരകളില്നിന്നോ ശത്രുക്കളില്‍നിന്നോ ഉണ്ടാകുന്ന ചെറിയ വൈബ്രേഷനുകള്‍ അവയ്ക്ക് തിരിച്ചറിയാന്‍ കഴിയും. അത്തരത്തില്‍ പാമ്പുകള്‍ നിലത്ത് ഉണ്ടാകുന്ന സൂക്ഷ്മമായ പ്രകമ്പനങ്ങളെ തിരിച്ചറിയാം.അങ്ങനെയാണ് അവ ശത്രുക്കളുടെ നീക്കങ്ങള്‍ മനസിലാക്കുന്നത്.
ഒരു പാമ്പാട്ടി മകുടി വായിക്കുമ്പോള്‍ പാമ്പ് അത് ആസ്വദിച്ച് നൃത്തം ചെയ്യുകയല്ല ചെയ്യുന്നത്. മറിച്ച് തന്റെ ജീവന് ഭീഷണിയായ ഒരു വസ്തുവിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ് ചെയ്യുന്നത്. തനിക്ക് മുന്നില്‍ പെട്ടെന്നുണ്ടാകുന്ന ചലനങ്ങളെ അവ വളരെ ജാഗ്രതയോടെ വീക്ഷിക്കുന്നു. തനിക്കെതിരെ നില്ക്കുന്ന ആയുധമോ ശത്രുവോ ആയിട്ടാണ് മകുടിയെ പാമ്പുകള്‍ കാണുന്നത്.മകുടി കൈയ്യിലെടുത്ത് പാമ്പാട്ടി ഇടത്തുനിന്നും വലത്തോട്ട് ചലിപ്പിക്കുമ്പോള്‍ തന്റെ മുന്നിലെ ആ അപരിചിത വസ്തു തന്നെ ആക്രമിക്കാന്‍ വരികയാണെന്ന് പാമ്പ് ഉറപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ആ ഉപകരണത്തില്‍ നിന്നും കണ്ണെടുക്കാതെ, അതിന്റെ ചലനങ്ങള്‍ക്ക് അനുസരിച്ച് പാമ്പ് തന്റെ തലയും ശരീരവും അതേ ദിശയിലേക്ക് മാറ്റാന്‍ തുടങ്ങും. മകുടി ഇടത്തേക്ക് നീങ്ങുമ്പോള്‍ പാമ്പ് ഇടത്തേക്കും, വലത്തേക്ക് നീങ്ങുമ്പോള്‍ വലത്തേക്കും തല തിരിക്കുന്നു. ദൂരത്തുനിന്ന് നോക്കുന്ന ഒരാള്‍ക്ക് ഇത് പാമ്പ് സംഗീതത്തിനൊത്ത് നൃത്തം ചെയ്യുന്നതായി തോന്നിപ്പിക്കുന്നു.
മാത്രമല്ല പാമ്പാട്ടി പലപ്പോഴും തന്റെ കാലുകളോ കാല്‍മുട്ടുകളോ നിലത്ത് തട്ടുന്ന രീതിയിലാണ് വയ്ക്കാറ്. ഇത് നിലത്ത് സൃഷ്ടിക്കുന്ന തരംഗങ്ങളെ പാമ്പുകള്‍ അവയുടെ വയറിലെ തൊലിയിലൂടെയും താടിയെല്ലുകളിലൂടെയും തല്‍ക്ഷണം തിരിച്ചറിയുന്നു. അവയെ സംബന്ധിച്ചിടത്തോളം, ഈ വൈബ്രേഷനുകള്‍ ഒരു സിഗ്നലായി പ്രവര്‍ത്തിക്കുകയും അവയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. അതായത് ശബ്ദം കേള്‍ക്കുന്നത് കൊണ്ടല്ല. മറിച്ച് തന്റെ ജീവന് ഭീഷണിയാകുന്ന ഒന്നില്നിനിന്ന് രക്ഷപെടാന്‍ പാമ്പ് ജാഗരൂകരാവുകയാണ് ചെയ്യുന്നതെന്ന് അര്‍ഥം.
Content Highlights : Don't snakes have ears?; Do they hear sounds? Here are some interesting facts