നിങ്ങളെ തന്നെ കൊല്ലാൻ ശേഷിയുള്ള ഒരു നദിക്കരിയിൽ താമസിക്കേണ്ടി വന്നാലോ? പേടിപ്പെടുത്തുന്ന അനുഭവമാകുമല്ലേ, പക്ഷേ ആമസോൺ കാടിന് നടുവിലുള്ള ഈ നദിയെ പുണ്യനദിയായാണ് അവിടുത്തെ തദ്ദേശിയർ കാണുന്നത്. ഈ നദി നൂറു ഡിഗ്രി സെൽഷ്യസ് വരെ വെട്ടിത്തിളക്കുന്നതിനാൽ ഇതിൽ നിന്നും ആവി പറക്കുന്നത് വ്യക്തമായി തന്നെ കാണാം. ഇതിലേക്ക് വീഴുകയോ അല്ലെങ്കിൽ കൈയോ കാലോ വെള്ളത്തിലിട്ട് നോക്കാൻ ശ്രമിക്കുകയോ ചെയ്താൽ ഒന്നുകിൽ നല്ല പൊള്ളലേൽക്കും അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കും എന്നതിൽ സംശയമില്ല. പെറുവിയൻ ആമേസാണിലാണ് ഈ നദിയുള്ളത്.
പ്രദേശവാസികൾ ഈ നദിയെ വിളിക്കുന്നത് ഷനൈ ടിംപിഷ്ക എന്നാണ്. കാടിനുള്ളിൽ ഒമ്പത് കിലോമീറ്ററോളം ഉള്ളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ നദിയിലെ വെള്ളത്തിലെ ചൂട്, ഒരിടത്ത് പൊള്ളലൊന്നുമേൽക്കാത്ത വിധമുള്ള ചൂടാണ് അവിടെ നിന്നും അത് ഉയർന്ന് ഉയർന്ന് വെള്ളം തിളയ്ക്കുന്ന ചൂടിലേക്ക് എത്തും. ഈ ചൂട് ഏറ്റാൽ ജീവനുള്ള എന്തിനും സെക്കൻഡ് - തേഡ് ഡിഗ്രി പൊള്ളൽ ഏൽക്കും. ഇതിലേക്ക് വീഴുന്ന ഒന്നും ജീവനോടെ തിരികെ വരില്ലെന്ന് അർഥം.
ചൂടുള്ള നദികൾ അല്ലെങ്കിൽ അരുവികൾ സ്ഥിതി ചെയ്യുന്നത് അഗ്നിപർവതങ്ങൾക്ക് സമീപമാണ്. എന്നാൽ ഈ നദി ഇത്തരം അഗ്നിപർവതങ്ങളിൽ നിന്നും നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയാണ്. ഇതാണ് ശാസ്ത്രജ്ഞമാരെയും ഗവേഷകരെയും അമ്പരപ്പിച്ചത്. ബോയിലിങ് റിവർ എന്നും അറിയപ്പെടുന്ന ഈ നദി കിഴക്കൻ പെറുവിലെ ആമസോൺ മഴകാടിനുള്ളിലാണ് കാണപ്പെടുന്നത്. തദ്ദേശിയരായ അശാനിക വിഭാഗമാണ് ഈ സ്ഥലത്തിന്റെ സംരക്ഷകർ. ഇവരുടെ വിശ്വാസത്തിന്റെ ഭാഗമായുള്ള ജലദേവതയായ യാകുമാമയുടെ വരദാനമാണ് ഈ നദിയെന്നാണ് അവരുടെ വിശ്വാസം. എന്നാൽ ഇവരൊഴികെയുള്ള ലോകം വിശ്വസിക്കുന്നത് ഇതൊരു ജിയോതെർമൽ അത്ഭുതം എന്നാണ്.
ഡീപ് ഹൈപ്പോതെർമൽ സർക്കുലേഷൻ എന്ന മെക്കാനിസമാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്നാണ് യൂണിവേഴ്സിറ്റി ഒഫ് മിയാമിയിലെ ഗവേഷകനായ റൈലി ഫോർട്ടിയർ 2022ൽ നടത്തിയ പഠനത്തിൽ പറയുന്നത്. ഭൂമിയുടെ പ്രതലത്തിൽ വീഴുന്ന മഴവെള്ളം സുഷിരങ്ങളിലൂടെ ഫോൾ സോണുകളിലെത്തുന്നു ഇവ ഇവിടെനിന്നും വീണ്ടും ഭൂമിയുടെ അടിത്തട്ടിലേക്ക് പോകും. ഇവ ജിയോതെർമൽ എനർജിയിൽ ചൂടാകും. ഇതേ ജലം പിന്നീട് തിളച്ച ചൂടിൽ ഉപതരലത്തിലേക്ക് എത്തുമെന്നാണ് ഈ പഠനത്തിൽ പറയുന്നത്.
ഭൂമിയുടെ അനിയന്ത്രിതമായ ശക്തിയുടെ ഉദാഹരണങ്ങളിലൊന്നാണ് ഈ നദിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെയും ഇവിടം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടിട്ടില്ല. ഇവിടുത്ത പ്രദേശവാസികൾ ഈ നദിയെ പുണ്യമായാണ് കണക്കാക്കുന്നത്. അതിനാൽ ഇവിടം സന്ദർശിക്കുന്നവർ അവരുടെ വികാരത്തെ മാനിക്കണമെന്നൊരു നിർദേശം മാത്രമാണ് സഞ്ചാരികളോട് അവർക്കുള്ളത്.
Content Highlights: