കാസര്കോട്: ചൊവ്വയിലെ 50 കിലോമീറ്ററിലധികം വലുപ്പവും 350 കോടി വര്ഷത്തോളം പഴക്കമുള്ള ഒരു ഗര്ത്തത്തിന് പ്രശസ്ത ജിയോളജിസ്റ്റായ എം എസ് കൃഷ്ണന്റെ പേര് നല്കാന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ (IAU) അംഗീകാരം ലഭിച്ചു. പുരാതന ഹിമാനികളുടെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പ്രദേശത്താണ് കൃഷ്ണനെന്ന് പേര് നല്കിയ ഈ ഗര്ത്തമുള്ളത്.
കൃഷ്ണന് ഗര്ത്തത്തിന് പുറമെ, അതിന്റെ സമീപത്തുള്ള നാല് ചെറിയ ഗര്ത്തങ്ങള്ക്കും ഒരു വറ്റിയ നീര്ച്ചാലിനും കേരളത്തിലെ സ്ഥലങ്ങളായ വലിയമല, തുമ്പ, വര്ക്കല, ബേക്കല്, പെരിയാര് എന്നീ പേരുകള് നല്കാനും അംഗീകാരം ലഭിച്ചു. ശാസ്ത്രീയവും സാംസ്കാരികപരവുമായ പ്രാധാന്യമുള്ള സ്ഥലങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ പേരുകള് നിര്ദേശിക്കപ്പെട്ടത്.
ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്സ് ആന്ഡ് ടെക്നോളജി (IIST) സ്ഥിതി ചെയ്യുന്ന വലിയമല, വിക്രം സാരാഭായ് സ്പേസ് സെന്റര് (vssc) സ്ഥിതി ചെയ്യുന്ന തുമ്പ, വര്ക്കല ക്ലിഫിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് വര്ക്കല, ചരിത്രപ്രധാനമായ ബേക്കല് കോട്ടയുടെ ഓര്മയ്ക്ക് ബേക്കല് എന്നിങ്ങനെയാണ് പേരുകള്ക്ക് അംഗീകാരം ലഭിച്ചത്.
ഇതുകൂടാതെ, കൃഷ്ണന് ഗര്ത്തത്തിനകത്തുള്ള സമതലത്തിന് കൃഷ്ണന് പാലസ് (Krishnan palus) എന്നും, ഈ സമതലത്തില് കാണുന്ന ചാലിന് 'പെരിയാര് വാലിസ്' (periyar vallis) എന്നും നാമകരണം ചെയ്തിട്ടുണ്ട്. കാസര്കോട് ഗവ. കോളജിലെ ജിയോളജി അസി. പ്രൊഫസര് ആസിഫ് ഇഖ്ബാല് കക്കാശേരി, തിരുവനന്തപുരം ഐഐഎസ്ടിയിലെ ഏര്ത്ത് ആന്ഡ് സ്പേസ് വകുപ്പിലെ വി ജെ രാജേഷ് എന്നിവര് സമര്പ്പിച്ച നിര്ദേശങ്ങള്ക്കാണ് ഇപ്പോള് അംഗീകാരം ലഭിച്ചിരിക്കുന്നത്.
Content Highlights: Craters on Mars named after famous geologist MS Krishnan and places in Kerala