ഒന്ന് പ്രൊപ്പോസ് ചെയ്തിട്ട് വരാം; തലയില്‍ 'വിഗ്' ധരിച്ച് പെണ്‍ഡോള്‍ഫിനുകളെ ആകര്‍ഷിക്കുന്ന ആണ്‍ഡോള്‍ഫിനുകള്‍

പെണ്‍ഡോള്‍ഫിനുകളെ ആകര്‍ഷിക്കാന്‍ മേക്കോവറുമായി ആണ്‍ഡോള്‍ഫിനുകള്‍

ഒന്ന് പ്രൊപ്പോസ് ചെയ്തിട്ട് വരാം; തലയില്‍ 'വിഗ്' ധരിച്ച് പെണ്‍ഡോള്‍ഫിനുകളെ ആകര്‍ഷിക്കുന്ന ആണ്‍ഡോള്‍ഫിനുകള്‍
dot image

പെണ്‍കിളിയെ ആകര്‍ഷിക്കുന്നതിനായി അതിമനോഹരമായി തൂവലുകള്‍ വിടര്‍ത്തി നൃത്തമാടുന്ന ആണ്‍കിളികളുടെ ധാരാളം വീഡിയോകള്‍ കണ്ടിട്ടില്ലേ. ഇണയെ ആകര്‍ഷിക്കാനായി രസകരമായ മാര്‍ഗങ്ങള്‍ തേടുന്നപലതരം ജീവികളെ കുറിച്ചും നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ പെണ്‍ഡോള്‍ഫിനുകളെ ആകര്‍ഷിക്കുന്നതിനായി ആണ്‍ഡോള്‍ഫിനുകള്‍ നടത്തുന്ന രസകരമായ ഒരു മേക്കോവര്‍ പരിചയപ്പെടുത്തുകയാണ് ഗവേഷകര്‍.

ഓസ്‌ട്രേലിയല്‍ ഹംബാക്ക് ഡോള്‍ഫിനുകളാണ് കഥയിലെ താരം. പെണ്‍ഡോള്‍ഫിനുകളെ ആകര്‍ഷിക്കുന്നതിനായി തലയില്‍ വിഗ് വയ്ക്കുകയാണേ്രത കക്ഷിയുടെ രീതി. ഇതിനായി സമുദ്രത്തില്‍ വളരുന്ന സ്‌പോഞ്ച് ആണ് കക്ഷി ഉപയോഗിക്കുന്നതത്രേ. കടലില്‍ കാണുന്ന പോറിഫെറ ഫൈലത്തില്‍ പെട്ട ജീവികളാണ് ഈ സ്‌പോഞ്ച്. സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റായ ഹോളി റോഡിനോയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇത് കണ്ടെത്തിയത്.

വാപാര്‍ക്‌സ് വൈല്‍ഡ്‌ലൈഫ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഗവേഷകര്‍ ഡോള്‍ഫിനുകളുടെ ഈ പ്രത്യേക സ്വഭാവ സവിശേഷത വിശദീകരിച്ചിരിക്കുന്നത്. ഗവേഷകര്‍ പങ്കുവച്ച കുറിപ്പും രസകരമാണ്. 'ബാരിസ്റ്റര്‍മാരെ പോലെ തോന്നുമെങ്കിലും ഈ ഓസ്‌ട്രേലിയന്‍ ഹംബാക്ക് ഡോള്‍ഫിനുകള്‍ കോടതിയിലേക്ക് വേണ്ടി തയ്യാറാവുകയല്ല. സീ സ്‌പോഞ്ച് വിഗ് അവര്‍ ധരിച്ചിരിക്കുന്നത് സ്ത്രീകളെ പ്രലോഭിക്കുന്നതിന് വേണ്ടിയാണ്. സ്ത്രീകളോട് വിവാഹാഭ്യര്‍ഥന നടത്തുന്നതിന് വേണ്ടിയാണ് അവര്‍ തലയില്‍ സീ സ്‌പോഞ്ച് ധരിക്കുന്നത്. അവര്‍ക്ക് ഒരു ബൊക്കെ നല്‍കുന്നത് പോലെ.'

ഈ പ്രത്യേക വിഭാഗത്തിലുള്ള ഡോള്‍ഫിനുകള്‍ വടക്കന്‍ ഓസ്‌ട്രേലിയയുടെ തീരദേശത്താണ് കാണപ്പെടുന്നതത്രേ. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഡോള്‍ഫിന്‍ വിഭാഗമായിട്ടാണ് ഇതിനെ ഗവേകര്‍ കരുതുന്നത്. 10,000ത്തില്‍ താഴെമാത്രം ഹംബാക്ക് ഡോള്‍ഫിനുകളാണ് ഇന്ന് അവശേഷിക്കുന്നത്.

Content Highlights: Humpback Dolphins Wear Sea Sponges As Wigs To Impress The Ladies

dot image
To advertise here,contact us
dot image