പേരിന് പോലും ഒരെണ്ണം ഉണ്ടായിരുന്നില്ല; ഒടുവില്‍ ഐസ്‌ലാന്‍ഡിലേയ്ക്കും അവര്‍ മൂളിപ്പറന്നെത്തി

ലോകത്തില്‍ ഇന്നുവരെ കൊതുകുകള്‍ ഇല്ലാതിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഐസ്‌ലാന്‍ഡ്

കൊതുകിനെ പേടിക്കാതെ കഴിയാൻ പറ്റാത്ത അവസ്ഥലിയാണ് പലപ്പോഴും നമ്മളെല്ലാം. സ്വസ്ഥമായിരിക്കുമ്പോൾ എവിടെ നിന്നെങ്കിലും അവർ മൂളിപ്പറന്നെത്തും. ചിലപ്പോൾ കൂട്ടമായി വളഞ്ഞ് ആക്രമിക്കും. കൊതുക് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ മലയാളിക്കാൾ റിലേറ്റ് ചെയ്യാൻ കഴിയുന്നത് ആർക്കാണല്ലെ? ഹോ കൊതുകില്ലാത്ത എങ്ങോട്ടെങ്കിലും ഒന്നു പോകാന്‍ പറ്റിയിരുന്നെങ്കിലെന്ന് അപ്പോഴെല്ലാം നമ്മൾ ആലോചിച്ച് പോകാറുമുണ്ട്! അത്തരത്തില്‍ കൊതുകില്ലാത്ത സ്ഥലമുണ്ടോ? ഉണ്ട് ലോകത്തില്‍ കൊതുകില്ലാത്ത രണ്ട് സ്ഥലങ്ങളായി കണക്കാക്കിയിരുന്നത് ഐസ്‌ലാന്‍ഡിനെയും അൻ്റാർട്ടിക്കയെയും ആയിരുന്നു. എന്നാൽ ഐസ്‌ലാന്‍ഡിന് ഇനിയാ പൊങ്ങച്ചം പറയാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്. ചരിത്രത്തില്‍ ആദ്യമായി ഐസ്‌ലാന്‍ഡില്‍ കൊതുകുകളെ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. റെയ്ക്ലാവിക്കിന് വടക്കുവശത്തുള്ള ഒരു ചെറിയ പട്ടണത്തിലാണ് കൊതുകുകളെ കണ്ടെത്തിയത്. അങ്ങനെ ലോകത്ത് കൊതുകുകളില്ലാത്ത രാജ്യം എന്ന പദവി ഐസ്‌ലാന്‍ഡിന് നഷ്ടപ്പെടുകയും ചെയ്തു.

റെയ്കാജാവിക്കില്‍ നിന്ന് ഏകദേശം 20-30 കിലോമീറ്റര്‍ വടക്കുള്ള സ്ഥലത്ത് ബ്യോണ്‍ ഹ്ജാല്‍റ്റാസണ്‍ എന്ന പ്രാണിപ്രേമിയാണ് തന്റെ പൂന്തോട്ടത്തില്‍ കൊതുകിനെ കണ്ടെത്തിയത്. വീഞ്ഞില്‍ മുക്കിയ തുണികൊണ്ടുള്ള സ്ട്രിപ്പുകള്‍ പൂന്തോട്ടത്തില്‍ കെട്ടിയിട്ട് നിശാശലഭങ്ങളെയും പ്രാണികളെയും ഒക്കെ ആകര്‍ഷിക്കുന്ന കെണി തയ്യാറാക്കിയതായിരുന്നു അയാള്‍. അങ്ങനെയാണ് കൊതുകുകള്‍ ഇവയിലേക്ക് ആകര്‍ഷിക്കപ്പെട്ട് എത്തുന്നത്. ഹ്ജാല്‍റ്റാസണ്‍ ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ഐസ്‌ലാന്‍ഡിലെ നാച്ചുറല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കീട ശാസ്ത്രജ്ഞനായ മത്തിയാസ് ആല്‍ഫ്രെസ്സനെ വിവരമറിയിക്കുകയും ചെയ്തു. അങ്ങനെയാണ് കൊതുകുകളാണെന്ന് സ്ഥിരീകരിച്ചത്.

'കുലിസെറ്റ അനുലറ്റ' എന്നയിനം കൊതുകുകളെയാണ് കണ്ടെത്തിയത്. ചൂടുകാലാവസ്ഥയില്‍ ജീവിക്കുന്ന കൊതുകുകളില്‍നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് തണുപ്പ് കാലാവസ്ഥയില്‍ ജീവിക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. കൊതുകുകള്‍ എങ്ങനെയാണ് അവിടേക്ക് എത്തിയത് എന്നതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ഐസ്‌ലാന്‍ഡില്‍ കൊതുകുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടോ എന്നറിയാന്‍ വസന്തകാലത്ത് കൂടുതല്‍ നിരീക്ഷണം ആവശ്യമാണെന്നും ആല്‍ഫ്രഡ്‌സണ്‍ പറയുന്നു.

Content Highlights :Mosquitoes have been discovered in Iceland for the first time in history.

To advertise here,contact us