എല്ലാവരും ദീപാവലി അടിച്ചുപൊളിച്ചു; പിന്നീട് കണ്ണ് കാണാൻ പോലും പറ്റാത്ത അവസ്ഥ; ഡൽഹിയിൽ 'കൃത്രിമമഴ' ഉണ്ടായേക്കും

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയാണ് വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ എത്തിയത്

ഡൽഹിയിൽ വായുമലിനീകരണം അതീവഗുരുതരമായ അവസ്ഥയിലെത്തിയതോടെ കൃത്രിമ മഴ പെയ്യിക്കാനുള്ള ആലോചനയുമായി സർക്കാർ. കാലാവസ്ഥാ വകുപ്പിന്റെ പച്ചക്കൊടി കിട്ടിയാൽ വരും ദിവസങ്ങളിൽ ഡൽഹി സർക്കാർ കൃത്രിമമഴ പെയ്യിച്ചേക്കും. ഡൽഹി പരിസ്ഥിതി മന്ത്രി മൻജീന്ദർ സിങ് ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞയുടൻ തന്നെ കൃത്രിമമഴ ഉണ്ടാകുമെന്ന് അറിയിച്ചുകഴിഞ്ഞു.

ചൊവ്വാഴ്ച്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് വായുഗുണനിലവാര സൂചിക 347 എന്ന അപകടകരമായ അളവിലാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം വാസിപുർ, ഭവാന, ജഹാംഗീർപുരി തുടങ്ങിയ ഇടങ്ങളിൽ അതീവ മോശമാണ് സ്ഥിതി. ഇന്ത്യ ഗേറ്റ് പരിസരത്തും മലിനീകരണം അതീവ രൂക്ഷമാണ്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയാണ് വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ എത്തിയത്.

എന്താണ് കൃത്രിമ മഴ അഥവാ ക്ലൗഡ് സീഡിങ്

മഴ മേഖങ്ങളിൽ സ്വാഭാവികമായി നടക്കേണ്ട ഭൗതിക-രാസ പ്രവർത്തനങ്ങൾ സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ്, കറിയുപ്പ്, ദ്രവീകൃത പ്രൊപെയ്ൻ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്നതിനെ ക്ലൗഡ് സീഡിങ് എന്ന് പറയുന്നു. ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരുമിച്ച് കൂട്ടി മഴ പെയ്യിക്കേണ്ട പ്രദേശത്ത് എത്തിച്ച് ഈ രാസപദാർത്ഥങ്ങൾ പ്രത്യേക വിമാനങ്ങളിൽ നിന്ന് മേഘങ്ങളിലേക്ക് സ്പ്രേ ചെയ്യും. മേഘങ്ങളിൽ എത്തുന്ന രാസവസ്തുക്കൾ നീരാവി ഘനീഭവിപ്പിച്ച് മഴത്തുള്ളികളാക്കി മാറ്റും. ഭൂമിയിൽ നിന്ന് ഏകദേശം 16,000 മുതൽ 20,000 അടി ഉയരത്തിൽ വരെയാണ് ഈ പ്രക്രിയകൾ നടക്കുന്നത്.

1940 കളിലാണ് ക്ലൗഡ് സീഡിങ് എന്ന വിദ്യ ആദ്യമായി പരീക്ഷിക്കപ്പെടുന്നത്. ക്ലൗഡ് സീഡിങ് ചൈനയും അമേരിക്കയും പോലുള്ള രാജ്യങ്ങൾ നിരന്തരം പരീക്ഷിക്കാറുണ്ടെങ്കിലും ഇന്ത്യയിൽ അത് അത്ര സാധാരണമല്ല. എല്ലായ്പ്പോഴും ക്ലൗഡ് സീഡിങ് നടക്കുമ്പോൾ മഴ പെയ്യാത്തത് ഇതിനെക്കുറിച്ച് ആളുകൾക്കിടയിൽ സംശയം ഉയർത്താനും കാരണമായിട്ടുണ്ട്. ക്ലൗഡ് സീഡിങ് നടത്തിയ ഉടനെയല്ല മഴ പെയ്യുന്നത് എന്നതിനാൽ പെയ്തത് കൃത്രിമ മഴയോ അതോ സ്വാഭാവിക മഴയോ എന്ന സംശയവും പലപ്പോഴുമുണ്ടാകാറുണ്ട്.

Content Highlights: cloud seeding to be taken up at delhi after pollution rises

To advertise here,contact us