ലണ്ടൻ അടക്കം ലോകത്തിലെ പ്രധാന നഗരങ്ങളിൽ എലികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നതിൻ്റെ കാരണങ്ങൾ ചർച്ച ചെയ്യുകയാണ് ബിബിസിയിലെ ക്ലൈമറ്റ് എഡിറ്ററായ ജസ്റ്റിൻ റൗലറ്റ്. ബിബിസിയിൽ പ്രസിദ്ധീകരിച്ച ഒരു ദീർഘലേഖനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ജസ്റ്റിൻ റൗലറ്റ് പങ്കുവെച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം അടക്കം നിരവധി വിഷയങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ബ്രിട്ടനിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ എലികളുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധനവ് ഉണ്ടായതായി കീടനിയന്ത്രണ കമ്പനിയുടെ സ്ഥാപകനായ ക്ലൈവ് ബറിയെ ഉദ്ധരിച്ച് ജസ്റ്റിൻ റൗലറ്റ് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എലികളുടെ എണ്ണത്തിൽ വർദ്ധനവ് കണ്ടതായി ബ്രിട്ടീഷ് പെസ്റ്റ് കൺട്രോൾ അസോസിയേഷനും (ബിപിസിഎ) വ്യക്തമാക്കുന്നു. അഴുക്കുചാലുകളിലും മാളങ്ങളിലും വസിക്കുന്നതിനാലും രാത്രി മാത്രം പുറത്ത് വരുന്നതിനാലും എലികളുടെ കൃത്യമായ കണക്കെടുപ്പ് നടക്കില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബ്രിട്ടനിൽ എലികളുടെ എണ്ണം 10 ദശലക്ഷം മുതൽ 120 ദശലക്ഷം വരെയാകാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബ്രിട്ടനിലെ നഗരങ്ങൾക്ക് പുറമെ വാഷിംഗ്ടൺ ഡിസി, സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് സിറ്റി, ആംസ്റ്റർഡാം, ടൊറന്റോ എന്നിവയുൾപ്പെടെ ലോകത്തെ പ്രധാനപ്പെട്ട പല നഗരങ്ങളിലും എലികളുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ടുണ്ട്.
മനുഷ്യരിലേക്ക് ഗുരുതരമായ രോഗങ്ങൾ പകർന്ന് നൽകാൻ സാധ്യതയുള്ള എലികൾ പെരുകുന്നത് ഒരു ആരോഗ്യ പ്രശ്നമായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അവയുടെ മൂത്രത്തിലൂടെയും കാഷ്ഠത്തിലൂടെയും പകരുന്ന രോഗങ്ങളുണ്ട്. ഇതിന് പുറമെ കാർഷിക ഉത്പന്നങ്ങളെ നശിപ്പിക്കുന്നതും റസ്റ്റോറൻ്റ് അടക്കമുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളെ മലിനപ്പെടുത്തുന്നതും വെല്ലുവിളിയായി മാറുന്ന സാഹചര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പലപ്പോഴും പിടികൂടുന്നതിൽ നിന്ന് രക്ഷപെടാൻ എലികൾ കാണിക്കുന്ന സാമർത്ഥ്യം എലികളുടെ എണ്ണം പെരുകാൻ ഒരു കാരണമാകുന്നുണ്ടെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ചൂണ്ടിക്കാണിച്ച് ജസ്റ്റിൻ റൗലറ്റ് വ്യക്തമാക്കുന്നുണ്ട്.
വർദ്ധിച്ചുവരുന്ന താപനിലയാണ് എലികളുടെ എണ്ണം വർദ്ധിക്കാനുള്ള കാരണമെന്ന നിലയിലുള്ള പഠനങ്ങളുണ്ട്.എലികളുടെ എണ്ണം വർദ്ധിക്കുന്നതിന് താപനിലയുമായി ബന്ധമുണ്ടെന്ന് ശാസ്ത്രീയ തെളിവുകൾ ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിൻ റൗലറ്റ് വ്യക്തമാക്കുന്നത്. ന്യൂയോർക്ക് സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിൽ ഒരു ഗവേഷണ ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന ഡോ. കോറിഗൻ വിർജീനിയയിലെ റിച്ച്മണ്ട് സർവകലാശാലയിലെ ഗവേഷകരുമായി ചേർന്ന നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുള്ളത്. എലികളുടെ എണ്ണം വർദ്ധിക്കുന്നതിന് താപനില വർദ്ധിക്കുന്നതുമായി ബന്ധമുണ്ടോ എന്നായിരുന്നു ഇവരുടെ പഠനം.
വടക്കേ അമേരിക്കയിലെ 16 നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പഠനം. സയൻസ് അഡ്വാൻസ് ജേർണലിൽ ഈ വർഷം പഠനത്തിലെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരുന്നു.
പഠനത്തിനായി തിരഞ്ഞെടുത്ത 11 നഗരങ്ങളിൽ കഴിഞ്ഞ ഏഴ് മുതൽ 17 വർഷം വരെയുള്ള വർഷങ്ങളിൽ എലികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് വന്നതായാണ് കണ്ടെത്തിയത്. വാഷിംഗ്ടൺ ഡിസിയിൽ ഏകദേശം 400 ശതമാനം, സാൻ ഫ്രാൻസിസ്കോയിൽ 300 ശതമാനം, ടൊറന്റോയിൽ 180 ശതമാനം, ന്യൂയോർക്കിൽ 160 ശതമാനം എന്നിങ്ങനെയായിരുന്നു വർദ്ധനവ്. പഠനം നടത്തിയതിൽ മൂന്ന് നഗരങ്ങളിൽ മാത്രമായിരുന്നു എലികളുടെ എണ്ണത്തിൽ കുറവ് കാണിച്ചത്. താപനില കാലക്രമേണ വർദ്ധിക്കുന്ന നഗരങ്ങളിൽ എലികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായെന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ചില നഗരങ്ങളിൽ ആ വർദ്ധനവ് ഏതാണ് 2 ഡിഗ്രി സെൽഷ്യസിലും അധികമായിരുന്നു.
താപനിലയിലെ വർദ്ധനവ് പ്രത്യേകിച്ചും ശൈത്യകാലത്തെ താപനിലയുടെ വർദ്ധനവ് കൂടിന്നിടത്തോളം കാലം എലികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഡോ. കോറിഗൻ്റെ വിശദീകരണം. 2100 ആകുമ്പോഴേക്കും ആഗോള താപനിലയിൽ 1.9C നും 2.1C നും ഇടയിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ ഒരു കൂട്ടമായ ക്ലൈമറ്റ് ആക്ഷൻ ട്രാക്കർ പറയുന്നത്.
പെറ്റുപെരുകുന്ന കാര്യത്തിൽ എലികൾ അസാധാരണ ജീവികളാണ്. ഒരു പെൺ എലി ഒരു വർഷത്തിൽ സാധാരണയായി ആറ് തവണ പ്രസവിക്കും. ഓരോ പ്രസവത്തിലും 12 കുഞ്ഞുങ്ങൾ വരെ ഉണ്ടാകും. ഒരു പ്രസവത്തിന് ശേഷം ഒന്നര മാസത്തിനകം അവയ്ക്ക് വീണ്ടും പ്രജനനം ആരംഭിക്കാൻ സാധിക്കും. എലികളെ സംബന്ധിച്ച് ചൂടുള്ള കാലാവസ്ഥ പ്രജനന തോത് വർദ്ധിപ്പിക്കുകയും തണുപ്പുള്ള കാലാവസ്ഥ ഇത് കുറയ്ക്കുകയും ചെയ്യും. അതിനാൽ തന്നെ ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ എലികളുടെ എണ്ണം വർദ്ധിക്കാനുള്ള സാഹചര്യം കൂടുതലാണ് എന്നാണ് ഗവേഷകർ പറയുന്നത്. നഗരങ്ങളിലെ കെട്ടിടങ്ങൾ ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ ചൂടിനെ പിടിച്ച് നിർത്താൻ ശേഷിയുള്ളവയാണ്. അതിനൊപ്പം ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേയ്ക്കുള്ള കുടിയേറ്റവും എലികളുടെ എണ്ണം പൊരുകാൻ കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിവരങ്ങൾക്ക് കടപ്പാട്: ബിബിസിയെ ലേഖനം
Content Highlights: Rat numbers are reported to have spiked in several cities in the World