'മത്സ്യ മഴ'; ബക്കറ്റെടുത്ത് ഓടുന്ന ജനങ്ങൾ; വർഷംതോറും വരുന്ന അപൂർവ പ്രതിഭാസത്തിന് പിന്നിൽ…

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള വിചിത്ര സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

കല്ലു മഴ, പൊടി മഴ എന്നൊക്കെ കേട്ടിരിക്കാം…എന്നാൽ 'മത്സ്യ മഴ' എന്ന് കേട്ടിട്ടുണ്ടോ ? എല്ലാ വർഷവും ഈ 'മത്സ്യമഴ' ക്കായി കാത്തിരിക്കുന്ന ഒരു കൂട്ടം ജനങ്ങൾ ഉണ്ട്…അങ്ങ് അമേരിക്കയിൽ. വടക്കൻ ഹോണ്ടുറാസിലെ യോറോ എന്ന പട്ടണത്തിലാണ് 'മത്സ്യമഴ' എന്നറിയപ്പെടുന്ന ഒരു നിഗൂഢ പ്രതിഭാസം വർഷം തോറും നടക്കാറുള്ളത്. കേൾക്കുന്ന നമുക്ക് അതിശയം തോന്നുമെങ്കിലും ഇവിടുത്തുകാർക്കിത് ഒരു ആഘോഷ നിമിഷമാണ്. വർഷത്തിൽ മെയ്- ജൂലൈ മാസത്തിലാണ് യോറോയിൽ ഈ സംഭവം നടക്കുന്നത്. വർഷം തോറും നടക്കുന്ന ഈ പ്രതിഭാസം എന്താണെന്നതിനെക്കുറിച്ച് ഗവേഷകർ അന്വേഷങ്ങൾ നടത്തിയിട്ടുണ്ട്. മേഖലയിലുടനീളം വീശിയടിക്കുന്ന ശക്തമായ ഇടിമിന്നലിന്റെ പ്രതിഫലമായാണ് ആയിരക്കണക്കിന് ചെറുമീനുകൾ യോറോ പട്ടണങ്ങളിലെ തെരുവുകളിലും വയലുകളിലും ഒഴുകിയെത്തുന്നത്. ഒരു നൂറ്റാണ്ടിലേറെയായി പട്ടണത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിഭാസം ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു എങ്കിലും ഇവിടുത്തുകാർക്ക് എന്നും സന്തോഷം നൽകുന്ന സംഭവമാണ്.

വാട്ടർസ്പൗട്ട് അഥവാ ജലസ്തംഭം ആണ് ഈ പ്രതിഭാസത്തിനു കാരണം എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. കടലിലും വളരെ വിസ്തൃതമായ ജലാശയങ്ങളിലും കാലവർഷവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു അസാധാരണ ചുഴലിയാണ് ജലസ്തംഭം, കടൽ ചുഴലി എന്നൊക്കെ പറയുന്ന പ്രതിഭാസം. മത്സ്യങ്ങൾ, തവളകൾ, നിരവധി ചെറിയ ജലജീവികൾ എന്നിവയെ അന്തരീക്ഷത്തിലേക്ക് വലിച്ചെടുക്കാൻ കടലിൽ ഉണ്ടാകുന്ന ഈ ചുഴിക്ക് സാധിക്കും. പിന്നീട് കനത്ത മഴയോടൊപ്പം ഇവ കരയിൽ വന്നു ചേരുകയാണ് ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള വിചിത്ര സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സെർബിയയിൽ ആകാശത്ത് നിന്ന് തവളകൾ വീഴുന്നതും, ഓസ്ട്രേലിയയിൽ ചിലന്തികൾ വീഴുന്നതും, യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ ചില പുഴുക്കൾ വീഴുന്നതും അനുഭവപ്പെട്ടിട്ടുണ്ട്.

എന്നാൽ മെയ് ജൂൺ ജൂലൈ മാസങ്ങളിൽ മത്സ്യ മഴ പെയ്യുമ്പോൾ അവ ശേഖരിക്കാനായി ബക്കറ്റും പത്രങ്ങളും എടുത്തു വരുന്ന യോറോ പട്ടണത്തിലെ പ്രദേശവാസികൾ തങ്ങളുടെ സാംസ്‌കാരികവും ആത്മീയവുമായ രീതിയുമായി ഇതിനെ കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നത്. മത്സ്യങ്ങൾ ശേഖരിച്ച് അവരിത് പാകം ചെയ്ത് കഴിക്കുകയും ചെയ്യും. ഈ പ്രതിഭാസത്തെ സംഗീതം, പരേഡുകൾ, സമൂഹ വിരുന്നുകൾ എന്നിങ്ങനെ ഉള്ള വിവിധ തരത്തിലുള്ള പരിപാടികളിലൂടെ 'ഫെസ്റ്റിവൽ ഡി ലാ ലുവിയ ഡി പെസെസ്', എന്ന് പേരിട്ട് വലിയൊരു ആഘോഷമായി മാറ്റുകയാണ് ഇവിടത്തെ ജനങ്ങൾ. പലപ്പോഴും നദികളോ തടാകങ്ങളോ ഇല്ലാത്ത പ്രദേശങ്ങളിലാണ് മൽസ്യങ്ങൾ വീഴുന്നത് എന്നതാണ് യോറോറിലെ ഈ പ്രതിഭാസത്തെ വ്യത്യസ്തമാക്കുന്നത്. ആകാശത്തു നിന്ന് നേരിട്ട് വീഴുന്നതല്ല, വെള്ളപ്പൊക്കം വഴി ഒഴുകി വരുന്നതാണ് ഈ മത്‌സ്യങ്ങൾ എന്നും പറയപ്പെടുന്നുണ്ട്. ഈ പ്രതിഭാസത്തെ കുറിച്ചുള്ള അന്വേഷണം ഇനിയും അവസാനിച്ചിട്ടില്ല എന്നാണ് ഗവേഷകർ പറയുന്നത്.Content Highlights: The places on earth where it rains fish

To advertise here,contact us