ആനകളെ ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും, പ്രത്യേകിച്ചും മലയാളികൾക്കിടയിൽ. ആനകളെ കുറിച്ച് നമ്മൾക്ക് പരിചിതമല്ലാത്ത ഒരുപാട് കാര്യങ്ങളുണ്ടെന്നതാണ് വാസ്തവം. കരയിലെ ഏറ്റവും വലിയ സസ്തിനിയായ ആന അവരുടെ ബുദ്ധിയും സമൂഹവുമായുള്ള ബന്ധവുമെല്ലാം കൊണ്ടും ജീവിവർഗങ്ങളിൽ തന്നെ വേറിട്ട് നിൽക്കുന്ന മൃഗമാണ്. വലിയ ശരീരവും തുമ്പിക്കൈയും ആരെയും ഭയപ്പെടുത്തുന്ന ശബ്ദവുമൊക്ക ഉണ്ടെങ്കിലും പരസ്പരം ആശയവിനിമയം നടത്താൻ ആനകൾ ഉപയോഗിക്കുന്ന മാർഗങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും.
കൃത്യമായി പറഞ്ഞാൽ ആനകളുടെ ഫോൺ എന്ന് പറയുന്നത് അവരുടെ പാദങ്ങൾ തന്നെയാണ്. ആനകൾ അവരുടെ പാദം കൊണ്ട് ഗ്രൗണ്ടിൽ തട്ടിയാണ് ആശയവിനിമയം നടത്തുന്നത്. അത്ഭുതം തോന്നുന്നില്ലേ? അതേ ഭൂമിയെ തന്നെയാണ് അവർ 'ഫോണായി' ഉപയോഗിക്കുന്നത്. ഇനി എങ്ങനെയാണ് ഈ വ്യത്യസ്തമായ രീതിൽ ആനകൾ പരസ്പരം ആശയവിനിമയം നടത്തുന്നതെന്ന് നോക്കാം.
ഭൂമിയിലെ സീസ്മിക്ക് സിഗ്നലുകളാണ് ആനകൾ ഉപയോഗിക്കുന്നതെന്ന് ഇക്കാര്യത്തിൽ പരീക്ഷണങ്ങളും പഠനങ്ങളും നടത്തിയ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കയ്റ്റ്ലിൻ ഒ കോണൽ പറയുന്നു. ഭൂമിയിലെ ഈ വൈബ്രേഷൻ ദൂരങ്ങളിൽ നിന്നുപോലും ആശയവിനിമയം നടത്താൻ ഇവയെ സഹായിക്കുന്നുണ്ട്. എലിഫന്റ് വോയിസ്.ഒആർജിയിൽ വന്ന റിപ്പോർട്ട് പ്രകാരം ഈ ലോകത്തെ തന്നെ അവരുടെ ഫോൺ ലൈനായി ഉപയോഗിക്കുകയാണെന്ന് പറയാം.
ആനകൾ കാലുകൾ കൊണ്ട് ഉരസിയും ചവിട്ടിയും ലോ ഫ്രീക്വൻസി വൈബ്രേഷനുകൾ ഉണ്ടാക്കുകയും ഇത് ഭൂമിയിലൂടെ തുളഞ്ഞ് പോവുകയും ചെയ്യും. ഇത്തരം സീസ്മിക്ക് സിഗ്നലുകൾ നിരവധി കിലോമീറ്ററുകൾ സഞ്ചരിക്കുകയും മറ്റ് ആനകളെ ഭക്ഷണം, വെള്ളം, മറ്റ് ജീവികളിൽ നിന്നുള്ള ആക്രമണങ്ങൾ എന്നിവയുടെ അടയാളങ്ങൾ നൽകും. തുമ്പിക്കൈയിലും കാലിലുമുള്ള പ്രത്യേക സെൻസറി സെല്ലുകൾ വഴിയാണ് ഇവ ഇത്തരം വൈബ്രേഷൻ അറിയുക. കാലിലെ മൃദുലമായ പാഡ് ഇത്തരത്തിൽ സവിശേഷ ഗുണമുള്ളതാണ്. പാദങ്ങൾ പതിയെ ഉയർത്തിയും തുമ്പിക്കൈ ഭൂമിയിൽ സ്പർശിച്ചും ഇവയ്ക്ക് ഇത്തരം അടയാളങ്ങൾ മനസിലാക്കാൻ സാധിക്കും.
ചിന്നംവിളിക്കുന്നതിലൂടെയും ആശയവിനിമയം നടത്താൻ കഴിയുമെങ്കിലും ഇത് സഞ്ചരിക്കുന്ന ദൂരം കുറവായിരിക്കും അതിനാലാണ് കാലുകൊണ്ട് ഉരസിയുണ്ടാക്കുന്ന വൈബ്രേഷനുകളെ ഇവർ ഉപയോഗിക്കുന്നത്. ശരിയായ പ്രതലവും മണ്ണിലെ മികച്ച സാഹചര്യവും ഇത്തരം വൈബ്രേഷനുകൾ പത്തു മുതൽ ഇരുപത് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സഹായിക്കും. ആനകളുണ്ടാക്കുന്ന ഓരോ ശബ്ദത്തിനും ഓരോ അർത്ഥങ്ങളാണുള്ളത്. അദൃശ്യമായ പാളികൾ പോലെയാണ് ഇവയുണ്ടാക്കുന്ന വൈബ്രേഷനുകൾ. ഈ സീസ്മിക്ക് ആശയവിനിമയം മനസിലാക്കാൻ മനുഷ്യർക്ക് സാധിച്ചാൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള 'സംഘർഷങ്ങൾ'ക്കും അറുതി വന്നേനെ എന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.Content Highlights: Elephants too use 'phones', have a look on this fact