ഇന്നോ ഇന്നലെയോ ഒന്നുമല്ല.. ഇത്തിരി പിറകോട്ട് പോകാം. വർഷം 2016, കാനഡയിലെ ഗവേഷകർ അസാധാരണമായ ഒരു കാര്യം കണ്ടൊന്ന് അമ്പരന്നു. ഭൂമിയുടെ ഉപരിതലത്തിന് മൂന്ന് കിലോമീറ്റർ താഴെയായി രണ്ടു മില്യൺ വർഷങ്ങളായി ഒളിഞ്ഞിരുന്ന വെള്ളം അവർ കണ്ടെത്തി. ഒരു ഖനിക്കുള്ളിലാണ് ഭൂമിയിൽ ഇതുവരെ കണ്ടെത്തിയ വെള്ളത്തിലെ ഏറ്റവും പഴക്കമുള്ള വെള്ളമെന്ന് പറയാവുന്ന വെള്ളം കണ്ടെത്തിയത്. പ്രൊഫസർ ബാർബറ ഷേർവുഡ് ലോല്ലാർ നയിച്ച ജിയോളജിസ്റ്റുകളുടെ സംഘത്തിന് അത്ഭുതമായിരുന്നു ഈ കണ്ടുപിടുത്തം. ചെറിയ നീർക്കുഴികളിൽ കെട്ടിനിൽക്കുന്ന നിലയിലായിരുന്നില്ല, ഒഴുകുന്ന നിലയിലാണ് ഈ വെള്ളം അവർ കണ്ടെത്തിയത്. മിനിറ്റിൽ ഒരു ലിറ്ററെന്ന കണക്കിൽ ഈ വെള്ളമിങ്ങനെ പൊങ്ങിവരികയാണെന്ന് ഷെർവുഡ് പറയുന്നു.
ഈ വെള്ളത്തിൽ നടത്തിയ സൂക്ഷമ പരിശോധനയിൽ നിരവധി കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ സൂക്ഷമജീവികൾ വർഷങ്ങളായി ഈ വെള്ളത്തിൽ ഉപേക്ഷിച്ച്പോയ 'വിരൽപ്പാടുകൾ' വരെ ഗവേഷകർ കണ്ടെത്തിയെന്ന് വേണമെങ്കിൽ പറയാം. വർഷങ്ങളെടുത്ത് ഈ വെള്ളത്തിലുണ്ടായിരുന്ന ജീവികൾ നിക്ഷേപിച്ച സൾഫേറ്റ് അടക്കം ഗവേഷകർ കണ്ടെത്തി. ഇതൊരു രാത്രി കൊണ്ട് ഇവ ഉത്പാദിപ്പിച്ചതല്ലെന്ന് ഗവേഷകർ ഉറപ്പിച്ചുപറയുന്നു. സൂര്യപ്രകാശം ഏൽക്കാത്ത ഈ പ്രദേശത്ത് ജീവിവർഗങ്ങൾ അതിജീവിച്ചത് റേഡിയേഷനിലൂടെ ഉണ്ടാകുന്ന ഊർജ്ജത്തിലൂടെയാണെന്നും അവർ വ്യക്തമാക്കുന്നു.
പരിസരത്തുള്ള പാറകളും വെള്ളവും(സൂക്ഷമജീവികളുള്ള വെള്ളം) തമ്മിലുണ്ടാവുന്ന റിയാക്ഷനുകളുടെ ഭാഗമായി ഉണ്ടായ സൾഫേറ്റുകൾ കാലങ്ങളായി ഇവിടെ നിക്ഷേപിക്കപ്പെട്ടു. ഈ പ്രക്രിയ വെള്ളവും പാറയും കൂടിചേരുമ്പോഴെല്ലാം തുടർന്ന് കൊണ്ടേയിരിക്കുമെന്നും അതും ലക്ഷകണക്കിന് വർഷങ്ങൾ ഇത് ഉത്പാദിപ്പിച്ചു കൊണ്ടേയിരിക്കുമെന്നും ഗവേഷകനായ അസിസ്റ്റന്റ് പ്രൊഫസർ ലോങ് ലീ പറയുന്നു. ഈ കണ്ടെത്തൽ വഴിതെളിയിക്കുന്നത് ഭൂമിയുടെ ചരിത്രത്തിലേക്ക് മാത്രമല്ല, ഇത്തരം തീവ്രമായ പരിസ്ഥിതിയിലും ജീവൻ നിലനിൽക്കുന്നത് എങ്ങനെ എന്നതിലേക്ക് കൂടിയാണ്. മുഴുവൻ ഇരുട്ട് വീണൊരു പ്രദേശത്ത് സൂക്ഷമജീവികൾ ജീവനോടെയുണ്ടെന്ന് മനസിലാക്കാൻ സാധിച്ചതോടെ ചൊവ്വയിലും ഐസ് നിറഞ്ഞ ചന്ദ്രനിലും ജീവനുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്.
എന്തായിരിക്കും ഈ വെള്ളത്തിന്റെ രുചി എന്നതാണ് പൊതുജനങ്ങൾക്ക് അറിയാൻ ഏറെ താൽപര്യമുള്ള വിഷയമെന്നതില് തർക്കമില്ല. ഷെർവുഡ് ലോല്ലർ തന്റെ വിരലുപയോഗിച്ച് ഒരു തുള്ളി രുചിച്ച് നോക്കി. ഒരുപാട് പഴക്കം ചെന്ന വെള്ളത്തിന് നല്ല ഉപ്പുരസമാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ആ മുൻവിധി തെറ്റിയില്ല.. ഉപ്പിനൊപ്പം നല്ല കയ്പ്പുമുള്ള രുചിയായിരുന്നു ഈ വെള്ളത്തിനത്രേ. അതും കടൽവെള്ളത്തിനേക്കാൾ ഉപ്പും കയ്പ്പും കൂടുതലാണ് ഈ വെള്ളത്തിനെന്ന് ഗവേഷകർ പറയുന്നു.Content Highlights: What is the taste of two billion years old water which was found three kms beneath Earth