മകളുടെ രോഗാവസ്ഥയിലായ പോണിയെ മൃഗശാലയ്ക്ക് ദാനം നൽകിയ അമ്മയ്ക്കെതിരെ പരക്കെ വിമർശനം. ഡെൻമാർക്കിലാണ് സംഭവം. 22 വയസുള്ള ജർമൻ റൈഡിംഗ് ഹോസിനെയാണ് ആൾബോർഗ് മൃഗശാലയ്ക്ക് പെർനിൽ സോൾ എന്ന 44കാരി ദാനം ചെയ്തത്. 13കാരിയായ മകൾ ആഞ്ജലീനയുടെ പ്രിയപ്പെട്ട പോണിയുടെ പേര് ചിക്കാഗോ 57 എന്നാണ്.
കുറച്ച് കാലമായി തൊലിപ്പുറത്തുണ്ടായ എക്സിമ എന്ന രോഗത്താൽ കഷ്ടപ്പെടുകയായിരുന്നു ചിക്കാഗോ. വേനൽകാലമാകുമ്പോൾ കൊതുക് ശല്യത്തിൽ അവസ്ഥ കൂടുതൽ മോശമായി. ശരീരം മുഴുവൻ മുറിവുകളും അതിലൂടെ അണുബാധയുമുണ്ടായി. ഇത് ചിക്കാഗോയുടെ ആരോഗ്യത്തെ കൂടുതൽ പ്രശ്നത്തിലാക്കി. ജാക്കറ്റുകളും കാലുറകളും ഉപയോഗിച്ച് ചിക്കാഗോയെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടും രക്ഷയുണ്ടായില്ല. ആരോഗ്യം കൂടുതൽ വഷളായി.
2020ൽ തന്നെ ചിക്കാഗോയെ ദയാവധം ചെയ്യാനുള്ള തീരുമാനം ഉണ്ടായിരുന്നു. അസുഖം മൂർച്ഛിച്ചതോടെ ഇനി എന്താണ് ചെയ്യേണ്ടതെന്ന ചിന്ത ഉണ്ടായി. മകളോട് തന്നെ അമ്മ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ഇതോടെ കുഴിച്ചുമൂടുക അല്ലെങ്കിൽ ഗവേഷണത്തിനായി വിട്ടുകൊടുക്കുക എന്ന രീതികളെല്ലാം മനസിലൂടെ കടന്നു പോയെങ്കിലും മറ്റ് മൃഗങ്ങൾക്ക് പോണിയുടെ ശരീരം ഉപയോഗപ്രദമാകട്ടെ എന്ന ചിന്തയാണ് ആഞ്ചലീനയുടെ മനസിലുണ്ടായത്. പ്രകൃതിയുടെ തന്നെ ഭക്ഷ്യശൃംഖലയുടെ ഭാഗമാണല്ലോ എന്നാണ് അവൾ ഇതിന് വിശദീകരണം നൽകിയതും.
ഇതോടെ സോൾ പോണിയെ മൃഗശാലയെ ഏൽപ്പിച്ചു. അവർ ദയാവധം നടത്തിയതിന് പിന്നാലെ ചിക്കാഗോയെ സിംഹത്തിന് ഭക്ഷണമായി നൽകി. സോളിനെതിരെ വിമർശനം കനത്തതോടെ അവരെ പിന്തുണച്ച് മൃഗശാല അധികൃതരും രംഗത്തെത്തി. സാധാരണയായി ഇ്ത്തരത്തിലുള്ള ഡൊണേഷൻ തങ്ങൾ സ്വീകരിക്കാറുണ്ടെന്നും പലരും മുയലുകൾ, കോഴികൾ, ഗിനി പന്നികൾ എന്നിവയെ ഇത്തരത്തിൽ നൽകാറുണ്ടെന്നും അവർ പറയുന്നു.ഇവയെ എല്ലാം ദയാവധം നടത്തി സിംഹങ്ങൾ, പോളാർ ബിയറുകൾ, സുമാത്രൻ കടുവകൾ എന്നിവയ്ക്കാണ് നൽകുന്നതെന്നും അവർ വിശദീകരിക്കുന്നു.
ഇത്തരം രീതികൾ പ്രോത്സാഹിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ ചിന്താഗതിയെ തന്നെ സ്വാധീനിക്കുമെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് വിമർശകർ പറയുന്നത്.Content Highlights: Mother donate daughter's pet pony to zoo as food for predators