രാജസ്ഥാനിലെ രന്തംബോര് നാഷണൽ പാർക്കിലാണ് സംഭവം. 90 മിനിറ്റാണ് കടുവകൾ നിറഞ്ഞ കൊടുംകാട്ടിൽ വിനോദസഞ്ചാരികൾ കുടുങ്ങി പോയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ജീവൻ കൈയിൽപിടിച്ച് തള്ളിനീക്കിയ നിമിഷങ്ങൾ. കടുവ സംരക്ഷണ കേന്ദ്രത്തിലെ സോൺ ആറിലെത്തിയപ്പോൾ സഞ്ചാരികളുടെ സഫാരി കാന്ററിന് കേടുപാടുകൾ സംഭവിച്ചതാണ് ഇതിനെല്ലാം കാരണം. ഇതിനിടയിലാണ് ടൂറിസ്റ്റുകൾക്ക് വഴികാട്ടിയായി ഒപ്പം നിൽക്കേണ്ട ഗൈഡ് അവിടെ നിന്നും കടന്നു കളഞ്ഞത്.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ടൂറിസ്റ്റുകളുടെ സംഘത്തിൽ ഇരുപത് പേരാണ് ഉണ്ടായിരുന്നത്. പകുതി വഴിയിൽ വെച്ചാണ് വാഹനം പണിമുടക്കിയത്. വേറൊരു വാഹനം കൊണ്ടുവരാമെന്ന് പറഞ്ഞാണ് ഗൈഡ് അവിടെ നിന്നും പോയത്. രാത്രി ആയപ്പോഴേക്കും എല്ലാവരും ഭയന്ന് വിറയ്ക്കാൻ തുടങ്ങി. രാത്രി 7.30ഓടെയാണ് എല്ലാവരെയും തിരികെ എത്തിച്ചത്. ഗൈഡും ടൂറിസ്റ്റുകളും തമ്മിൽ ഇതിനിടയിൽ വാക്കുതർക്കങ്ങളുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന് ശേഷമാണ് വേറെ വണ്ടിയുമായി വരാമെന്ന് പറഞ്ഞ് ഇയാൾ തടിതപ്പിയത്. എന്നാൽ തിരികെ വന്നതുമില്ല.
കടുവകളുടെ സാന്നിധ്യം കൂടുതലുള്ള ഇടമാണ് സോൺ ആറ്. ഇവിടെ ഫോൺ ഫ്ളാഷ് ലൈറ്റ് വെട്ടത്തിൽ പേടിച്ച് വിറങ്ങലിച്ചിരിക്കുന്ന കുട്ടികൾ അടക്കമുള്ളവരുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ ഗൈഡിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്സ് പ്രമോദ് ധകാദ് പറഞ്ഞു.
കാന്റർ ഡ്രൈവർമാരായ കനയ്യ, ഷെഹ്സാദ് ചൗധരി, ലിഖായത്ത് അലിയും ഗൈഡ് മുകേഷ് കുമാർ ബൈർവയും അന്വേഷണം അവസാനിക്കുന്നവരെ പാർക്കിൽ പ്രവേശിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. അസിസ്റ്റന്റ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് അശ്വനി പ്രതാപ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
1411 ചതുരശ്ര കിലോമീറ്റർ നീണ്ടു കിടക്കുന്ന രന്തംബോര് നാഷണൽ പാർക്ക് ഇന്ത്യയിലെ പ്രമുഖമായ 54 കടുവസങ്കേതങ്ങളിൽ ഒന്നാണ്. പുലികൾ, സ്ലോത്തുകൾ, മുതലകൾ എന്നിവയുടെ ആവാസകേന്ദ്രമാണിത്. 2023ലെ കണക്കു പ്രകാരം ഇവിടുത്തെ കടുവകളുടെ എണ്ണം 88ആണ്.Content Highlights: Guide abandoned tourist in Tiger reserve