മനുഷ്യരെ സംബന്ധിച്ച് ജീവിതചര്യയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. കൃത്യമായ ഉറക്കം ലഭിക്കാതിരിക്കുന്നത് മാനസികാരോഗ്യത്തെയും ശരീരത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കൂടാതെ, ഒരു വ്യക്തി തുടർച്ചയായി ഏഴ് ദിവസം ഉറങ്ങാതിരുന്നാൽ മരണം പോലും സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ, ഉറക്കം ഒരു പ്രശ്നമേയല്ലാത്ത ജീവികളും നമ്മുടെ ലോകത്തുണ്ട് എന്ന കാര്യം നിങ്ങൾക്ക് അറിയാമോ? ജീവത കാലത്തിൽ ഒരിക്കലും ഉറങ്ങാത്ത ജീവികളും, ദിവസത്തിൽ വെറും ഒന്നോ, രണ്ടോ മണിക്കൂറുകൾ മാത്രം ഉറങ്ങുന്നവയുമെല്ലാം ഉണ്ട്. അത്തരത്തിൽ 'ഉറക്കക്കുറവുള്ള' ചില ജീവികളെ പരിചയപ്പെട്ടാലോ?
ഡോൾഫിൻ
24 മണിക്കൂറും വെള്ളത്തിൽ കിടക്കുന്ന ഡോൾഫിൻ ഉറങ്ങുന്നതെങ്ങനെ എന്നത് ഒരു കൗതുകമുണർത്തുന്ന കാര്യമായി തോന്നാറുണ്ടോ? എന്നാൽ മറ്റ് കടൽ ജീവികളിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ഡോൾഫിന്റെ ഉറക്കം. അതിന് കാരണം ഡോൾഫിനുകൾക്ക് ശ്വസിക്കാൻ ജലത്തിന്റെ ഉപരിതലത്തിലേക്ക് വരണം എന്നതാണ്. ഈ ഇടയ്ക്കിടെ ഉള്ള വെള്ളത്തിന് പുറത്തേക്ക് വരൽ ഡോൾഫിനുകളുടെ സുഖമായ ഉറക്കത്തെ മുറിക്കും. അതിനാൽ നമ്മെ പോലെ പൂർണമായും ഉറങ്ങാതെ തലച്ചോറിന്റെ ഒരു ഭാഗത്തെ ഉണർത്തി വയ്ക്കും. ശ്വസിക്കാനും, അപകട സാഹചര്യങ്ങളെ തരണം ചെയ്യുന്നതിനുമാണ് ഇത്തരമൊരു വിദ്യ ഡോൾഫിൻ ഉപയോഗിക്കുന്നത്.
ഉറുമ്പുകൾ
ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന നമ്മൾ പറയാറില്ലെ.. അത് വെറുതെയല്ല. സത്യത്തിൽ ഉറുമ്പുകൾ ഉറങ്ങാറില്ല. തങ്ങളുടെ ജീവിതകാലത്ത് ഒരിക്കൽ പോലും ഉറങ്ങാത്ത ജീവികളാണ് നമ്മുടെ കുഞ്ഞൻ ഉറുമ്പുകൾ. ഉറുമ്പുകൾ ഉറങ്ങാത്തതിന് പിന്നിലെ പ്രധാന കാരണം അവയുടെ തലച്ചോറിലെ ദശലക്ഷക്കണക്കിന് കോശങ്ങളാണ്. ഇത്രയധികം കോശങ്ങൾ പ്രവർത്തിക്കുന്നതിനാൽ ഒരുമിച്ചുള്ള വിശ്രമം കോശങ്ങൾക്ക് ആവശ്യമല്ല. ഭക്ഷണ സാധനങ്ങൾ സ്വരുക്കൂട്ടുന്നതിലും, അത് സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതിലുമാണ് ഉറുമ്പുകൾ ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മാത്രമല്ല, ഉറുമ്പുകൾക്ക് ചെവി ഇല്ല, എന്നാൽ അവയുടെ കാൽമുട്ടുകളിലും കാലുകളിലും ചില പ്രത്യേകതരം കോശങ്ങളുണ്ട്. അതിന്റെ സഹായത്തോടെ അവർക്ക് ചുറ്റുമുള്ള എല്ലാ വൈബ്രേഷനുകളും വളരെ എളുപ്പത്തിൽ അനുഭവിക്കാൻ കഴിയുകയും അവയിൽ തങ്ങൾക്ക് അപകടകരമായ ശബ്ദങ്ങളും അല്ലാത്തവയും വേർതിരിച്ച് അറിയാൻ സാധിക്കുകയും ചെയ്യും.
ജിറാഫ്
ദിവസത്തിൽ വെറും 4.30 മണിക്കൂറുകൾ മാത്രമാണ് ജിറാഫുകൾ ഉറങ്ങുന്നത്. എന്നാൽ, ഈ നാലര മണിക്കൂറുകൾ പോലും കൃത്യമായി, തുടർച്ചയായി ജിറാഫുകൾ ഉറങ്ങാറില്ല. ഒരു സമയത്ത് പരമാവധി 35 മിനിട്ടുകൾ മാത്രമാണ്. ഇത്തരത്തിൽ 35 മിനിട്ട് വരെ ദൈർഘ്യമുള്ള പല ഘട്ടങ്ങളായാണ് ഉറക്കം ജിറാഫുകൾ ഉറക്കം തീർക്കുന്നത്. നിന്ന് കൊണ്ടാണ് ജിറാഫുകൾ ഉറങ്ങുന്നത് എന്നത് മറ്റൊരു പ്രശസ്തമായ കാര്യമാണ്. അതിനാൽ ജിറാഫുകൾ ഉറങ്ങുകയാണോ, ഉണർന്നിരിക്കുകയാണോ എന്ന് അത്ര വേഗത്തിൽ മനസിലാക്കാനാവില്ല.
സ്രാവ്
ജലജീവികളിൽ ഉറക്കമില്ലാത്ത ജീവിയാണ് സ്രാവ്. ഇതിന് കാരണം ഇവയ്ക്ക് ഓക്സിജൻ ലഭിക്കുന്നത് വെള്ളത്തിൽ നിരന്തരം നീന്തുമ്പോഴാണ്. അതുകൊണ്ടാണ് സ്രാവ് ഒരിക്കലും മറ്റ് മൃഗങ്ങളെപ്പോലെ സുഖമായി ഉറങ്ങാറില്ലെന്നാണ് പറയുന്നത്.
Content Highlight; Animals That Stay Awake Like Insomniac Humans